Sat. Jan 18th, 2025
പാറശാല:

അമിത ശബ്ദം പുറന്തള്ളുന്ന സൈലൻസർ ഘടിപ്പിച്ച രണ്ട് കാറുകൾ മോട്ടർ വാഹന വകുപ്പ് അധികൃതർ പിടികൂടി പിഴയിട്ടു. ശബ്ദം നിയന്ത്രിക്കാൻ കഴിയുന്ന 25000 രൂപ വരെ വിലവരുന്ന വിദേശ നിർമിത സൈലൻസർ ആണ് കാറുകളിൽ കണ്ടെത്തിയത്. സ്വിച്ച് ഉപയോഗിച്ചാണ് ശബ്ദം ക്രമീകരിച്ചിരുന്നത്.

ഇന്നലെ രാവിലെ ദേശീയപാതയിൽ കുറുങ്കുട്ടിക്ക് സമീപം അമിത ശബ്ദം പുറപ്പെടുവിച്ച് എത്തിയ കാറിനെ പിന്തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് സമീപത്തെ വർക് ഷോപ്പിൽ പണിക്ക് എത്തിച്ച സമാന രീതിയിൽ സൈലൻസർ ഉള്ള മറ്റെ‍ാരു കാറും കണ്ടെത്തിയത്. കേൾവി ശക്തിക്ക് വരെ ഭീഷണി ഉയർത്തുന്ന ശബ്ദം പുറപ്പെടുവിക്കുന്ന രീതിയിൽ പെട്ടതാണ് രണ്ട് കാറുകളിലും ഫിറ്റ് ചെയ്തിരുന്നത്.

വാഹനങ്ങൾക്ക് ആറായിരം രൂപ വീതം പിഴയിട്ടു. പിടിയിലായ ഒരു കാറിന്റെ ഉടമസ്ഥ രേഖകൾ വിൽപന നടത്തി 18 വർഷം കഴിഞ്ഞിട്ടും മാറ്റാത്തതിനാൽ മുൻ ഉടമ നൽകിയ പരാതി പ്രകാരം വിട്ടു നൽകിയില്ല. വാഹന രേഖകളിലെ മേൽവിലാസത്തിൽ ബന്ധപ്പെട്ടപ്പോൾ ആണ് ഇതുവരെ പേരു മാറാത്ത വിവരം അറിയുന്നത്.

രൂപമാറ്റം വരുത്തിയത് മാറ്റി സാധാരണ സൈലൻസർ ഘടിപ്പിച്ച് ആണ് വാഹനം വിട്ടു നൽകിയത്. വാഹനങ്ങളിലെ ചട്ടലംഘനങ്ങൾ കണ്ടെത്താൻ മോട്ടർ വാഹന വകുപ്പ് നടത്തുന്ന ഓപ്പറേഷൻ റാഷിന്റെ ഭാഗമായി പാറശാല ജോ ആർടി ഒ‍ാഫീസിലെ എം വി പ്രജീഷ്, എഎംവിമാരായ രാജേഷ്ബാബു, പ്രവീൺ എന്നിവർ ആണ് വാഹനങ്ങൾ പിടികൂടിയത്.