ആലത്തൂർ:
കാറ്റിൽനിന്ന് വൈദ്യുതി എന്ന ആശയം ഉടലെടുത്തപ്പോൾ പരീക്ഷണമെന്ന നിലയിൽ സംസ്ഥാനത്ത് ആദ്യമായി കാറ്റാടിയന്ത്രം സ്ഥാപിച്ച കോട്ടമല വീണ്ടും പരിഗണനയിൽ എത്തുന്നു. വാളയാർ ചുരം വഴിയെത്തുന്ന പാലക്കാടൻ കോടക്കാറ്റ് ആഞ്ഞുവീശുന്ന കുന്നിൻ മുകളാണ് കോട്ടമല. ആലത്തൂർ താലൂക്കിലെ തേങ്കുറുശ്ശി പഞ്ചായത്തിലാണ് കോട്ടമലക്കുന്ന് സ്ഥിതിചെയ്യുന്നത്.
കെ എസ്ഇ ബി തൃശൂർ സർക്കാർ ജനറേറ്റിങ് ഡെപ്യൂട്ടി ചീഫ് എൻജിനീയർ തയാറാക്കിയ 86.01 ലക്ഷത്തിെൻറ രൂപരേഖക്കാണ് സെപ്റ്റംബർ 30ന് ഭരണാനുമതി ലഭിച്ചത്. പാരമ്പര്യേതര ഊർജോല്പാദനം വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിെൻറ ഭാഗമായാണ് പദ്ധതി പുനരുജീവിപ്പിക്കുന്നത്. 100 കിലോവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാവുന്ന പുതിയ കാറ്റാടിയും ജനറേറ്ററുമാണ് സ്ഥാപിക്കുക.
95മും 19മും കിലോവാട്ട് ഉല്പാദനശേഷിയുള്ള രണ്ട് ജനറേറ്ററുകളിൽനിന്ന് വൈദ്യുതി ലഭിക്കുന്ന സംവിധാനമാണ് സ്ഥാപിച്ചിരുന്നത്.ഡെൻമാർക്കിലെ ബോണസ് കമ്പനി നിർമിച്ചതാണ് കോട്ടമലയിൽ സ്ഥാപിച്ച ആദ്യത്തെ കാറ്റാടി. പുനയിലെ ഒരു ഏജൻസിയാണ് ഇറക്കുമതി ചെയ്ത യന്ത്ര ഭാഗങ്ങൾ കോട്ടമലയിൽ കൂട്ടിയോജിപ്പിച്ചത്.
പരീക്ഷണത്തിലെ ആദ്യത്തെ പദ്ധതി ആയതുകൊണ്ട് നിസ്സാര തകരാറുകൾക്കുപോലും പൂനയിലെ കമ്പനിയിൽനിന്ന് വിദഗ്ധർ എത്തിയാണ് നന്നാക്കിയിരുന്നത്. യന്ത്ര ഭാഗങ്ങൾ സ്റ്റോക്ക് ചെയ്യാത്തതിനാൽ ഇടക്കിടെയുണ്ടാകുന്ന തകരാറുകൾ കാരണം പദ്ധതി മുന്നോട്ടുപോകുന്നതിന് തടസ്സം നേരിട്ടു. അതിനുശേഷം മറ്റ് എല്ലായിടത്തും കാറ്റാടി പാടങ്ങൾ വരെ സ്ഥാപിച്ച് വിജയകരമായി പ്രവർത്തിച്ചു വരുമ്പോഴും പരീക്ഷണ കാറ്റാടി സ്ഥാപിച്ച കോട്ടമലയെ പരിഗണിച്ചിരുന്നില്ല.