Fri. Nov 22nd, 2024
കൊന്നക്കാട്:

ദൂരെ എന്നെ തേടി വരുന്നവരുടെ കയ്യിലെ വെളിച്ചം കാണാമായിരുന്നു. എന്റെ ശബ്ദമെത്തുന്നതിനും അപ്പുറത്തായിരുന്നു അവർ. അപകടമില്ലാതെ തിരിച്ചെത്തിയതു ഭാഗ്യം, ഇതു പുനര്‍ജന്മം തന്നെയാണ്’, ലിജീഷിന്റെ വാക്കുകളിൽ ആശ്വാസം.

കുടിവെള്ള പൈപ്പ് ലൈനിലെ തടസ്സം നീക്കാൻ വനത്തിനുള്ളിലേക്കു പോയി കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തിയത് ഇന്നലെ രാവിലെയോടെയാണ്. ബളാൽ പഞ്ചായത്തിലെ വലിയ പാമത്തട്ടിലെ (പഞ്ചാബ്) വട്ടമല ഷാജിയുടെ മകൻ ലിജീഷിനെ (15) യാണ് ഇന്നലെ പുലർച്ചയോടെ പന്നിയാർമാനി വനമേഖലയിലെ ശങ്കരങ്ങാനം വനത്തിനു സമീപത്തു നിന്നു കണ്ടെത്തിയത്.

വനത്തിനുള്ളിലെ നീരുറവയിൽനിന്നും ലിജീഷിന്റെ വീട്ടിലേക്കു പൈപ്പിലൂടെയെത്തുന്ന കുടിവെള്ളം തടസപ്പെട്ടിരുന്നു. ഇതു ശരിയാക്കാനാണ് ലിജീഷ് ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ വനമേഖലയിലേക്കു പോയത്. കനത്ത മഴയും കോടമഞ്ഞും മൂലം ഉൾവനത്തിലകപ്പെട്ട ഈ കുട്ടിക്ക് തിരികെ വീട്ടിലേക്കു മടങ്ങാൻ കഴിയാതെ വരികയായിരുന്നു.

നേരമേറെ വൈകിയിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്നു വീട്ടുകാരും നാട്ടുകാരുമെല്ലാം ചേർന്നു രാത്രി മുഴുവൻ വനമേഖലയിൽ തിരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ ഉൾവനത്തിൽ ഒറ്റപ്പെട്ടുപോയ ലിജീഷ് വലിയൊരു മരച്ചുവട്ടിലെ പാറക്കൂട്ടത്തിനിടയിൽ അഭയം പ്രാപിക്കുകയായിരുന്നു. കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗങ്ങൾ വിഹരിക്കുന്ന വനമേഖല കൂടിയാണിത്.

കൊന്നക്കാട് വിദ്യാർത്ഥിയെ വനത്തിൽ കാണാതായതിനെ തുടർന്ന് ഇന്നലെ രാത്രി നടത്തിയ തിരച്ചിലിന്റെ ദൃശ്യങ്ങൾ
ഇന്നലെ പുലർച്ചെയോടെ ഉൾവനത്തിലേക്കെത്തിയ നാട്ടുകാരായ കുഞ്ഞമ്പു, ബിനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള തിരച്ചിൽ സംഘം ശങ്കരങ്ങാനത്തിനു സമീപത്തുനിന്നും കുട്ടിയെ കണ്ടെത്തുകയും ചെയ്തു. മാലോത്ത് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ലിജീഷ്. കനത്ത മഴയിൽ ഒരു രാത്രിമുഴുവൻ കൊടും വനത്തിൽ കഴിയേണ്ടിവന്നെങ്കിലും മകനെ തിരികെ കിട്ടിയതിലുള്ള സന്തോഷത്തിലാണ് ലിജീഷിന്റെ വീട്ടുകാരും നാട്ടുകാരും.

രക്ഷാപ്രവർത്തനങ്ങൾക്കു ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയത്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും വെള്ളരിക്കുണ്ട് സിഐ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും അഗ്നിരക്ഷാസേനയും വനം വകുപ്പ് ജീവനക്കാരും നേതൃത്വം നൽകി.