തലശ്ശേരി:
ധർമടം ചാത്തോടം ഭാഗത്ത് മണലിൽ കുടുങ്ങിയ പഴയ ചരക്കുകപ്പൽ ഒടുവിൽ പൊളിച്ചുനീക്കാൻ തീരുമാനം. ഇതിനായുള്ള യന്ത്രസാമഗ്രികളും ഉപകരണങ്ങളും വിദഗ്ധ തൊഴിലാളികളും എത്തിത്തുടങ്ങി. അനുകൂല കാലാവസ്ഥ നോക്കി അടുത്ത ദിവസം തന്നെ കപ്പൽ പൊളിക്കാനുള്ള നടപടികളാരംഭിക്കും.
ജില്ല കലക്ടറാണ് കപ്പൽ പൊളിക്കാനുള്ള അനുമതി നൽകിയത്. ‘സിൽക്കാ’ണ് പ്രവൃത്തി നടത്തുന്നത്. കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് കപ്പലിനെ കരയിലേക്ക് വലിച്ചടുപ്പിക്കാനുള്ള ശ്രമം നടത്തും.
അവിടെവെച്ചാവും പൊളിച്ചുമാറ്റാനുള്ള ജോലി ആരംഭിക്കുക. കഴിഞ്ഞ പ്രളയകാലത്ത് മാലിയിൽ നിന്ന് അഴീക്കലിലേക്ക് പുറംകടലിലൂടെ ടഗിൽ കെട്ടിവലിച്ചു കൊണ്ടുപോവുന്നതിനിടയിൽ കടൽക്ഷോഭത്തിൽ വടം പൊട്ടിയതിനെ തുടർന്നാണ് കപ്പൽ തിരകളിൽ ഉലഞ്ഞ് ധർമടം കടലിൽ കുടുങ്ങിയത്. തീരത്തുനിന്ന് ഏതാണ്ട് 500 മീറ്റർ അകലെ കപ്പൽ മണലിൽ ആണ്ടു പോവുകയായിരുന്നു.
ഇവിടെ നിന്ന് ഇളക്കിമാറ്റി അഴീക്കൽ തുറമുഖത്ത് എത്തിക്കാൻ നീക്കം നടത്തിയിരുന്നു. എന്നാൽ, ശ്രമം വിജയിച്ചില്ല. ഉറച്ചുപോയ സ്ഥലത്തുനിന്നും കപ്പൽ ഒരിഞ്ചുപോലും മുന്നോട്ടുനീങ്ങിയില്ല.
ഗത്യന്തരമില്ലാതായതോടെയാണ് കപ്പൽ ഉള്ളിടത്തുവെച്ചുതന്നെ പൊളിക്കാനുള്ള നടപടിക്ക് അനുമതിയായത്.പഴകിയ കപ്പൽ പൊളിക്കാൻ നേരത്തെ നീക്കം നടത്തിയിരുന്നു. എന്നാൽ, ഇത് പൊളിക്കുമ്പോൾ മാരകവിഷമുള്ള രാസവസ്തുക്കൾ കടലിലും പിന്നെ കരയിലും എത്തുമെന്ന ആശങ്കയുയർത്തി കപ്പൽ പൊളി വിരുദ്ധ സമരസമിതിയും നാട്ടുകാരും തടസ്സം നിന്നതോടെ അധികൃതർ പിൻവാങ്ങുകയായിരുന്നു.
2019 ആഗസ്റ്റ് എട്ടിനാണ് കപ്പൽ ധർമടം ചാത്തോടം തീരത്തെ മണലിൽ പൂണ്ടത്. അന്നുമുതൽ ഇത് നോക്കുകുത്തിയായി കിടപ്പായിരുന്നു