Wed. Nov 6th, 2024
അടിമാലി:

കൃത്രിമ കളർ ചേർത്ത ഒന്നര ടൺ ഏലക്ക പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷ വിഭാഗത്തിന്‍റെയും സ്പൈസസ് ബോർഡിന്‍റെയും നേതൃത്വത്തിൽ രാജാക്കാട്, കുത്തുങ്കൽ മേഖലകളിൽ നടത്തിയ പരിശോധനയിലാണ് സംഭവം. ഏലക്കയുടെ നിറം വർദ്ധിപ്പിക്കുന്നതിനായി കൃത്രിമ രാസവസ്തുക്കൾ ചേർക്കുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ഏലാച്ചി എന്ന പേരിൽ സംയുക്ത പരിശോധന നടത്തിയത്.

രാജാക്കാടുള്ള ഡ്രെയറുകളിൽ നിന്ന് കളർ ചേർത്ത 100 കിലോയോളം ഏലക്ക പിടിച്ചെടുത്ത് നശിപ്പിച്ചു. ഇവരിൽ നിന്ന് ഒരു ലക്ഷം രൂപ പിഴയീടാക്കി. കുത്തുങ്കലിനു സമീപമുള്ള ഡ്രെയറിൽ നടത്തിയ പരിശോധനയിൽ കൃത്രിമ കളർ ചേർത്ത ആയിരം കിലോയിലധികം ഏലക്ക കണ്ടെത്തി.

കുത്തുങ്കലിലെ ഏലം ഡ്രെയർ നടത്തിപ്പുകാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.ഭക്ഷ്യസുരക്ഷ വിഭാഗം ഓഫിസർമാരായ എം.എൻ ഷംസിയ, ആൻമേരി ജോൺസൺ, സ്പൈസസ് ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ രങ്കനാഥൻ അയ്യർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.