ഖാർത്തൂം:
ആഫ്രിക്കൻ രാജ്യമായ സുഡാനിൽ സൈനിക അട്ടിമറി. അട്ടിമറിക്ക് കൂട്ടുനിൽക്കാത്തതിന് പ്രധാനമന്ത്രി അബ്ദുല്ല ഹംദക്കിനെ സൈന്യം വീട്ടുതടങ്കലിലാക്കി. പിന്നാലെ ജനറൽ അബ്ദുൽ ഫത്താഹ് ബുർഹാൻ ഇടക്കാല സർക്കാറിനെയും പരമാധികാര കൗൺസിലിനെയും പിരിച്ചുവിട്ട് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാഷ്ട്രീയ വിഭാഗങ്ങൾക്കിടയിലെ ഭിന്നതമൂലം സൈന്യം ഇടപെടുകയായിരുന്നുവെന്നാണ് ബുർഹാൻ്റെ വാദം.
ഇടക്കാല സർക്കാറിലെ പ്രമുഖ നേതാക്കളും സൈന്യത്തിൻ്റെ തടവിലാണ്. തലസ്ഥാനമായ ഖാർത്തൂമിലെ ഗവർണർ അയ്മൻ ഖാലിദിനെയും അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായിരുന്ന മുൻ വിമത നേതാവ് യാസിർ അർമാനും തടവിലാണ്. രാജ്യത്തെ ഇൻറർനെറ്റ്,ഫോൺ സിഗ്നലുകൾ തകരാറിലായി.
പാലങ്ങൾ അടച്ചു. ദേശീയ വാർത്തചാനൽ ദേശഭക്തി ഗാനവും നൈൽ നദിയുടെ ദൃശ്യങ്ങളുമാണ് സംപ്രേഷണം ചെയ്യുന്നത്. സൈനിക അട്ടിമറിയിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സൈന്യം കണ്ണീർവാതകം പ്രയോഗിച്ചു. 12 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.