Fri. Nov 22nd, 2024

കണ്ണൂർ:

സ്ഥാപന നടത്തിപ്പിന്റെ ഭാഗമായതായി വിജിലൻസ് കണ്ടെത്തിയ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗത്തെ സ്ഥലം മാറ്റി.കോളേജ് അധ്യാപകർ സ്വകാര്യ ട്യൂഷൻ നടത്തുന്നതായുള്ള പരാതിയെ തുടർന്നാണ് വിദ്യാഭ്യാസ ഡയറക്ടറുടെ നടപടി. ട്യൂഷൻ വിലക്കിയും സർക്കാർ-എയ്ഡഡ് കോളജുകളിലെ പ്രിൻസിപ്പൽമാർക്ക് ഇത് നിരീക്ഷിക്കുന്നതിന് നിർദേശം നൽകിയും ഡയറക്ടർ സർക്കുലർ പുറത്തിറക്കി.

അധ്യാപകർ സ്വകാര്യ ട്യൂഷൻ നടത്തുന്നുണ്ടോയെന്ന് പരിശോധിച്ച് എല്ലാ മാസവും റിപ്പോർട്ട് നൽകണമെന്നാണ് സർക്കുലറിലെ നിർദേശം.അച്ചടക്കനടപടിയുടെ ഭാഗമായി കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗവും തലശ്ശേരി ബ്രണ്ണൻ കോളേജ് അധ്യാപകനുമായ കെടി ചന്ദ്രമോഹനെ മലപ്പുറം ഗവ വനിത കോളേജിലേക്ക്സ്ഥ ലംമാറ്റി.സ്വകാര്യ ട്യൂഷൻ സ്ഥാപനത്തിന്റെ നടത്തിപ്പിൽ കെടി ചന്ദ്രമോഹൻ ഉൾപ്പെട്ടെന്ന വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇടതുപക്ഷ അധ്യാപക സംഘടനാ നേതാവായ ചന്ദ്രമോഹനെതിരെയുള്ള നടപടി വൈകുന്നതിനെതിരെ സേവ് യൂനിവേഴ്‌സിറ്റി കാംപയിൻ കമ്മിറ്റി നേരത്തെ ഗവർണർക്കടക്കം പരാതി നൽകിയിരുന്നു.