Wed. Nov 6th, 2024
ഭുജ്:

പാകിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന് ബിഎസ്എഫ് ജവാനെ അറസ്റ്റ് ചെയ്തു. ഭുജ് ബറ്റാലിയനില്‍ ജോലി ചെയ്യുന്ന മുഹമ്മദ് സജ്ജാദിനെയാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തി രഹസ്യവിവരങ്ങള്‍ വാട്‌സ് ആപ് വഴി കൈമാറിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഗുജറാത്ത് എടിഎസ് വ്യക്തമാക്കി. ഇയാളില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണ്‍, സിം കാര്‍ഡുകള്‍ എന്നിവയും പിടിച്ചെടുത്തു.

ഭുജിലെ ബിഎസ്എഫ് ആസ്ഥാനത്തുവെച്ചായിരുന്നു അറസ്റ്റ്. രജൗരി ജില്ലയിലെ സലോര സ്വദേശിയാണ് മുഹമ്മദ് സജ്ജാദ്. 2021 ജൂലൈയിലാണ് ഇയാളെ ഭുജ് 74 ബിഎസ്എഫ് ബറ്റാലിയനില്‍ വിന്യസിച്ചത്. 2012ലാണ് ഇയാള്‍ ബിഎസ്എഫില്‍ ചേര്‍ന്നത്. ചാരപ്രവര്‍ത്തനത്തിന് ലഭിച്ചിരുന്ന പ്രതിഫലം സഹോദരന്‍ വാജിദിന്റെയും സുഹൃത്ത് ഇഖ്ബാലിന്റെയും അക്കൗണ്ടുകളിലേക്കായിരുന്നു എത്തിയത്.

ബിഎസ്എഫിന് തെറ്റായ വ്യക്തിവിവരങ്ങളാണ് ഇയാള്‍ നല്‍കിയതെന്നും പറയുന്നു. 1985 ജനുവരി ഒന്നിനാണ് ബിഎസ്എഫിന് നല്‍കിയ ജനനതീയതി. എന്നാല്‍ പാസ്‌പോര്‍ട്ടില്‍ ഇയാള്‍ 1985 ജനുവരി 35നാണ് ജനിച്ചതെന്ന് പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും എടിഎസ് വൃത്തങ്ങള്‍ പറഞ്ഞു.