Mon. Dec 23rd, 2024
തിരുവനന്തപുരം:

തമിഴ്നാട് എതിർക്കുമ്പോൾ തന്നെ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനുളള വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയാറാക്കുന്നതിന്റെ നടപടികൾ അന്തിമഘട്ട‍ത്തിൽ. പുതിയ ഡിപിആർ ഡിസംബറിൽ സർക്കാരിന്റെയും കേന്ദ്ര ജല കമ്മിഷന്റെയും അംഗീകാരത്തിനായി കേരളം സമർപ്പിക്കും. 1,500 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

പുതിയ ഡാം നിർമിക്കുന്നതു സംബന്ധിച്ച് പരിശോധനയുമായി മുന്നോട്ടു പോകാമെന്നു സുപ്രീംകോടതി അനുമതി നൽകിയതോടെയാണ് കേരളം ഡിപിആർ തയാറാക്കൽ തുടങ്ങിയത്. നേരത്തെ തയാറാക്കിയ രൂപകൽപന(ഡിസൈൻ) പൂർണമായി മാറ്റും.പുതിയ അണക്കെട്ട് നിർമിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് സംസ്ഥാന ജലവിഭവ വകുപ്പിനു കീഴിലെ ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച് ബോർഡ്(ഐഡിആർബി) വിഭാഗമാണ്.

കേന്ദ്ര ജല കമ്മിഷന്റെ മാർഗനിർദേശങ്ങൾ കൂടി പരിഗണിച്ചാണ് ഡിപിആർ തയാറാക്കുന്നത്. പുതിയ അണക്കെട്ടിന് തമിഴ്നാട് വർഷങ്ങളായി തടസ്സം നിൽക്കുകയാണ് . കേരളം 2011ൽ ഡിപിആർ തയാറാക്കിയെങ്കിലും തമിഴ്നാടിന്റെ എതിർപ്പിനെ തുടർന്നു നിർമാണ നടപടികൾ തുടക്കത്തിലേ മുടങ്ങി. പുതിയ അണക്കെട്ടു വേണ്ടെന്നും നിലവിലുള്ളത് ബലപ്പെടുത്തിയാൽ മതിയെ‍ന്നുമുള്ള കടുത്ത നിലപാടിലാണ് തമിഴ്നാട്.