റോം:
ജി- 20 നേതാക്കളുടെ ഉച്ചകോടിക്ക് ഇറ്റലി ആതിഥേയത്വം വഹിക്കും. ഒക്‌ടോബർ 30, 31 തിയതികളിൽ റോമിൽ നടക്കുന്ന ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ഇറ്റലിയുടെ അധ്യക്ഷതയിൽ നടന്ന ജി – 20 ഉന്നതതല രാജ്യാന്തര ചർച്ചാ പരമ്പരകളുടെ പരിസമാപ്തിയാണ് അടുത്തയാഴ്ച നടക്കുന്ന ഉച്ചകോടി.
കാലാവസ്ഥാ വ്യതിയാനം, കോവിഡ് -19, പകർച്ചവ്യാധിക്ക് ശേഷമുള്ള ആഗോള വീണ്ടെടുക്കൽ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാൻ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളുടെ തലവന്മാരാണ് റോമിൽ യോഗം ചേരുന്നതെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോ ദ്രാഗി പറഞ്ഞു.
ഒക്ടോബർ 31 മുതൽ നവംബർ 12 വരെ ഗ്ലാസ്‌ഗോയിൽ നടക്കുന്ന യുഎൻ COP26 കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന് തൊട്ടുമുൻപായുള്ള റോം ഉച്ചകോടിക്ക് നിർണായക പ്രാധാന്യമാണ് ലോകനേതാക്കൾ കാണുന്നത്. ഉച്ചകോടി നടക്കുന്ന റോമിലെ നുവോല കോൺഗ്രസ് സെന്ററിൽ കർശനമായ സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
സമീപത്തെ പലാസോ ഡെയ് കോൺഗ്രസ്സിലാണ് മാധ്യമപ്രവർത്തകർക്കുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.