ജിദ്ദ:
മക്ക, മദീന ഹറമുകളിൽ വിശ്വാസികളെ പൂർണ തോതിൽ പ്രവേശിപ്പിക്കാനുള്ള നിയമം നടപ്പായ ശേഷമുള്ള ആദ്യ ജുമുഅ നമസ്കാരത്തിൽ മക്കയിലെ മസ്ജിദുൽ ഹറാമിൽ ലക്ഷങ്ങൾ പങ്കെടുത്തു. കൊവിഡിനെ തുടർന്ന് മക്ക ഹറമിൽ പ്രവേശനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം ഭാഗികമായി നീക്കം ചെയ്ത് നിശ്ചിത ആളുകൾക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തിരുന്നു.
അതിനിടയിലാണ് ഇക്കഴിഞ്ഞ ദിവസം മുതൽ കൊവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ച് വിശ്വാസികളെ ഇരുഹറമുകളിലും പൂർണതോതിൽ പ്രവേശിപ്പിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ തീരുമാനമുണ്ടായത്. ഇതേ തുടർന്ന് ഞായറാഴ്ച മുതൽ നമസ്കാര വേളയിൽ സ്വഫുകൾക്കിടയിലെ സാമൂഹിക അകലം പാലിക്കൽ നിബന്ധന എടുത്തുകളയുകയും ഇരുഹറമുകളിലും നമസ്കാരത്തിന് പൂർണ തോതിൽ വിശ്വാസികൾക്ക് പ്രവേശനം നൽകുകയും ചെയ്തിരുന്നു.