കാസർകോട്:
പാചകവാതക വില കുതിച്ചുയർന്നുകൊണ്ടിരിക്കുമ്പോൾ ഉപയോക്താക്കൾക്ക് ആശ്വാസമാകേണ്ടിയിരുന്ന സിറ്റി ഗ്യാസ് പദ്ധതി ജില്ലയിൽ ഇപ്പോഴും തുടങ്ങിയിടത്തു തന്നെ നിൽക്കുകയാണ്. കൊച്ചി – മംഗളൂരു ഗെയ്ൽ പൈപ്പ്‌ലൈൻ പദ്ധതി പൂർത്തിയായതോടെ സിറ്റി ഗ്യാസ് പദ്ധതിക്കു ജീവൻ വച്ചെങ്കിലും കൊവിഡും തുടർച്ചയായ മഴയും കാരണം പണി ഇഴഞ്ഞു നീങ്ങുകയാണ്. ദേശീയപാത വികസനം നടക്കുന്നതിനാൽ അതിന്റെ അരികിലൂടെ പൈപ്പിടാനുള്ള പ്രായോഗിക ബുദ്ധിമുട്ടും കാസർകോട്ടേക്ക് ലൈൻ സ്ഥാപിക്കാൻ കെഎസ്ടിപി അനുമതി വൈകുന്നതും പദ്ധതിയെ പുറകോട്ടടിക്കുന്നു.
വാഹന ഉടമകൾ പ്രതീക്ഷയോടെ ഉറ്റു നോക്കിയ കംപ്രസ്ഡ് നാചുറൽ ഗ്യാസ് (സിഎൻജി) സ്റ്റേഷന്റെ സ്ഥിതിയും ഇതിൽ നിന്നൊട്ടും വ്യത്യസ്തമല്ല. 2020 ഡിസംബർ മാസത്തോടെ ജില്ലയിൽ സിഎൻജി സ്റ്റേഷനുകൾക്കു തുടക്കം കുറിക്കുമെന്ന് പദ്ധതിക്കു നേതൃത്വം നൽകുന്ന ഇന്ത്യൻ ഓയിൽ – അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് (ഐഒഎജിപിഎൽ) പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരു വർഷമാകാറായിട്ടും യാഥാർത്ഥ്യമായിട്ടില്ല.ശുദ്ധജലം എത്തിക്കുന്ന മാതൃകയിൽ വീടുകളിലേക്ക് പൈപ്പ്‌ലൈൻ വഴി പാചകവാതകം എത്തിക്കുന്നതാണു സിറ്റി ഗ്യാസ് പദ്ധതി.
അടുത്ത മാർച്ച് മാസത്തോടെ കാഞ്ഞങ്ങാട് നഗരസഭയിലെയും അജാനൂർ പഞ്ചായത്തിലെയും 700 വീടുകളിലെങ്കിലും പ്രകൃതി വാതകം (പിഎൻജി) എത്തിച്ചു ജില്ലയിൽ വിതരണം തുടങ്ങുമെന്നാണ് ഏറ്റവും ഒടുവിൽ അധികൃതർ പ്രതികരിച്ചത്. എന്നാൽ, പദ്ധതി ആരംഭിക്കുന്ന അമ്പലത്തറയിലെ വാൽവ് സ്റ്റേഷന്റെ നിർമാണം തുടങ്ങിയിട്ടില്ല. അതോടൊപ്പം തന്നെ സിഎൻജി സ്റ്റേഷനുകളും തുടങ്ങാനാണ് ഉദ്ദേശ്യം. എന്നാൽ ഇതൊക്കെ എന്നു നടക്കും എന്നാണു നാട്ടുകാർ ചോദിക്കുന്നത്.