ഗൂഡല്ലൂർ:
നരഭോജി കടുവയെ പിടികൂടാനുള്ള തിരച്ചിൽ പതിനൊന്നാം ദിവസം പിന്നിട്ടു. കൊല്ലരുതെന്നും മയക്കുവെടിവെച്ച് ജീവനോടെ പിടികൂടണമെന്നുമാവശ്യപ്പെട്ട് ചെന്നൈ ഹൈകോടതിയിൽ പൊതു താൽപര്യ ഹർജി നൽകിയതോടെ കോടതിയും ഇതംഗീകരിച്ച് ഉത്തരവിട്ടിരിക്കുകയാ ഇതോടെ നേരിട്ട് കണ്ടാൽപോലും വെടിവെച്ചിടാൻ പറ്റാത്ത സ്ഥിതിയായി.
മസിനഗുഡി ഭാഗത്തുതന്നെ കടുവയുണ്ടെന്നാണ് വനപാലകർ പറയുന്നത്. ചൊവ്വാഴ്ച രാവിലെ ശിങ്കാര പവർഹൗസ് റോഡിൽ ടൂറിസ്റ്റ് ഡ്രൈവർമാർ കടുവയെ കണ്ടതായി പറഞ്ഞു. മങ്കളബസുവനെ കൊന്ന കൽക്കോരി ഭാഗത്തും പരിസരങ്ങളിലും കന്നുകാലികളെ മേയ്ക്കാൻ അനുവദിച്ചിരിക്കുകയാണ്.
കന്നുകാലികളെ കണ്ടാൽ കടുവ എത്തുമെന്ന് കണ്ടാണ് കൂട്ടത്തോടെ മേയ്ച്ചിലിന് വിട്ടിരിക്കുന്നത്. ശിങ്കാര, പൈക്കാറ, മസിനഗുഡി, ബൊക്കാപുരം ഉൾപ്പെടെ ഭാഗങ്ങളിലെല്ലാം വനപാലകസംഘത്തെ നിർത്തിയിരിക്കുകയാണ്. പട്രോളിങ് സംഘം റോന്തുചുറ്റുന്നുണ്ട്. ഇവർക്കൊപ്പം സന്നദ്ധ സംഘടന പ്രതിനിധികളുമുണ്ട്.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശേഖർ നീരജ് കുമാർ, മുതുമല ഫീൽഡ് ഡയറക്ടർ വെങ്കിടേഷ് എന്നിവർ നേതൃത്വം വഹിക്കുന്നു. എ ഡി എസ് പി മോഹൻ നവാസിൻറെ നേതൃത്വത്തിലുള്ള എസ്ടിഎഫ് സംഘം ഒഴികെ മറ്റ് പൊലീസ്, വയനാട് ആർ ആർ ടീം തൽക്കാലം തിരച്ചിൽ സംഘത്തിൽ ഇല്ല. ഇടക്കിടെ മഴ പെയ്യുന്നതും തടസ്സമായി.