ഗൂഡല്ലൂർ:
മുതുമല കടുവ സങ്കേതത്തിനകത്തു കടന്ന നരഭോജി കടുവയെ മയക്കു വെടിവച്ചു പിടികൂടാനുള്ള ശ്രമം തുടരുന്നു. 4 പേരെ കൊന്ന കടുവയെ വെടിവച്ചു കൊല്ലാൻ ആദ്യം ഉത്തരവിട്ടിരുന്നെങ്കിലും പിന്നീടു തീരുമാനം മാറ്റി. കടുവയെ കണ്ടെത്തി ജീവനോടെ പിടികൂടാനാണു പുതിയ തീരുമാനം.
കടുവയെ വെടിവച്ചു കൊല്ലരുതെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചതോടെയാണു തീരുമാനം മാറ്റിയത്. തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശേഖർ കുമാർ നീരജ്, വനംമന്ത്രി കെ രാമചന്ദ്രൻ എന്നിവർ മസിനഗുഡിയിൽ എത്തി. ജനവാസ മേഖലയിൽ നിന്നു രക്ഷപ്പെട്ട കടുവ മുതുമല കടുവ സങ്കേതത്തിനകത്ത് എത്തുന്നതിനിടെ പിടികൂടാനുള്ള നടപടിക്രമങ്ങൾ കൈമാറി.
കടുവയുടെ ആക്രമണത്തിൽ ഗോത്ര വയോധികൻ കൊല്ലപ്പെട്ടതിന്റെ ജനരോഷം തണുപ്പിക്കാൻ കൂടിയാണു വെടിവച്ചു കൊല്ലുമെന്ന് ഉറപ്പു നൽകിയത്. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മംഗള ബസവന്റെ മൃതദേഹവുമായി ശനിയാഴ്ച ബന്ധുക്കളും നാട്ടുകാരും മസിനഗുഡിയിലെ വനം വകുപ്പ് ഓഫിസിനു മുൻപിൽ സമരം നടത്തി. അതിനിടെ, ഇന്നലെ വൈകിട്ടുവരെ നടത്തിയ തിരച്ചിലിലും കടുവയെ കണ്ടെത്താനായില്ല. വനം വകുപ്പിന്റെ രേഖകളിൽ ടി 23 എന്നറിയപ്പെടുന്ന കടുവയുടെ ചിത്രങ്ങളുടെ ചുവടുപിടിച്ചാണു തിരച്ചിൽ.