Mon. Dec 23rd, 2024
കൽപ്പറ്റ:

പതിനേഴാം വയസിൽ കേരള നിയമസഭാംഗങ്ങൾക്ക് കൃഷിയിൽ ക്ലാസ്സെടുത്ത ഒരു വിദ്യാർത്ഥി കർഷകനുണ്ട് ബത്തേരിയിൽ. മാതമംഗലം ചിറക്കമ്പത്തില്ലത്ത് സൂരജ് പുരുഷോത്തമൻ. ഇപ്പോൾ വയസ്സ് 24. മണ്ണിലിറങ്ങാൻ മടികാണിക്കുന്ന യുവത്വങ്ങൾക്ക്‌ മനസ്സ് മണ്ണിലർപ്പിച്ച്‌ പുതുവഴി കാട്ടുകയാണ്‌ ഈ യുവാവ്.

കേരള കാർഷിക സർവകലാശാലയിൽ ബിഎസ് സി അഗ്രിക്കൾച്ചർ പഠനം കഴിഞ്ഞു. മുഴുവൻ സമയ ജൈവ കർഷകനാണിന്ന്‌ ഈ ചെറുപ്പക്കാരൻ. കൃഷിയെക്കുറിച്ചുള്ള സംശയനിവാരണവും നൂതന രീതികളുമായി സമൂഹ മാധ്യമങ്ങളിലും സജീവം. ചെറുപ്രായത്തിൽ തന്നെ നിരവധി അവാർഡുകളും തേടിയെത്തി.

പത്തിൽ പഠിക്കുമ്പോൾ സംസ്ഥാന കൃഷി പ്രതിഭാ പുസ്കാരം, ദേശീയ കൃഷി രത്നാ പുരസ്കാരം എന്നിവയും നേടി.2017ൽ ഡൽഹിയിൽ നടന്ന ഓർഗാനിക് വേൾഡ് കോൺഗ്രസിൽ പ്രബന്ധം അവതരിപ്പിച്ച രാജ്യത്തെ അഞ്ചു യുവ കർഷകരിൽ ഒരാളാണ്. സംസ്ഥാന സർക്കാരിന്റെ ജൈവകേരളം പദ്ധതിയുടെ അംബാസിഡറുമായി.

ഏഴുവർഷംകൊണ്ട് പൂവിടുകയും പൂവിട്ടാൽ രണ്ടുവർഷംകൊണ്ട് കായ്ക്കുകയും ചെയ്യുന്ന ‘മാമി’ പോലെ അപൂർവമായതുൾപ്പെടെ പഴവർഗങ്ങളുടെ അമ്പതിലേറെ ഇനങ്ങൾ വീട്ടുപറമ്പിലുണ്ട്. ഔഷധ സസ്യങ്ങൾ മുപ്പതിലേറെയുമുണ്ട്. താമരയുടെ പത്തിലേറെ ഇനങ്ങൾ ശേഖരത്തിലുണ്ട്. രണ്ടുമാസം മുമ്പ് വിരിഞ്ഞ സഹസ്രദള പത്മം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.