Wed. Jan 22nd, 2025

ആലുവ: എറണാകുളം ജില്ലയിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരമെന്നോണം പദ്ധതിയിട്ട ജല ശുദ്ധീകരിക്കുന്ന പ്ലാന്റ് നിർമാണം ആരംഭ ദിശയിൽ. ആറ് വർഷം മുൻപ് പദ്ധതിയിട്ട പ്ലാന്റിന്റെ നിർമാണം സ്ഥലം കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന് 2019 വരെ മുടങ്ങിക്കിടക്കുകയായിരുന്നു.  അതിനുശേഷം ആലുവ വാട്ടർ അതോറിറ്റി ഡിവിഷന് കീഴിലുള്ള സ്ഥലം ഏറ്റെടുക്കുകയും പ്രാരംഭഘട്ട പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ അനുവദിക്കുകയുമായിരുന്നു. നിലവിൽ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കായി 130 കോടി രൂപ പ്രഖ്യാപിക്കുകയും പദ്ധതിയുടെ നിർമാണ രൂപരേഖ അടക്കമുള്ള കാര്യങ്ങൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുകയുമാണ്. 300 കോടിയോളം രൂപ മുതൽമുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിർമാണ ചുമതല പെരുമ്പാവൂർ പ്രൊജക്റ്റ് ഡിവിഷനെ ആണ് ഏല്പിച്ചിരിക്കുന്നത്. 

പുതുതായി നിർമിക്കുന്ന പ്ലാന്റ് ദിവസേന 143 എംഎൽഡി (ദിവസേന 1430 ലക്ഷം ലിറ്റർ) വെള്ളം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് പൂർത്തിയാകുന്നതോടുകൂടി ജില്ലയിലെ കാലങ്ങളായുള്ള കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ എറണാകുളം ജില്ലയിൽ ആലുവയിലും മരടിലുമായി രണ്ട് കുടിവെള്ള പ്ലാന്റുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ  ആലുവയിലെ പ്ലാന്റിൽ ദിവസേന 295 എംഎൽഡിയും മരടിലെ പ്ലാന്റിൽ ദിവസേന 100 എംഎൽഡി ജലവുമാണ് ശുദ്ധീകരിക്കുന്നത്. എന്നാൽ എറണാകുളം ജില്ലയിൽ ദിവസേന 500 എം എൽ ഡി ശുദ്ധജലം ആവശ്യമായിട്ടുണ്ട്. ഈ കുറവ് പരിഹരിക്കുന്നതിനു വേണ്ടിയാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 

“ആലുവ പ്ലാന്റിന്റെ ഇൻസ്റ്റാൾഡ് കപ്പാസിറ്റി 225 എംഎൽഡി ആണ്. നമ്മുടെ റിക്വയർമെൻറ് കൊണ്ട് ഇതിൽ നിന്ന് നമ്മൾ ഏകദേശം 295 എംഎൽഡി വരെ പ്രൊഡ്യൂസ് ചെയ്യുന്നുണ്ട്. നമ്മുടെ ഇപ്പോഴത്തെ പോപ്പുലേഷൻ അനുസരിച്ച് റിക്വയർമെൻറ് മീറ്റ് ചെയ്യാൻ പറ്റാത്തതുകൊണ്ടാണ് നമ്മൾ പുതിയൊരു പ്ലാന്റിന്റെ പ്രൊപ്പോസലിലേക്ക് പോയത്. ഇപ്പോഴുള്ള പ്ലാന്റ് മാക്സിമം കപ്പാസിറ്റിയിൽ ഇട്ടാണ് നമ്മൾ ഓടിച്ചുകൊണ്ടിരിക്കുന്നത്. പുതിയ പ്ലാന്റ് വരുന്നതോടുകൂടി ഒരു ഇരുപത് മുതൽ മുപ്പത് വർഷത്തേക്കുള്ള നമ്മുടെ റിക്വയർമെന്റിനുള്ള വെള്ളം നമുക്ക് പ്രൊഡ്യൂസ് ചെയ്യാൻ കഴിയും” ആലുവ ഡിവിഷനിലെ ഉദ്യോഗസ്ഥൻ പറയുന്നു.

കൊച്ചി കോർപറേഷനിലും കളമശ്ശേരി, തൃക്കാക്കര, ഏലൂർ, ആലുവ മുനിസിപ്പാലിറ്റികളിലും എടത്തല, ചൂർണിക്കര, മുളവുകാട്, ഞാറക്കൽ, എളംകുന്നപ്പുഴ, ചെല്ലാനം, ചേരാനല്ലൂർ, വരാപ്പുഴ, എന്നീ പഞ്ചായത്തുകളിലേക്കുമാണ് ആലുവ ഡിവിഷനിൽ നിന്ന് ശുദ്ധജലം നൽകുന്നത്. പ്ലാന്റ് പൂർത്തിയാകുന്നതോടുകൂടി ഇതിൽ പല പ്രദേശങ്ങളിലേക്കും പെരിയാറിൽനിന്നു തന്നെ ജലം ശുദ്ധീകരിച്ച് ശുദ്ധജലം നൽകാൻ കഴിയും. അതുവഴി ജല ദൗർലഭ്യം നേരിടുന്ന ജില്ലയുടെ തീരദേശ മേഖലയിലും ജില്ലയുടെ ഉയർന്ന പ്രദേശങ്ങളിലേക്കും കൂടുതൽ വെള്ളമെത്തിക്കാൻ സാധിക്കും.

കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ കങ്ങരപ്പടിയിലെ കൊളോട്ടിമൂല പ്രദേശത്ത് 7 മാസത്തോളമായി വെള്ളം എത്തിയിട്ടെന്നും മുനിസിപ്പാലിറ്റിയിൽനിന്ന് ഇടയ്ക്ക് എത്തിക്കുന്ന കുടിവെള്ള ടാങ്കറിനെയും കടകളിൽ ലഭിക്കുന്ന കുടിവെള്ള ക്യാനിനെയും ആശ്രയിച്ചതാണ് ജീവിക്കുന്നതെന്നും പ്രദേശവാസികൾ പറയുന്നു. പ്രദേശത്ത് റിട്രീറ്റ് ഹോംസ് എന്ന വില്ല പദ്ധതിയിൽ താമസിക്കുന്ന ശ്യാം കുടിവെള്ള പ്രശ്നത്തെപ്പറ്റി പറയുന്നു. “കഴിഞ്ഞ ഫെബ്രുവരി പകുതി ആയപ്പോഴേക്കും വെള്ളത്തിന് പ്രശ്നം വന്നു തുടങ്ങി. പമ്പിങ് പതുക്കെ ഫ്രീക്വെൻസി കുറച്ച് ഓൾട്ടർനേറ്റ് ഡേയ്സിൽ ആക്കി പിന്നീട് പതുക്കെ കമ്പ്ലീറ്റ് സ്റ്റോപ്പ് ആക്കി. വാട്ടർ അതോറിറ്റിയിൽ കംപ്ലൈന്റ്റ് കൊടുത്തു അതുപോലെ എഎക്സ്ഇയെ വിളിച്ച് പരാതി പറഞ്ഞു പിന്നീട് വാട്ടർ അതോറിറ്റിയുടെ 1916 എന്ന വെബ്സൈറ്റിൽ കംപ്ലൈന്റ്റ് രജിസ്റ്റർ ചെയ്തു പക്ഷെ ഇതുവരെ ഒരു പരിഹാരവുമില്ല. കയറ്റമാണ് പമ്പിങിന് പ്രശ്നമുണ്ട് എന്നൊക്കെയാണ് അവർ പറയുന്നത്.”

പശ്ചിമ കൊച്ചിയിലെ ആളുകൾ തിങ്ങിപ്പാർക്കുന്ന ഫോർട്ട് കൊച്ചി തുരുത്തിയിൽ അനേകം കുടുംബങ്ങൾ വർഷങ്ങളായി ശുദ്ധജല ടാങ്കറുകളിൽ എത്തുന്ന വെള്ളത്തെ ആശ്രയിച്ചതാണ് കഴിയുന്നത്. വർഷങ്ങളായി അനുഭവിക്കുന്ന ബുദ്ധിമുട്ടിനെപ്പറ്റി പ്രദേശവാസിയായ ഉബൈദ് പറയുന്നു. “പത്ത് പതിനേഴ് വർഷമായി ഞാൻ ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട്. വെള്ളത്തിനു ഭയങ്കര ബുദ്ധിമുട്ടാണ്. ഇവിടെ വെള്ളം വണ്ടിയിൽ ആഴ്ചയിൽ ഒരു ദിവസമാണ് ഇപ്പൊ വരുന്നത്. അത് ഡ്രമ്മിലൊക്കെ പിടിച്ചുവച്ച് ഉപയോഗിക്കും. ഈ പ്രദേശത്തേക്ക് പൈപ്പിൽ വെള്ളം വരുന്നില്ല ബാക്കി എല്ലാവർക്കും വെള്ളം വരുന്നുണ്ട്.”

ആലുവ പ ജംഗ്ഷനിലെ വാട്ടർ അതോറിറ്റി ക്വാർട്ടേഴ്‌സ് ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുത്തിരിക്കുന്നത്. പഴയ ക്വാർട്ടേഴ്‌സ് കെട്ടിടങ്ങൾ പൊളിക്കുന്നതിനു മുന്നോടിയായി ടൗൺ ഹാളിനു സമീപത്തായി പുതിയ ക്വാർട്ടേഴ്‌സ് കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനവും ആരംഭിച്ചു കഴിഞ്ഞു. “നിർമാണം പുരോഗമിക്കുമ്പോൾ പദ്ധതിക്ക് ആവശ്യമായ ബാക്കി തുക സർക്കാർ നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ടെൻഡർ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും ജോലി ആരംഭിക്കുന്നതിനും കുറഞ്ഞത് മൂന്ന് മാസമെങ്കിലും എടുക്കും. നിർമാണം ആരംഭിച്ചാൽ, ഒന്നര വർഷത്തിനുള്ളിൽ പ്ലാന്റ് പൂർത്തിയാക്കാൻ കഴിയും.” വാട്ടർ അതോറിറ്റിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

Instagram will load in the frontend.