നിലമ്പൂർ:
ഹരിത കേരള മിഷനും നഗരസഭയും ചേർന്ന് നടപ്പാക്കുന്ന സമഗ്ര കാർഷിക അജൈവ- ജൈവ മാലിന്യ സംസ്‌കരണ പദ്ധതിയായ ഹരിതകാന്തി പദ്ധതിക്ക് നഗരസഭയിൽ തുടക്കം. പൊതുമരാമത്ത് വിശ്രമകേന്ദ്രത്തിൽ പദ്ധതിയുടെ ഉദ്ഘാടനം മുൻ മന്ത്രി പാലോളി മുഹമ്മദ്കുട്ടി നിർവഹിച്ചു. നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം അധ്യക്ഷനായി.
ആറ് ഡിവിഷനുകളിലാണ് ആദ്യഘട്ടത്തിൽ തുടങ്ങുന്നത്. പദ്ധതിയിൽ എല്ലാ വീടുകളിലും പപ്പായ, മുരിങ്ങ, കാന്താരി, കറിവേപ്പില തുടങ്ങി അഞ്ചിനം പച്ചക്കറി തൈകൾ നൽകും. അവ തൊഴിലുറപ്പ് തൊഴിലാളികൾ നടും.
വീടുകളിലെ ജൈവമാലിന്യം സംസ്‌കരിക്കുന്നതിനായി 2200 രൂപ വിലവരുന്ന ബയോബിന്നുകൾ ഓരോ വീട്ടുകാർക്കും സൗജന്യമായി നൽകും. തൊഴിലുറപ്പ് തൊഴിലാളികൾ ഇവ വീടുകളിൽ സ്ഥാപിക്കും. വീടുകളിൽ അധികം വരുന്ന ജൈവമാലിന്യങ്ങൾ നഗരസഭ ശേഖരിച്ച് ആവശ്യക്കാർക്ക് വിൽപ്പന നടത്തി വീട്ടുകാർക്ക് വരുമാനമുണ്ടാക്കും.
ഓരോ വാർഡിലും വാർഡംഗം അധ്യക്ഷനും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കൺവീനറുമായി സംഘാടക സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
സ്ഥിരം സമിതി അധ്യക്ഷൻ പി എം ബഷീർ പദ്ധതി വിശദീകരിച്ചു. നഗരസഭാ ഉപാധ്യക്ഷ അരുമ ജയകൃഷ്ണൻ, കക്കാടൻ റഹീം, സി സൈജിമോൾ, സ്‌കറിയ ക്‌നാംതോപ്പിൽ, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ഫാ ബിജു തുരുത്തേൽ, നാദിർഷാ, രാഗേഷ്, ജി ബിനുജി എന്നിവർ സംസാരിച്ചു.