കടുമേനി:
പൂന്തോട്ടവും പുൽമേടും കളിസ്ഥലവുമെല്ലാമൊരുക്കി വേറിട്ട കാഴ്ചയൊരുക്കുകയാണ് ഈസ്റ്റ് എളേരി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കടുമേനിയിലെ വാതക പൊതുശ്മശാനം. കാടുപിടിച്ചുകിടന്ന പഴയ ശ്മശാന ഭൂമിയെ ആധുനികവൽക്കരിച്ചു മോടി പിടിപ്പിക്കുകയായിരുന്നു പഞ്ചായത്ത് ഭരണസമിതി. ഗ്യാസ് ഉപയോഗിച്ചുള്ള ഈ ശ്മശാനത്തിൽ മിനിറ്റുകൾക്കകം മൃതദേഹം ദഹിപ്പിക്കാനാകും.
മലിനജലവും മറ്റവശിഷ്ടങ്ങളുമെല്ലാം സംസ്‌കരിക്കാനും പ്രത്യേകം സൗകര്യമുണ്ട്. ചടങ്ങിനെത്തുന്നവർക്കു വിശ്രമിക്കാനാണു ശ്മശാനത്തോടു ചേർന്നു പുൽമേടും പൂന്തോട്ടവുമെല്ലാമൊരുക്കിയത്.85 ലക്ഷം രൂപ ചെലവിട്ടാണു ശാന്തിതീരം എന്ന പേരിൽ പഞ്ചായത്ത് ഇവിടെ ശ്മശാനം നിർമിച്ചത്.
ഒരു ദിവസം 3 മണിക്കൂർ ഇടവിട്ട് 5 മൃതദേഹങ്ങൾ വരെ ഇവിടെ സംസ്കരിക്കാം. പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കു ശ്മശാനം സൗജന്യമായി ഉപയോഗിക്കാം. കൊവിഡ് ബാധിച്ചു മരിച്ചവരേയും ഇവിടെ സംസ്കരിക്കാൻ എത്തിക്കാറുണ്ട്. ശ്മശാന നടത്തിപ്പിനായി പരിശീലനം നേടിയ ജീവനക്കാരേയും പഞ്ചായത്ത് നിയമിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് ജയിംസ് പന്തമ്മാക്കൽ പറഞ്ഞു.