മാനന്തവാടി:
ഒരു കോടി രൂപയുടെ അംബേദ്കർ പദ്ധതിയും പാഴാകുന്നു. വെള്ളമുണ്ട പഞ്ചായത്തിലെ കൊമ്മയാട് പടക്കോട്ടുകുന്ന് കോളനിവാസികള്‍ക്ക് ദുരന്തങ്ങളില്‍നിന്നു മോചനമില്ല. 20 സെൻറ് ഭൂമിയില്‍ 13 വീടുകളിലായി 25ലധികം കുടുംബങ്ങളാണ് താമസിക്കുന്നത്.
കോളനിയിലാര്‍ക്കെങ്കിലും രോഗം വന്നാല്‍ ചുമന്നു നടക്കാന്‍പോലും വിസ്തൃതിയില്ലാത്ത നടവഴി. ആരെങ്കിലും മരണപ്പെട്ടാല്‍ മൃതദേഹം സംസ്കരിക്കുന്നത് വീടിൻറെ കോലായയില്‍. അസൗകര്യങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടിയിരുന്ന കോളനിയില്‍ 2017ല്‍ അംബേദ്കര്‍ പദ്ധതിയുടെ ഒരു കോടി വികസനമെത്തുമെന്നറിഞ്ഞതോടെ കോളനിവാസികള്‍ ആശ്വസിച്ചു.
എന്നാല്‍, മൂന്നു കൊല്ലം പിന്നിട്ടപ്പോള്‍ ദുരിതങ്ങള്‍ക്കറുതിയില്ലാതെ അംബേദ്കര്‍ പദ്ധതിയും പാഴാവുന്നു. പദ്ധതി തുടങ്ങി മൂന്നുവര്‍ഷം പിന്നിട്ടിട്ടും ഹാബിറ്റാറ്റ് ഏറ്റെടുത്ത പ്രവൃത്തികളുടെ പൂര്‍ത്തീകരണമെങ്ങുമെത്തിയില്ല. കൃത്യമായ മോണിറ്ററിങ് നടത്താത്തതിനാല്‍ നേരത്തേ ഊരുകൂട്ടം നിര്‍ദേശിച്ച വികസന പ്രവര്‍ത്തനങ്ങളെല്ലാം അട്ടിമറിച്ചതായും പരാതിയുണ്ട്.
തിരഞ്ഞെടുക്കപ്പെടുന്ന ആദിവാസി ഊരിൻറെ ഊരുകൂട്ട തീരുമാനപ്രകാരം നടപ്പാക്കുന്ന വികസനത്തിനായി ഒരു കോടി രൂപയാണ് അംബേദ്കര്‍ പദ്ധതിയിലുള്ളത്. 80.82 ലക്ഷം രൂപയുടെ ഒമ്പത് പദ്ധതികള്‍ക്ക് 2018ല്‍ എസ്റ്റിമേറ്റും ഡിപി ആറും തയാറാക്കി ഹാബിറ്റാറ്റ് ഏറ്റെടുത്തു. പിന്നീട് പ്രവൃത്തികള്‍ സ്വകാര്യ വ്യക്തികളെ ഏല്‍പ്പിക്കുകയായിരുന്നു.
മുറ്റം ഇൻറര്‍ലോക്കിങ്, മഴവെള്ളം വീടുകളിലെത്താതിരിക്കാന്‍ സംവിധാനം, കോളനിയിലേക്ക് റോഡ്, തൊഴിലവസരങ്ങള്‍, പഴക്കം ചെന്ന വീടുകളുടെ അറ്റകുറ്റപ്പണി, കോളനിക്ക് ചുറ്റുമതില്‍ തുടങ്ങിയവയൊക്കെയായിരുന്നു ഊരുകൂട്ടത്തിലുയര്‍ന്ന ആവശ്യങ്ങള്‍. എന്നാല്‍, ആവശ്യങ്ങളെല്ലാം കേട്ട അധികൃതര്‍ പിന്നീട് മറ്റൊരു രൂപരേഖയുണ്ടാക്കി പ്രവൃത്തികള്‍ നടത്തുകയായിരുന്നുവെന്നാണ് പരാതി. രണ്ടു വര്‍ഷത്തിനിപ്പുറം പദ്ധതിയുടെ 30 ശതമാനത്തോളം പൂര്‍ത്തിയായപ്പോള്‍ 10 വര്‍ഷത്തിലധികം പഴക്കമുള്ള വീടുകളില്‍ അടച്ചുറപ്പുള്ള വാതിലുകളോ കക്കൂസുകളോ ഇല്ല.
ചെറിയ മഴ പെയ്താല്‍ പോലും വീടുകള്‍ക്കുള്ളില്‍ വരെ ചളിവെള്ളം നിറയും. കോളനിമുറ്റത്തുള്ള കിണര്‍ നവീകരിച്ച് വെള്ളമെത്തിക്കാനോ, മരണപ്പെട്ടാല്‍ മറവ് ചെയ്യാന്‍ ശ്മശാനമോ ഇവര്‍ക്ക് ലഭ്യമായില്ല.