നിലമ്പൂർ:
ചെറിയ മഴ പെയ്യുമ്പോഴേക്കും അന്തർസംസ്ഥാന പാതയായ കെ എൻ ജി റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗത തടസ്സം ഉണ്ടാവുന്നത് ഒഴിവാക്കാൻ നഗരസഭയുടെ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതി ഏറെ ഗുണകരമായി.നഗരസഭയിലെ വെളിയംതോട്, ജനതപടി, ജ്യോതിപടി എന്നിവിടങ്ങളിലാണ് ചെറിയ മഴ പെയ്യുമ്പോഴേക്കും റോഡിൽ വെള്ളക്കെട്ട് ഉണ്ടായി മഴക്കാലത്ത് ഗതാഗത തടസ്സം പതിവായിരുന്നു. 2018, 2019 വർഷങ്ങളിലെ പ്രളയത്തിൽ ഇവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി കോടികളുടെ നഷ്ടമാണുണ്ടായത്.
ഒരാൾപൊക്കത്തിൽ റോഡിൽ വെള്ളം കയറുന്നതിനാൽ ഗതാഗത തടസ്സവും രൂക്ഷമായിരുന്നു. ഫയർഫോഴ്സിെൻറയും ദുരന്തനിവാരണ സേനയുടെയും ബോട്ടുകൾ ഇവിടെ ഇറക്കിയാണ് യാത്രക്കാരെ റോഡിെൻറ ഇരുഭാഗങ്ങളിലേക്കും എത്തിച്ചിരുന്നത്. ദിവസങ്ങൾ കഴിഞ്ഞാണ് അന്തർ സംസ്ഥാന പാതകളിൽ ഗതാഗതം പുനഃസ്ഥാപിക്കാനായിരുന്നുള്ളൂ. ഇതിന് പരിഹാരം തേടിയുള്ള നഗരസഭ പുതിയ ഭരണസമിതിയുടെ ആദ്യകാൽവെപ്പ് വെള്ളക്കെട്ട് പരിഹാരത്തിനായിരുന്നു.
വെള്ളപൊക്കം രൂപപ്പെടുന്ന മൂന്നിടങ്ങളിലൂടെയും കടന്നുപോവുന്ന നാലു തോടുകളും ഇവയുടെ ഏഴ് ഉപതോടുകളിലെയും കൈയേറ്റം ഒഴിവാക്കി വീതികൂട്ടി ശുചീകരിച്ച് ചാലിയാറിലേക്കുള്ള വെള്ളത്തിെൻറ അതിവേഗ ഒഴുക്ക് സാധ്യമാക്കി. ഇതോടെ റോഡിലെ വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കാനായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ത്രീവമഴയിൽ കെ എൻ ജി റോഡിൽ വെള്ളക്കെട്ട് തീരെ ഉണ്ടായില്ല. വാഹനങ്ങൾ തടസ്സമില്ലാതെ കടന്നുപോയി.