Fri. Nov 22nd, 2024
മുംബൈ:

തനിക്കെതിരെ മഹാരാഷ്ട്ര മന്ത്രിയും എൻ സി പി നേതാവുമായ നവാബ് മാലിക് ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി ആര്യൻ ഖാന്‍റെ കേസ് അന്വേഷിക്കുന്ന നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കഡെ. തന്നെ ചിലർ ലക്ഷ്യമിടുകയാണെന്നും അതിനായി മരിച്ചുപോയ അമ്മയുടെ പേരിൽ വരെ ആരോപണമുന്നയിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

സമീർ വാങ്കഡെ മുസ്​ലിമാണെന്നും ജോലിക്കായുള്ള പരീക്ഷയിൽ സംവരണം ലഭിക്കുന്നതിനായി അത് മറച്ചുവെച്ച് സർട്ടിഫിക്കറ്റ് തിരുത്തിയെന്നുമായിരുന്നു നവാബ് മാലിക്കിന്‍റെ ആരോപണം. ഇതുമായി ബന്ധപ്പെട്ടതെന്നവകാശപ്പെട്ട് രേഖകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. സമീർ ദാവൂദ് വാങ്കഡെ എന്നാണ് യഥാർഥ പേരെന്നും നവാബ് മാലിക് അവകാശപ്പെട്ടു.

ഇതിന് മറുപടിയായാണ് സമീർ വാങ്കഡെ പ്രസ്താവനയിറക്കിയത്. തന്‍റെ വ്യക്തിപരമായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് അപകീർത്തികരവും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണ്. തന്നെയും കുടുംബത്തെയും പിതാവിനെയും മരിച്ചുപോയ മാതാവിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്. മന്ത്രിയുടെ പ്രസ്താവന കുടുംബത്തെ മാനസികമായും വൈകാരികമായും സമ്മർദത്തിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.