Tue. Nov 5th, 2024

ലക്ടറൽ ബോണ്ട് കേസില്‍ മാര്‍ച്ച് ഏഴിനാണ് എസ്ബിഐക്കെതിരെ സുപ്രീം കോടതിയിൽ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് കോടതിയലക്ഷ്യ ഹർജി നല്‍കിയത്. മാര്‍ച്ച് ആറിന് മുന്‍പ് ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ എസ്ബിഐ സമര്‍പ്പിക്കണം എന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ഈ ഉത്തരവ് എസ്ബിഐ പാലിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഇലക്ടറൽ ബോണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ സമര്‍പ്പിക്കുന്നതിനായി ജൂണ്‍ 30 വരെ സമയം ആവശ്യപ്പെട്ടുകൊണ്ട് എസ്ബിഐ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനെതിരെയാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.

നരേന്ദ്ര മോദി സർക്കാർ 2017 ല്‍ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധവും വിവരാവകാശ ലംഘനവും ആർട്ടിക്കിൾ 19(1)(a)യുടെ ലംഘനവുമാണെന്നും സുപ്രീം കോടതി ഫെബ്രുവരി 15ന് ചൂണ്ടിക്കാട്ടിയിരുന്നു.

2017 ല്‍ സമർപ്പിച്ച ഹർജികൾ കേൾക്കാൻ കോടതി വർഷങ്ങളെടുക്കുകയും നേരത്തെ ഈ പദ്ധതി സ്റ്റേ ചെയ്യാൻ വിസമ്മതിക്കുകയുമുണ്ടായി. ഈ ജനുവരി വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൂറുകണക്കിന് കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ് വിറ്റത്.

ഏറ്റവും പുതിയ തുകയുള്‍പ്പെടെ ആകെ 16518.11 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ് ഇതുവരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിറ്റത്.

നരേന്ദ്ര മോദി Screen-grab, Copyrights: Telegraph India

2017 – 2018 നും 2022 – 2023 നും ഇടയിൽ വിറ്റുപോയ 12008 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളിൽ 55 ശതമാനവും ലഭിച്ചത് ബിജെപിക്കാണ്. അതായത് 6564 കോടി രൂപ.

അഞ്ച് വർഷത്തിനിടയിൽ ബോണ്ടുകളുടെ 9.5 ശതമാനമാണ് കോൺഗ്രസിന് ലഭിച്ചത്. 1135 കോടി രൂപ. ഇതേ കാലയളവിൽ തൃണമൂൽ കോൺഗ്രസിന് ഇലക്ടറൽ ബോണ്ടുകളിൽ നിന്ന് 1096 കോടി രൂപയാണ് ലഭിച്ചത്.

2022 – 23 വർഷത്തിൽ ബിജെപിയുടെ ആകെ വരുമാനത്തിൻ്റെ 54 ശതമാനവും ഇലക്ടറൽ ബോണ്ടുകളിൽ നിന്നാണെന്ന് അടുത്തിടെ ദി ഹിന്ദുവിൽ വന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അതായത് 2120.06 കോടി രൂപ. 2018 നും 2023 നും ഇടയിലുള്ള ആറ് വർഷത്തിനിടയിൽ ബിജെപിയുടെ ആകെ സംഭാവനയുടെ 52 ശതമാനത്തിലധികം ലഭിച്ചത് 5271.9751 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളിൽ നിന്നാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് വ്യക്തമാക്കുന്നു.

രാഹുൽ ഗാന്ധി Screen-grab, Copyrights: NDTV

2022-23 ൽ കോൺഗ്രസ് സമ്പാദിച്ചത് 171 കോടി രൂപയാണ്. ഇലക്ടറൽ ബോണ്ടുകൾ വഴി പ്രാദേശിക പാർട്ടികളും വലിയൊരു തുക സ്വന്തമാക്കിയിട്ടുണ്ട്. ഈ രീതിയിൽ ഭാരത് രാഷ്ട്ര സമിതിയാണ് 2022-23 ൽ ഏറ്റവും കൂടുതൽ പണം വാങ്ങിയിട്ടുള്ളത്. 529 കോടി രൂപയാണ് അവർ സ്വീകരിച്ചിട്ടുള്ളത്. ഇലക്ടറൽ ബോണ്ടുകൾ വഴി 329 കോടിയുമായി രണ്ടാം സ്ഥാനത്ത് തൃണമൂൽ കോൺഗ്രസാണ്. 152 കോടിയുമായി ബിജെഡിയും 52 കോടിയുമായി വൈഎസ്ആറും പുറകെയുണ്ട്.

2021-22 ൽ ഇലക്ടറൽ ബോണ്ട് വഴി ബിആർഎസ് ഒഴികെയുള്ള  നാല് പ്രാദേശിക പാർട്ടികൾ വലിയൊരു തുക സ്വീകരിച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് 528 കോടി, ഡിഎംകെ 306 കോടി, ബിജെഡി 291 കോടി, വൈഎസ്ആർ കോൺഗ്രസ് 60 കോടി എന്നിങ്ങനെയാണ് ഇവര്‍ സ്വീകരിച്ചത്.

മമത ബാനർജി Screen-grab, Copyrights: Mint

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലോകം കണ്ട ഏറ്റവും ചിലവേറിയ തിരഞ്ഞെടുപ്പായിരുന്നെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾ ചെലവഴിച്ചത് 8.7 ബില്യൺ ഡോളറാണ്. 2014 ലെ തിരഞ്ഞെടുപ്പിൽ ചെലവഴിച്ചതിൻ്റെ ഇരട്ടിയിലധികം വരും ഈ തുക.

ഇലക്ടറൽ ബോണ്ടുകൾ അവതരിപ്പിച്ചത് മുതൽ മോദി സർക്കാരിൻ്റെ ഈ പദ്ധതിയെക്കുറിച്ച് സുതാര്യത അവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകള്‍ (transparency rights activists) ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അതുപോലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ഉന്നയിച്ച ആശങ്കകൾ അവഗണിച്ചതും പൊതു കൂടിയാലോചന (public consultation) നടത്താതെ ഇലക്ടറൽ ബോണ്ട് കൊണ്ടുവന്ന രീതിയെക്കുറിച്ചും അവര്‍ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.

അതേസമയം ഇലക്ടറൽ ബോണ്ടുകളുടെ എല്ലാ വിശദാംശങ്ങളും പുറത്തുവിടാനാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് സുപ്രീം കോടതി ആവശ്യപ്പെട്ടത്. ഇതിലൂടെ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് നൂറുകണക്കിന് കോടികൾ സംഭാവന ചെയ്തവരുടെ വിവരങ്ങൾ പുറത്ത് കൊണ്ട് വരും. എന്നാല്‍ നിലവില്‍ സംഭാവന കിട്ടിയ പണമെല്ലാം രണ്ട് പൊതു തിരഞ്ഞെടുപ്പുകൾക്കും പല സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കും ഉപയോഗിച്ച് കഴിഞ്ഞിട്ടുണ്ട്.