Sat. Oct 12th, 2024

ഡൽഹി: മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സിങ് സന്ധുവും പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് ഇരുവരെയും കമ്മീഷണര്‍മാരായി തിരഞ്ഞെടുത്തത്.

തീരുമാനത്തില്‍ വിയോജിപ്പ്‌ രേഖപ്പെടുത്തിയതായി സമിതി അംഗമായ ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു. ചുരുക്കപ്പട്ടികയിലുള്ള പേരുകള്‍ തനിക്ക് മുന്‍കൂട്ടി നല്‍കിയില്ലെന്ന് പറഞ്ഞാണ് അധീരിന്റെ വിയോജനക്കുറിപ്പ്. കമ്മീണർമാരായി നിയമിക്കാൻ പരിഗണിക്കുന്നവരുടെ പട്ടിക ബുധനാഴ്ചയാണ് സര്‍ക്കാര്‍ തനിക്ക് നല്‍കിയതെന്ന് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.

തിരഞ്ഞെടുപ്പ് സമിതിയില്‍ പ്രധാനമന്ത്രിയും ധീര്‍ രഞ്ജന്‍ ചൗധരിയും ആഭ്യന്തരമന്ത്രി അമിത് ഷായുമാണ് ഉണ്ടായിരുന്നത്.

ഗ്യാനേഷ് കുമാര്‍ കേരള കേഡറിലേയും സുഖ്ബിര്‍ സിങ് സന്ധു പഞ്ചാബ് കേഡറിലേയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരാണ്. വിരമിച്ച കമ്മീഷണര്‍ അനൂപ് ചന്ദ്ര പാണ്ഡെക്കും രാജിവെച്ച കമ്മിഷണര്‍ അരുണ്‍ ഗോയലിനും പകരമാണ് രണ്ട് അംഗങ്ങളെ തിരഞ്ഞെടുത്തത്. കഴിഞ്ഞദിവസമാണ് അരുണ്‍ ഗോയല്‍ രാജിവെച്ചത്.

ഗ്യാനേഷ് കുമാര്‍ സഹകരണ വകുപ്പ്, പാര്‍ലമെന്ററികാര്യ വകുപ്പ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സുഖ്ബിര്‍ സിങ് സന്ധു ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി, നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍, ഉന്നത വിദ്യാഭ്യാസകാര്യ വകുപ്പ് അഡിഷണല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ സര്‍ക്കാര്‍ നേരിട്ട് നിയമിക്കുന്നതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതിന് ഒരു ദിവസം മുമ്പാണ് രണ്ട് നിയമനങ്ങളും നടന്നത്.