Wed. Jan 22nd, 2025
നെടുമ്പാശേരി:

ഇരുവഞ്ഞിപ്പുഴയിൽ നിന്ന് വെള്ളം മാത്രമല്ല, ഇനി വൈദ്യുതിയും ലഭിക്കും. കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വൈദ്യുതി ഉല്പാദന യൂണിറ്റ് നവംബർ 6ന് കമ്മിഷൻ ചെയ്യും. സിയാലിന്റെ നേതൃത്വത്തിലുള്ള ആദ്യ ജല വൈദ്യുതി ഉല്പാദന യൂണിറ്റ് ആണിത്.

സൗരോർജ വൈദ്യുതി ഉല്പാദനത്തിൽ മികവു തെളിയിച്ച ശേഷമാണ് സിയാൽ ജല വൈദ്യുത പദ്ധതികളിലേക്ക് കടക്കുന്നത്.സംസ്ഥാന വൈദ്യുതി വകുപ്പിന്റെ ചെറുകിട ജല വൈദ്യുതി ഉല്പാദന പദ്ധതി പ്രകാരമാണ് ഇതുൾപ്പെടെ ഏതാനും പദ്ധതികൾ നടപ്പാക്കാനുള്ള അനുമതി സിയാലിന് ലഭിച്ചത്. കോഴിക്കോട് ജില്ലയിലെ അരിപ്പാറയിൽ ഇരുവഞ്ഞിപ്പുഴയിലാണ് വൈദ്യുതനിലയം സ്ഥാപിച്ചിട്ടുള്ളത്.

പുതിയ ജലവൈദ്യുതി പദ്ധതി നദീ ജല പ്രവാഹത്തെ ആശ്രയിച്ചിട്ടുള്ളതാണ്. റൺ ഓഫ് ദ് റിവർ എന്നാണ് ഇത്തരം പദ്ധതികൾ അറിയപ്പെടുന്നത്. ഇതിനായി വലിയ അണ കെട്ടി വെള്ളം സംഭരിച്ച് നിർത്തേണ്ടതില്ല. പരിസ്ഥിതി ആഘാതം വളരെ കുറവ്.