Wed. Nov 6th, 2024

ദക്ഷിണാഫ്രിക്കന്‍ ടീമിനെ നയിക്കുന്ന ആദ്യ കറുത്തവര്‍ഗക്കാരനാണ് ടെംബ ബവുമ. ദക്ഷിണാഫ്രിക്കയെ ആദ്യ ലോകകിരീടത്തിലേയ്ക്ക് ബവുമയ്ക്ക നയിക്കാനാകുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ആദ്യ കറുത്തവര്‍ഗ്ഗക്കാരനായ ബാറ്റ്സ്മാന്‍, സെഞ്ചുറി നേടുന്ന താരം. 31കാരന്‍ ബവുമയുടെ ക്രിക്കറ്റ് കരിയര്‍ വളര്‍ന്നത് പ്രതിസന്ധികള്‍ മറികടന്നാണ്.

ലോകറാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണെങ്കിലും ബവുമയ അടക്കം ടീമിലെ ഏഴുപേര്‍ക്ക് ഇത് ആദ്യ ലോകകപ്പാണ്. ദക്ഷിണാഫ്രിക്കയെ റഗ്ബി ലോകകപ്പിലേയ്ക്ക് നയിച്ച ക്യാപ്റ്റന്‍ സിയ കൊലിസിയാണ് ടെംബ ബവുമയുടെ പ്രചോദനം. ക്രിക്കറ്റിലും സമാനമായ കിരീടനേട്ടം ബവുമയും ആഗ്രഹിക്കുന്നു.

ദക്ഷിണാഫ്രിക്കന്‍ ട്വന്റി20 ലീഗില്‍ ലയണ്‍സിനെ രണ്ടുതവണ കിരീടത്തിലേയ്ക്ക് നയിച്ച മികവാണ് ബഹുമയെ ഫാഫ് ഡുപ്ലിസിയുടെ പിന്‍ഗാമിയാക്കിയത്. ആദ്യമല്സരത്തില്‍ ഓസീസിനോട് പരാജയപ്പെട്ടെങ്കിലും ഇനിയുടെ മല്‍സരങ്ങളില്‍ തിരിച്ചുവരുമെന്ന് ക്യാപ്റ്റന്റെ ഉറപ്പ്. ഗ്രൂപ്പിലുള്ള ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലദേശ് ടീമുകള്‍ക്കെതിരെ സമീപകാലത്ത് പരമ്പരകള്‍ വിജയിച്ചതും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും ബവുമ. രണ്ടുതവണ സെമിഫൈനലിലെത്തിയതാണ് പ്രോട്ടിയേഴ്സിന്റെ ഇതുവരെയുള്ള മികച്ച പ്രകടനം. 2009ലും 2014ലുമാണ് ദക്ഷിണാഫ്രിക്ക ട്വന്റി 20 ലോകകപ്പ് സെമിഫൈനലിലെത്തിയത്.