Wed. Nov 6th, 2024
കുറവിലങ്ങാട്:

വഴിയില്ലാത്ത വിദ്യാലയം എന്ന പേരുദോഷം മാറുകയാണ് വയലാ മേടയ്ക്കൽ സ്കൂളിന്. ശതാബ്ദിയാഘോഷിച്ച് നൂറ്റാണ്ടിന്റെ ചരിത്രം പേറിയെങ്കിലും വഴിയില്ലാത്ത സ്കൂളെന്നാണ് വയലാ ഈസ്റ്റ് ഗവ എൽപി സ്കൂൾ അറിയപ്പെട്ടത്. 1915ലാണ് സ്‌കൂൾ സർക്കാർ ഏറ്റെടുത്തത്‌.

സ്‌കൂളിന്റെ തുടക്കം മേടയ്ക്കൽ ഔസേപ്പച്ചന്റെ കളപ്പുരയിലും മേടയ്ക്കൽ വീടിന്റെ രണ്ടാം നിലയിലും ആയിരുന്നെന്നാണ്‌ സ്‌കൂൾ രേഖകളിൽ. പത്ത്‌ വർഷത്തിനുശേഷം സ്കൂളിരിക്കുന്ന 75 സെന്റ്‌ സ്ഥലം സർക്കാരിന്‌ കൈമാറി. പിന്നീട്‌ വയലായിൽനിന്നും കടപ്ലാമറ്റത്തേക്ക്‌ പൊതുമരാമത്ത്‌ റോഡ്‌ വന്നു.

സ്കൂളിൽനിന്ന്‌ 205 മീറ്റർ ദൂരത്തിലൂടെ റോഡ്‌ കടന്നുപോയി. അതോടെ സ്കൂളിന്റെ മോശം ദിനങ്ങൾ ആരംഭിച്ചു. സ്കൂളിലേക്ക്‌ കുട്ടികൾക്ക്‌ വരാൻ വഴിയില്ല.

2017ൽ സ്കൂളിലേക്ക് സ്ഥലംമാറിയെത്തിയ ഹെഡ്മിട്രസ് ലിസി മാത്യൂസാണ് സ്‌കൂളിലേക്ക്‌ വഴികണ്ടെത്താൻ വേറിട്ട വഴികളിലൂടെ സഞ്ചരിച്ചത്. പൂർവ വിദ്യാർത്ഥിനിയും കോട്ടയം മെഡിക്കൽ കോളേജിലെ റിട്ട പ്രൊഫസറുമായ വയലാ വാലുതൊട്ടിയിൽ വി യു തങ്കമ്മയുടെയും സഹായത്തോടെയായിരുന്നു ബാക്കി നടപടികൾ.
തുടർന്ന്‌ 15 ലക്ഷം വിലയിട്ട വഴി 5.5 ലക്ഷത്തിന് ഉറപ്പിച്ചു.