Mon. Dec 23rd, 2024
പനമരം:

പ്രകൃതിക്കു ദോഷകരമായ പ്ലാസ്റ്റിക് നിരോധിക്കാനുള്ള തയാറെടുപ്പുകൾക്കിടെ പ്ലാസ്റ്റിക്കിനു പകരമായി ബയോപ്ലാസ്റ്റിക് ക്യാരി ബാഗുമായി യുവാവ് . നടവയൽ ചിറപ്പുറം നീരജ് ഡേവിഡാണ് 180 ദിവസത്തിനുള്ളിൽ മണ്ണിൽ അലിഞ്ഞു ചേരുന്ന ക്യാരി ബാഗുമായി വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത്. ചോളത്തിന്റെ അസംസ്കൃത വസ്തു ഉപയോഗിച്ചാണ് ബയോ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിർമിക്കുന്നത്.

പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയിലുള്ള ക്യാരി ബാഗ് നിർമാണത്തിനായി പിഎംഇജിപിയുടെ സഹായത്തോടെ ലക്ഷങ്ങൾ മുടക്കി ആഡ് ഗ്രീൻ പ്രോജക്ട് എന്ന പേരിൽ ബയോ പ്ലാസ്റ്റിക് ക്യാരി ബാഗ് ഫാക്ടറി നടവയൽ കായക്കുന്നിൽ പ്രവർത്തനം ആരംഭിച്ചു.പ്ലാസ്റ്റിക് നിരോധിച്ചാൽ പകരം എന്തെന്ന ചിന്ത ഒരു വർഷം മുൻപാണ് നീരജിന്റെ മനസ്സിൽ കയറിക്കൂടിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് ഇത്തരമൊരു പദ്ധതിയുണ്ടെന്നു മനസ്സിലാക്കിയത്.

തുടർന്ന് ഇത് പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങളായി. കഴിഞ്ഞ ദിവസം ഫാക്ടറിയിൽ വൈദ്യുതി ലഭിച്ചതോടെ നിർമാണം തുടങ്ങി. സാധാരണ കണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകളുടെ അതെ രൂപവും ഗുണവുമാണ് ഇവയ്ക്കുള്ളത്. കത്തിച്ചാൽ കടലാസ്സു പോലെ കത്തുകയും ചെയ്യും. പ്ലാസ്റ്റിക്കിനെതിരായ പോരാട്ടത്തിനിറങ്ങിത്തിരിച്ച നീരജിന് പൂർണ പിന്തുണയുമായി സഹോദരൻ നിഖിലും പിതാവ് ഡേവിഡും കൂടെയുണ്ട്.