ചെറുവത്തൂർ:
അന്യമാകുന്ന നാട്ടറിവുകൾ തേടിയുളള യാത്രയിലാണ് പിലിക്കോട് ചുരിക നാടൻ കലാസംഘത്തിലെ ചെറുപ്പക്കാർ. തനത് നാടൻ പാട്ടുകളും നാട്ടുകളികളും മൺമറഞ്ഞു പോകുന്ന കലാരൂപങ്ങളും കണ്ടെത്തി പുതുതലമുറയ്ക്ക് മുന്നിലെത്തിക്കുകയാണവർ. മൂന്നു മണിക്കൂറിൽ എല്ലാം കോർത്തിണക്കി കനലാട്ടം എന്ന പേരിൽ മുപ്പത് കലാകാരന്മാർ ചേർന്നു നാടൻകലാമേള അവതരിപ്പിക്കും.
അനുഷ്ഠാന കലാരൂപങ്ങളായ കരിങ്കാളിയാട്ടം, പന്തക്കാളി, മംഗലംകളി, അലാമികളി, മറയൂരാട്ടം തുടങ്ങിയ നാടൻ കലകളാണ് പരിചയപ്പെടുത്തുന്നത്. പഴയക്കാലത്ത് ബാധയൊഴിപ്പിക്കാൻ വീടുകളിൽ നടത്തിയിരുന്ന കളംപാട്ടിനെ അടിസ്ഥാനമാക്കി ചുരിക ഒരുക്കിയ രുദ്രകാളി എന്ന കലാരൂപവും ശ്രദ്ധനേടി. 15നും മുപ്പതിനുമിടയിൽ പ്രായമുളളവരാണ് സംഘത്തിലുള്ളത്.
പരിപാടികളിൽ നിന്നും ലഭിക്കുന്ന വരുമാനം ചുരിക സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി കാരുണ്യ പ്രവർത്തനങ്ങൾക്കും നാടൻ കലകളുടെ സംരക്ഷണത്തിനുമായി ഉപയോഗിക്കും. നാടൻകലാ പ്രവർത്തകനായിരുന്ന വി കുഞ്ഞിരാമൻ വൈദ്യരുടെ സ്മരണയ്ക്കായി ചുരിക പുരസ്‌കാരവും ഏർപ്പെടുത്തിയിട്ടുണ്ട്. എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ ചുരിക പബ്ളിക്കേഷൻസുമുണ്ട്. പരമ്പരാഗത വടക്കൻപാട്ടുകൾ, നാട്ടിപ്പാട്ടുകൾ, കൃഷിപ്പാട്ടുകൾ എന്നിവ പുസ്തകമാക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ ഇവർ.