Mon. Dec 23rd, 2024
കാബൂൾ:

അഫ്ഗാൻ ദേശീയ വനിതാ ടീമിന്റെ ഭാഗമായ ജൂനിയർ വോളിബോൾതാരത്തെ താലിബാൻ കഴുത്തറത്ത് കൊന്നതായി വെളിപ്പെടുത്തല്‍. ഒക്ടോബർ ആദ്യവാരം മഹജബിൻ ഹക്കിമി എന്ന താരത്തെ താലിബാന്‍ കൊലപ്പെടുത്തിയെന്ന് പരിശീലകന്‍ വിദേശ മാധ്യമത്തോട് പറഞ്ഞു.

സംഭവം പുറത്ത് പറയരുതെന്ന് യുവതിയുടെ കുടുംബാംഗങ്ങളെ താലിബാന്‍ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തി. ഗനി സർക്കാരിന്റെ തകർച്ചയ്‌ക്കുമുമ്പ്‌ കാബൂൾ മുനിസിപ്പാലിറ്റി വോളിബോൾ ക്ലബ്ബിനുവേണ്ടിയുള്‍പ്പെടെ കളിച്ചിരുന്ന ടീമിലെ അം​ഗമായിരുന്നു മഹജബിൻ. മഹജബിന്റേതെന്നു കരുതുന്ന തലയറുത്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു

അഫ്​ഗാനിസ്ഥാന്റെ നിയന്ത്രണം കഴിഞ്ഞ ആഗസ്‌തിൽ താലിബാൻ ഏറ്റെടുത്തതിനു പിന്നാലെ സ്ത്രീകൾക്കുമേല്‍ വലിയതോതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വനിതാ കായികതാരങ്ങള്‍ മിക്കവരും ഒളിവിലാണ്. ടീമിലെ രണ്ട് കളിക്കാർക്കുമാത്രമേ രാജ്യത്തുനിന്ന് രക്ഷപ്പെടാൻ കഴിഞ്ഞുള്ളൂവെന്നും മഹജബിന്റെ അവസ്ഥയറിഞ്ഞ സഹതാരങ്ങളെല്ലാം ഇപ്പോൾ ഒളിവിലാണെന്നും പരിശീലകൻ പറഞ്ഞു.