Fri. Nov 22nd, 2024
കാസർകോട്:

ഒരു കോടിയിലേറെ രൂപ ചെലവിട്ടുള്ള ചെമ്പരിക്ക ബീച്ച് വികസന പദ്ധതി അനിശ്ചിതത്വത്തിൽ. റവന്യു വകുപ്പ് ടൂറിസം വകുപ്പിനു കൈമാറിയ 50 സെന്റ് സ്ഥലത്ത് ആധുനിക നിലയിലുള്ള ശുചിമുറി സമുച്ചയം, മാലിന്യ നിക്ഷേപ–സംസ്കരണ ബിൻ എന്നിവ സ്ഥാപിക്കുന്നതിനു തടസ്സം നേരിട്ടതാണു കാരണം. 100 വർഷമായി കൃഷി ചെയ്യുന്നതും കൈവശം ഉള്ളതുമായ സ്ഥലമാണെന്നവകാശപ്പെട്ടു സമീപത്തെ വീട്ടുടമയുടെ എതിർപ്പാണ് ഇപ്പോൾ തടസ്സമായത്.

5 മീറ്റർ നീളത്തിലും 4 മീറ്റർ വീതിയിലുമാണു പരിസ്ഥിതി സൗഹൃദ മാലിന്യ നിക്ഷേപ സംസ്കരണ ബിൻ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നത്. ഇതു സ്ഥാപിക്കുന്നതിനു നിർമാണ ഏജൻസി അധികൃതർ സ്ഥലം പരിശോധിക്കാൻ എത്തിയപ്പോഴാണു തടസ്സം ഉന്നയിച്ചത്. രണ്ടേകാൽ ലക്ഷത്തോളം രൂപ ചെലവുള്ള ബിൻ വഴി സംസ്കരിക്കുന്ന അഴുകിയ മാലിന്യങ്ങൾ പച്ചക്കറിക്കു വളമായി ഉപയോഗിക്കാം.

ഭിന്നശേഷി വിഭാഗക്കാർക്കു കൂടി ഉപയോഗിക്കാൻ ഉതകുന്ന ശുചിമുറി ബ്ലോക്ക് സ്ഥാപിക്കുന്നതിന് 7 ലക്ഷം രൂപയാണു ടൂറിസം വകുപ്പ് വകയിരുത്തിയിരുന്നത്.2019 ഫെബ്രുവരി 10നാണു കളനാട് വില്ലേജിലെ 50 സെന്റ് പുറമ്പോക്ക് സ്ഥലം കലക്ടർ ടൂറിസം വകുപ്പിനു കൈമാറിയത്. ചെമ്പരിക്ക ബീച്ചിനരികെ 20 വർഷം വരെ പ്രായമുള്ള കായ്ക്കുന്ന 55 തെങ്ങ് ഇതിലുണ്ട്.

ഇതിന്റെ കിഴക്ക് പഞ്ചായത്ത് റോഡും പടിഞ്ഞാറ് ഭാഗം കടൽ തീരവുമാണ്. വിപണി വില സെന്റിന് ഒരു ലക്ഷം രൂപ വരെ കണക്കാക്കാമെന്ന് അന്ന് ആർഡിഒ റിപ്പോർട്ട് ചെയ്തിരുന്നു.ഭൂമി കൈവശം വയ്ക്കുന്ന ടൂറിസം വകുപ്പ് തന്നെ ഭൂമിയിൽ കയ്യേറ്റം ഉണ്ടാകാതെ സംരക്ഷിക്കണമെന്ന വ്യവസ്ഥയുണ്ട്.

ഭൂമി ഉപ പാട്ടത്തിനു നൽകാനോ തറ വാടകയ്ക്കു നൽകാനോ ഭാഗികമായി മറ്റു ആവശ്യങ്ങൾക്ക് അനുവദിക്കാനോ, കൈമാറ്റം ചെയ്യാനോ പാടില്ല. ഏതെങ്കിലും ധനകാര്യ സ്ഥാപനത്തിൽ പണയം വയ്ക്കുന്നതിനും അനുമതി ഇല്ല.ഭൂമി ലഭിച്ച് ഒരു വർഷത്തിനുള്ളിൽ അനുവദിക്കപ്പെട്ട ആവശ്യത്തിനു ഭൂമി വിനിയോഗിക്കുക, ഹരിത പ്രോട്ടോക്കോൾ പാലിച്ചു നിർമാണ പ്രവർത്തനം നടത്തുക, സിആർസെഡ് വിധേയമായി മാത്രം നിർമാണം നടത്തുക, ഇതിലെ വൃക്ഷങ്ങൾ ടൂറിസം വകുപ്പ് തന്നെ സംരക്ഷിക്കുക തുടങ്ങിയവയാണ് മറ്റു മാനദണ്ഡങ്ങൾ.ടൂറിസം വികസനത്തിനു അനുവദിച്ച ഈ സ്ഥലം ഒരു വർഷത്തിനകം ഉപയോഗിച്ചില്ല എന്ന കാരണത്താൽ സ്ഥലം റവന്യു വകുപ്പിനു തന്നെ തിരിച്ചു പിടിക്കാം.