Fri. May 3rd, 2024

നാസിക്: പ്രതിപക്ഷമായ ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാല്‍ കർഷകരുടെ ശബ്‌ദമാകുമെന്നും അവരെ സംരക്ഷിക്കാന്‍ നയങ്ങള്‍ രൂപപ്പെടുത്തുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ചന്ദ്വാഡിൽ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന എംപി സഞ്ജയ് റാവത്ത് എന്നിവര്‍ക്കൊപ്പം കര്‍ഷക റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

കർഷകർക്കുള്ള വായ്പ എഴുതിത്തള്ളൽ, കർഷകർക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ വിള ഇൻഷുറൻസ് പദ്ധതി പുനക്രമീകരിക്കൽ, കയറ്റുമതി ഇറക്കുമതി നയങ്ങൾ രൂപീകരിക്കുന്നതിൽ വിളകളുടെ വില സംരക്ഷിക്കൽ, കൃഷിയെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി ഒരു നികുതിയിൽ പ്രവർത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയവ രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തു.

സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം മിനിമം താങ്ങുവിലക്ക് നിയമപരമായ ഉറപ്പ് നല്‍കുമെന്ന് രാഹുല്‍ ആവര്‍ത്തിച്ചു.

നരേന്ദ്ര മോദി സര്‍ക്കാര്‍ നിരവധി വ്യവസായികളുടെ 16 ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളി. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്‍ യുപിഎ സര്‍ക്കാര്‍ കര്‍ഷകരുടെ 70000 കോടി രൂപയുടെ കടം എഴുതി തള്ളി. സമ്പന്നരുടെ വായ്പ എഴുതിത്തള്ളാൻ കഴിയുമെങ്കിൽ കർഷകർ, തൊഴിലാളികൾ എന്നിവരുടെ വായ്പകൾ എഴുതിത്തള്ളാൻ ബിജെപിക്ക് എന്തുകൊണ്ട് കഴിയുന്നില്ലെന്ന് രാഹുല്‍ ചോദിച്ചു.