Wed. Nov 6th, 2024
കൊല്ലം:

ഓട്ടത്തിനിടെ ചാർജ്‌ തീർന്ന്‌ വഴിയിൽ പെട്ടുപോകുമെന്ന ആശങ്ക വേണ്ട. വൈദ്യുതി വാഹനങ്ങൾക്കുള്ള ചാർജിങ്‌ സ്റ്റേഷൻ നിർമാണം ചിന്നക്കടയിൽ പൂർത്തിയായി. സൗരോർജത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്ത ആദ്യ ചാർജിങ്‌ സ്റ്റേഷൻ കൊല്ലം കോർപറേഷന്റെ നേതൃത്വത്തിൽ തങ്കപ്പൻ സ്മാരക കോർപറേഷൻ കെട്ടിടത്തിനോട്‌ ചേർന്ന പാർക്കിങ്‌ സ്ഥലത്താണ്‌ സ്ഥാപിച്ചിട്ടുള്ളത്‌.

മേൽക്കൂരയിൽ ആറു കിലോ വാട്ടിന്റെ 18 പാനലുകൾ സ്ഥാപിച്ചാണ്‌ സൗരോർജ ഉല്പ്പാദനം. പ്രതിദിനം 25 യൂണിറ്റ് ഉല്പ്പാദിപ്പിക്കുന്ന ഇവിടെനിന്ന്‌ കെഎസ്‌ഇബിയുടെ ഗ്രിഡിലേക്ക്‌ വൈദ്യുതി കൈമാറുന്നതിനാൽ ഇരട്ടി വരുമാനവും ഉറപ്പ്‌. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് അനുവദിച്ച 6.74 ലക്ഷം വിനിയോഗിച്ചാണ്‌ സജ്ജമാക്കിയത്‌.

ടികെഎം എൻജിനിയറിങ്‌ കോളേജിലെ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്‌ വിഭാഗത്തിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയ സ്റ്റേഷനിൽ കെഎസ്‌ഇബി വൈദ്യുതി ഉപയോഗിച്ച്‌ ചാർജ്‌ ചെയ്യാനുള്ള പോയിന്റുകളും ലഭ്യമാണ്‌. 3.3 കിലോവാട്ട് വരെ പവർ കപ്പാസിറ്റിയുള്ള മൂന്നു വാഹനങ്ങൾക്ക്‌ ഒരേസമയം ചാർജ് ചെയ്യാം. സ്ലോ ചാർജ് സംവിധാനമാണ്.

മൊബൈൽ ആപ്‌ വഴിയാണ് പ്രവർത്തനം. പണവും ഓൺലൈനായി അടയ്ക്കാം. ആപ്പിൽ കയറിയാൽ ലൊക്കേഷനും ലഭ്യമാകും. സൗരോർജത്തിൽ നിന്നുള്ള വൈദ്യുതിയായതിനാൽ നിരക്കും കുറയും.