Mon. Dec 23rd, 2024
മുംബൈ:

നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനു കഞ്ചാവ് എത്തിച്ചു നൽകാമെന്നു വാട്സാപ് ചാറ്റിൽ പറഞ്ഞത് സൗഹൃദ സംഭാഷണത്തിനിടയിലെ വെറും തമാശ മാത്രമാണെന്നു യുവനടി അനന്യ പാണ്ഡെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥർക്കു മൊഴി നൽകി. ആര്യൻ അറസ്റ്റിലായ ആഡംബരക്കപ്പലിലെ ലഹരിവിരുന്നു കേസുമായി ബന്ധപ്പെട്ട് അനന്യയെ രണ്ടാം ദിവസവും എൻസിബി 3 മണിക്കൂറോളം ചോദ്യം ചെയ്തു.ലഹരി ഉപയോഗിക്കുകയോ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ആര്യനുമായി ലഹരിക്കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ലെന്നും അനന്യ പറയുന്നു.

എന്നാൽ, 2018-19ൽ അനന്യ ആര്യനു ലഹരിമരുന്ന് ഇടപാടുകാരുടെ നമ്പറുകൾ നൽകിയെന്നും 3 വട്ടം ലഹരി വാങ്ങാൻ സഹായിച്ചെന്നും ചാറ്റുകളിൽ ഉണ്ടെന്നാണ് എൻസിബി അവകാശവാദം. ആര്യന്റെ ചാറ്റിൽ നിന്നുള്ള വിവരമനുസരിച്ച് 24 വയസ്സുള്ള ലഹരി ഇടപാടുകാരനെ കസ്റ്റഡിയിൽ എടുത്തതായി എൻസിബി അറിയിച്ചു. അതിനിടെ, സിനിമക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് എൻസിബി മുംബൈ മേധാവിയായ സമീർ വാങ്കെഡെയുടെ ലക്ഷ്യമെന്ന് എൻസിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക് ആരോപിച്ചു.

അവധി ചെലവഴിക്കാൻ സിനിമാതാരങ്ങൾ എത്തുന്ന ദുബായ്, മാലദ്വീപ് എന്നിവിടങ്ങളിൽ വാങ്കെഡെ കൊവിഡ് കാലത്ത് സന്ദർശനം നടത്തിയത് ഇതുദ്ദേശിച്ചാണെന്നും കുറ്റപ്പെടുത്തി. ദുബായിലെ ഹോട്ടലിൽ നിന്നുള്ള ചിത്രങ്ങളും ട്വിറ്ററിൽ പങ്കുവച്ചു. ഫോട്ടോകൾ കൃത്രിമമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും വാങ്കെഡെ അറിയിച്ചു.