മാനന്തവാടി :
ജില്ലയിൽ ബുധനാഴ്ച മുതൽ കുഞ്ഞുങ്ങൾക്കായി പുതിയൊരു വാക്സിനേഷൻ ആരംഭിക്കുന്നു. യൂനിവേഴ്സൽ ഇമ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി പുതുതായി ഉൾപ്പെടുത്തിയ ന്യൂമോ കോക്കൽ കൺജുഗേറ്റ് വാക്സിൻ (പിസി വി) ആണ് ബുധനാഴ്ച മുതൽ നൽകിത്തുടങ്ങുന്നത്. ന്യൂമോ കോക്കൽ രോഗത്തിനെതിരെ ഒന്നരമാസം പ്രായമുള്ള എല്ലാ കുട്ടികൾക്കും പിസിവി നൽകണം.
കുഞ്ഞിന് ഒന്നരമാസത്തില് മറ്റ് വാക്സിൻ എടുക്കാനുള്ള സമയത്തുമാത്രം പി സി വി നൽകിയാൽ മതി. വാക്സിൻറെ ആദ്യഡോസ് എടുക്കാനുള്ള ഉയർന്ന പ്രായപരിധി ഒരുവയസ്സാണ്. ഒന്നരമാസത്തെ ആദ്യ ഡോസിനു ശേഷം മൂന്നരമാസം, ഒമ്പതു മാസം എന്നിങ്ങനെയാണ് വാക്സിൻ നൽകുന്നത്.
സ്ട്രെപ്റ്റോ കോക്കസ് ന്യൂമോണിയ അഥവാ ന്യുമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരു കൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കൽ രോഗം എന്നു വിളിക്കുന്നത് . ന്യൂമോ കോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിഞ്ചൈറ്റിസ് എന്നിവയിൽനിന്നും കുഞ്ഞുങ്ങൾക്ക് വാക്സിൻ സംരക്ഷണം നൽകും. ഈ രോഗാണു ശരീരത്തിെൻറ പല ഭാഗങ്ങളിലായി വ്യാപിച്ചു പല തരത്തിലുള്ള രോഗങ്ങൾ ഉണ്ടാകാം.
ഗുരുതര ശ്വാസകോശ അണുബാധയുടെ ഒരു രൂപമാണ് ന്യൂമോകോക്കൽ ന്യൂമോണിയ. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണത്തിനുള്ള പ്രധാന കാരണം ന്യൂമോ കോക്കൽ ന്യൂമോണിയ ആെണന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഈ രോഗബാധ കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയും ഉണ്ടാക്കും.
ചുമ, കഫക്കെട്ട്, ശ്വാസമെടുക്കാൻ പ്രയാസം, പനി, ശ്വാസംമുട്ടൽ, നെഞ്ചുവേദന എന്നിവയാണ് രോഗലക്ഷണങ്ങൾ. കുട്ടികൾക്ക് അസുഖം കൂടുതലാണെങ്കിൽ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട് വന്നേക്കാം. ഒപ്പം ഹൃദയാഘാതമുണ്ടാകാനോ അബോധാവസ്ഥയിലേക്ക് പോകാനോ മരണമടയാനോ സാധ്യതയുണ്ട്.
യൂനിവേഴ്സൽ ഇമ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി രാജ്യത്ത് പി സി വി വാക്സിനേഷൻ സൗജന്യമാണ്. സ്വകാര്യആശുപത്രികളിൽ 2000 രൂപ വരെ വിലയുള്ള വാക്സിൻ ആണ് സർക്കാർ ആശുപത്രികളിൽ സൗജന്യമായി നൽകുന്നത് .
മെഡിക്കൽ ഓഫിസർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമുള്ള വിദഗ്ധ പരിശീലനത്തിന് ശേഷമാണ് ജില്ലയിൽ വാക്സിനേഷൻ ആരംഭിക്കുന്നത്. പി സി വി വാക്സിനേഷൻറെ ജില്ലതല ഉദ്ഘാടനം കൽപറ്റ ജനറൽ ആശുപത്രിയിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ നിർവഹിക്കുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) അറിയിച്ചു. മുഴുവൻ രക്ഷാകർത്താക്കളും കുഞ്ഞുങ്ങൾക്ക് വാക്സിൻ നൽകണമെന്നും അഭ്യർത്ഥിച്ചു.