Fri. Nov 22nd, 2024
കൊടുങ്ങല്ലൂർ:

പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് നെല്ലും മീനും വിളയിച്ചെടുക്കുന്ന സംയോജിത സമഗ്ര കൃഷി പദ്ധതി വിജയത്തിലേക്ക്.നബാർഡിന്റെ സഹായത്തോടെ എറണാകുളം, തൃശൂർ, ജില്ലകളിൽ ഫിഷറീസ് വകുപ്പിന്റെ ജലകൃഷി വികസന ഏജൻസി (അഡാക്ക്) യാണ് പദ്ധതി നടപ്പാക്കുന്നത്. 25 കോടി രൂപയാണ് കർഷകഗ്രൂപ്പുകൾക്കായി ചെലവഴിക്കുന്നത്.

കൊടുങ്ങല്ലൂർ നഗരസഭയിലും എസ്എൻ പുരം പഞ്ചായത്തിലുമായി 14 യൂണിറ്റുകൾ 70 ഹെക്ടർ സ്ഥലത്താണ് കൃഷി നടത്തുന്നത്.പൊക്കാളി നെല്ലിനങ്ങൾ ഉയർന്ന ഉപ്പ് സാന്ദ്രത, ഉയർന്ന ജലനിരപ്പ് എന്നിവയെ അതിജീവിക്കും. പൊക്കാളി ഇനങ്ങളെ കൂടാതെ വൈറ്റില നെല്ല് ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത വൈറ്റില 1 മുതൽ വൈറ്റില 11 വരെയുള്ള സങ്കരയിനം വിത്തുകളും കൃഷി ചെയ്യുന്നു.

എറണാകുളം, തൃശൂർ ജില്ലകളിലായി 66 കർഷക ഗ്രൂപ്പുകൾ ഏതാണ്ട് 350 ഹെക്ടറിലായി നെല്ലും മീനും പദ്ധതി ചെയ്തു വരുന്നു. കുറഞ്ഞത് അഞ്ച്‌ ഹെക്ടർ പാടശേഖരം അഞ്ച്‌ അംഗങ്ങൾ അടങ്ങുന്ന ഗ്രൂപ്പുകൾക്കായി തിരഞ്ഞെടുത്താണ്‌ കൃഷിയിറക്കുക. കൃഷിക്കാവശ്യമായ പമ്പ് സെറ്റ്, ഫാം ഷെഡ്, തൂമ്പു വല, തീറ്റത്തട്ടം,സോളാർ ലാമ്പ്, ചെമ്മീൻ വിത്തുകൾ, നെൽ വിത്ത്‌, ലേബർ ചാർജ് എന്നിവയ്ക്കും 80 ശതമാനം സബ്സിഡി അഡാക്ക് വഴി നൽകും.