പിറവം: വെള്ളക്കെട്ടുമൂലം ദുരിതത്തിലായി പിറവം നഗരസഭ പൊതു മാർക്കറ്റിലെ വ്യാപാരികൾ. ചെറിയൊരു മഴ പെയ്താൽ പോലും വെള്ളക്കെട്ട് രൂപപ്പെടുന്നതുമൂലം മാർക്കറ്റിൽ വ്യാപാരം നടത്താൻ കഴിയാത്ത അവസ്ഥയിലാണ് വ്യാപാരികൾ. നിർമാണത്തിലെ അശാസ്ത്രീയതയും വെള്ളം ഒഴുകിപ്പോകാൻ വേണ്ടി കാന പോലെയുള്ള സംവിധാനങ്ങളും ഇല്ലാത്തതാണ് നഗരത്തിലെ വലിയൊരു വിഭാഗം വ്യാപാരികളേയും ദുരിതത്തിലാക്കിയിരിക്കുന്നത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അടക്കം പ്രവർത്തിക്കുന്ന ഈ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അധികാരികളുടെ ഭാഗത്തു നിന്ന് ഒരു നീക്കവും നാളിതുവരെ നടത്തിയിട്ടില്ലെന്നാണ് വ്യാപാരികളുടെ പരാതി.
2012 ഇത് നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിൽ മുപ്പതോളം വ്യാപാര സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. മൂന്നു നിലകളുള്ള കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നില റോഡ് തലത്തിൽ നിന്നും വളരെ താഴ്ന്നാണ് ഇരിക്കുന്നത്. ഇതുമൂലം മഴ പെയ്യുമ്പോൾ റോഡിൽ നിന്നടക്കം വെള്ളം ഒഴുകിയെത്തി കെട്ടിടത്തിന്റെ മുൻവശം നടക്കാൻ യോഗ്യമല്ലാതെയാവുന്നു. മാലിന്യ സംസ്കരണ പ്ലാന്റ് അടക്കം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൊതു മാർക്കറ്റ് വിഭാവനം ചെയ്തതെങ്കിലും ലക്ഷങ്ങൾ മുടക്കി നിർമിച്ച പ്ലാന്റ് പ്രവർത്തന രഹിതമായി കിടക്കുകയാണ്. അതിനാൽ വെള്ളക്കെട്ട് രൂപപ്പെടുമ്പോൾ മാലിന്യങ്ങൾ വെള്ളത്തിൽ കലരുകയും അതുമൂലം അനേകം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
കെട്ടിടത്തിന്റെ പിൻഭാഗത്തായി മത്സ്യ വ്യാപാരം നടത്തുന്നവർക്ക് പകൽ വൈദ്യുതി നിലച്ചാൽ അല്പം പോലും വെളിച്ചം ലഭിക്കാത്ത സ്ഥിതിയാണുള്ളത്. കൂടാതെ മേൽക്കൂര ചോർന്നൊലിക്കുന്നതിനാലും കെട്ടിടത്തിലെ ശുചിമുറി മാലിന്യ പൈപ്പുകൾ ചോരുന്നതിനാലും വൃത്തിഹീനമായ സാഹചര്യത്തിലിരുന്നാണ് അവർ വ്യാപാരം നടത്തുന്നത്. ആളുകൾ മാർക്കറ്റിനകത്തേക്ക് പ്രവേശിക്കാൻ മടി കാണിക്കുന്നതിനാൽ കച്ചവടം മാർക്കറ്റിനു പുറത്തേക്ക് മാറ്റുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു.