Sat. Nov 23rd, 2024
ന്യൂഡൽഹി:

വിമാനത്താവളത്തിലെ പരിശോധനയ്ക്കു കൃത്രിമക്കാൽ ഊരിമാറ്റേണ്ടി വരുന്നതിൽ പ്രതിഷേധിച്ച് നടിയും നർത്തകിയുമായ സുധാ ചന്ദ്രൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ ചർച്ചയായി. ഇതിനു പിന്നാലെ വിമാനത്താവളങ്ങളിലെ സുരക്ഷാ ചുമതല വഹിക്കുന്ന കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) ക്ഷമാപണം നടത്തി.കൃത്രിമക്കാൽ ഊരുന്നതു വേദനാജനമാണെന്നും തന്നെപ്പോലുള്ള മുതിർന്ന പൗരൻമാർക്ക് ഇത്തരം പരിശോധനകൾ ഒഴിവാക്കാൻ പ്രത്യേകം കാർഡ് നൽകണമെന്നും ഇവർ വിഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചിരുന്നു.

ഈ വിഡിയോ ഒട്ടേറെ പ്രമുഖർ പങ്കുവച്ചു. സുധാ ചന്ദ്രനുണ്ടായ അസൗകര്യത്തിൽ മാപ്പു ചോദിക്കുന്നുവെന്നും അസാധാരണ സന്ദർഭങ്ങളിൽ മാത്രമേ കൃത്രിമ അവയവങ്ങൾ ഊരി പരിശോധിക്കാവൂ എന്നാണു ചട്ടമെന്നും സിഐഎസ്എഫ് ട്വിറ്ററിൽ കുറിച്ചു.‘വനിതാ സേനാംഗം കൃത്രിമക്കാൽ ഊരിമാറ്റാൻ ആവശ്യപ്പെട്ട സാഹചര്യം എന്താണെന്നു പരിശോധിക്കും. ഇക്കാര്യത്തിലുള്ള ചട്ടങ്ങൾ സേനാംഗങ്ങളെ വീണ്ടും ഓർമിപ്പിക്കുകയും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്യും’– സിഐഎസ്എഫ് വിശദീകരിച്ചു.