മുംബൈ:
ഗുരുഗ്രാമില്‍ വെള്ളിയാഴ്ച്ച നമസ്‌കാരം നടത്തുന്നവര്‍ക്കെതിരെ പ്രതിഷേധിച്ച സംഘപപരിവാർ സംഘടനകളുടെ നടപടിയെ എതിർത്ത് ബോളിവുഡ് നടി സ്വര ഭാസ്കർ. ‘ഹിന്ദുവെന്ന നിലയില്‍ ലജ്ജ തോന്നുന്നു’ എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് സ്വര ട്വിറ്ററിൽ കുറിച്ചത്.
ബജ്റംഗ്ദള്‍, വി എച്ച്പി പ്രവര്‍ത്തകർ ഉൾപ്പെടുന്ന സംഘപരിവാർ പ്രവർത്തകരാണ് മൈതാനത്ത് നമസ്കരിക്കാനെത്തിയ വിശ്വാസികൾക്കുനേരേ പ്രതിഷേധവുമായി എത്തിയത്. ജയ്ശ്രീറാം മുഴക്കിയെത്തിയ സംഘം നമസ്കാര സ്ഥലത്ത് ഒച്ചയുണ്ടാക്കിയും കൂക്കിവിളിച്ചും പ്രാർഥന തടസപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
പ്രതിഷേധക്കാരെ നേരിടാൻ സ്ഥലത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നു. ഈ വീഡിയോയും സ്വര ഭാസ്കർ റീട്വീറ്റ് ചെയ്തിരുന്നു. സ്വരയുടെ പ്രതികരണം വൈറലായതോടെ ഇവർക്കെതിരേ വിദ്വേഷപ്രചരണവുമായി ഒരുവിഭാഗം രംഗത്തുവന്നു. നിരവധി തീവ്രഹിന്ദുത്വ അനുകൂല പ്രൊഫൈലുകളില്‍ നിന്ന് സ്വരയ്‌ക്കെതിരെ ട്വീറ്റുകളും വന്നുതുടങ്ങി.