കൊണ്ടോട്ടി:
വ്യാജ പുരാവസ്തുക്കൾ കളം നിറയുന്ന കാലത്ത് കാഴ്ചയുടെ കൗതുകം നിറക്കുകയാണ് കൊണ്ടോട്ടി വൈദ്യർ അക്കാദമി മ്യൂസിയം. മ്യൂസിയത്തിനകത്ത് കടന്നാൽ കാഴ്ചക്കാരുടെ ഓർമകൾ വർഷങ്ങൾ പിന്നോട്ട് സഞ്ചരിക്കും. പൂർവികരുടെ ജീവിതത്തെ അടയാളപ്പെടുത്തിയ ഒരുപിടി പുരാവസ്തുക്കൾ കണ്ടിറങ്ങാം.
പുരാവസ്തു വകുപ്പ് പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയവയെന്ന് അക്കാദമിയുടെ ഉറപ്പ്.പുതുതലമുറക്ക് അന്യമായ പഴയ കാർഷിക സംസ്കൃതിയുടെ ഭാഗമായ നുകം, പറ, ഏത്തക്കൊട്ട, പോസ്റ്റ് ഓഫിസ് ത്രാസുകൾ, വിവിധതരം തിലാൻ, താളിയോലകൾ, ടൈപ്റൈറ്റർ, റെയിൽവേ റാന്തൽ, ആദ്യകാലത്തെ കാമറ, വാൽവ് റേഡിയോ, വിവിധ രാജ്യങ്ങളിലെ നാണയങ്ങൾ, സുറുമച്ചെപ്പ്, വാദ്യോപകരണങ്ങൾ, ആയുധങ്ങൾ തുടങ്ങി വർഷങ്ങൾ പഴക്കമുള്ള ഒട്ടനവധി പുരാവസ്തുക്കളാണ് മ്യൂസിയത്തിലുള്ളത്.ചരിത്ര വിദ്യാർത്ഥികൾക്കടക്കം ഏറെ ഗുണം ചെയ്യുന്ന വിവിധ ഗ്രന്ഥങ്ങളും ഇവിടെയുണ്ട്.
മരിച്ച ലോക സഞ്ചാരി മൊയ്തു കിഴിശ്ശേരി മുപ്പതോളം രാജ്യങ്ങളിൽനിന്നും സ്വദേശത്തുനിന്നും ശേഖരിച്ചവയാണ് അക്കാദമി മ്യൂസിയത്തിലുള്ളത്. 65 ലക്ഷം രൂപ നൽകിയാണ് ഇവ സ്വന്തമാക്കിയത്. ഇതിന് പുറമെ 1921ലെ മലബാർ സമരത്തിെൻറ നേർചിത്രങ്ങളും മ്യൂസിയത്തിലുണ്ട്. ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്തവരെ വിട്ടുകിട്ടാൻ ആലി മുസ്ലിയാരും അനുയായികളും നിരായുധരായി പട്ടാളത്തിന് മുന്നിൽ നിൽക്കുന്നതും ആലി മുസ്ലിയാരെ ജയിലിലേക്ക് കൊണ്ടുപോകുന്നതും ഉൾപ്പെടെ സമരത്തിെൻറ സംഭവബഹുലമായ ചരിത്രം ഓർമിപ്പിക്കുന്ന നൂറോളം ചിത്രങ്ങളാണ് അക്കാദമി ഗാലറിയിലുള്ളത്.