Wed. Jan 22nd, 2025

ഭാഗം 2 – വിദേശ കുടിയേറ്റവും കേരളത്തിന്റെ വർത്തമാനവും

ൻകിട ഫാക്ടറികളും വ്യവസായശാലകളും കേരളത്തിൽ വരാതിരിക്കാനുള്ള സാമൂഹികവും പാരിസ്ഥിതികവുമായ കാരണങ്ങളാണ് കഴിഞ്ഞ ലേഖനത്തിൽ ചർച്ച ചെയ്തത്. വ്യവസായ മേഖലയിലെ പിന്നാക്കാവസ്ഥ കേരളത്തിൽ വലിയ രീതിയിൽ തൊഴിലവസരങ്ങളുടെ അഭാവം സൃഷ്ടിച്ചിരുന്നു. പക്ഷേ തൊഴിലില്ലാത്ത മലയാളിക്ക് ഗൾഫ് നാടുകളിലെ ഇന്ധന ഖനനവും അനുബന്ധ വളർച്ചയും അനുഗ്രഹമായിത്തീരുകയും മലയാളി പുരുഷന്മാർ തങ്ങളുടെ യൗവനജീവിതം ഗൾഫുനാടുകളിലേക്ക് പറിച്ചു നടുകയും ചെയ്തു.

വിദേശ നാടുകളിൽ അധ്വാനം വിറ്റ് ലഭിക്കുന്ന സമ്പാദ്യം മുഴുവനും മലയാളികൾ നാട്ടിലേക്കയച്ചു. കുടുംബക്കാരുടെയും ബന്ധുക്കളുടെയും കയ്യിൽ പണം എത്തിച്ചേർന്നു. അത് അവരുടെ വാങ്ങൽ ശേഷി വർദ്ധിപ്പിച്ചു, ജീവിത നിലവാരം ഉയർത്തി, നാട്ടിലെ സമ്പദ് വ്യവസ്ഥയ്ക്ക് ചലനമുണ്ടായി. സമ്പദ് വ്യവസ്ഥ ചലിക്കുമ്പോൾ സ്വാഭാവികമായും സർക്കാർ ഖജനാവിലേക്ക് കൂടുതൽ പണം എത്തിത്തുടങ്ങും. അത് സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്യുന്ന ക്ഷേമ പ്രവർത്തനങ്ങളുടെ വ്യാപ്തി വർദ്ധിപ്പിച്ചു.

ഇങ്ങനെയാണ്, ദാരിദ്ര്യത്തിന്റെ കയത്തിൽ മുങ്ങിപ്പോകുമായിരുന്ന കേരളം മാനവ വികസന സൂചികയിൽ മുന്നോട്ടു കുതിച്ച് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാൾ മുന്നിലായത്. ഏറ്റവും ദാരിദ്ര്യം കുറഞ്ഞ, ഏറ്റവും കുറഞ്ഞ ശിശു മരണനിരക്കുള്ള, ഉയർന്ന സാക്ഷരതയുള്ള, ഉയർന്ന ആയുർദൈർഘ്യമുള്ള, പണിയെടുത്താൽ ഉയർന്ന ശമ്പളം ലഭിക്കുന്ന സംസ്ഥാനമായി കേരളം ഇന്നും തുടരുന്നു.

ആദ്യത്തെ ലേഖനത്തിൽ ചർച്ച ചെയ്ത കേരളത്തിലെ ജനങ്ങളുടെ ഉയർന്ന സാമൂഹിക ബോധവും സംഘടിത ശക്തിയും ഒരുപക്ഷേ വ്യവസായ വളർച്ചക്ക് വിഘാതം സൃഷ്ടിക്കുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും ആ സാമൂഹിക ബോധവും അതിന്റെ ഉത്പന്നമായ വിദ്യാഭ്യാസ നിലവാരവുമാണ് അവരെ വിദേശ രാജ്യങ്ങളിൽ ഉപജീവനം തേടിയുള്ള യാത്രയ്ക്ക് പ്രാപ്തരാക്കിയത്.

കുടിയേറ്റം, പ്രവാസം, അതിജീവനം

ഭൂമിയിൽ വിഭവങ്ങൾ സമതുലിതമായല്ല വിതരണം ചെയ്തിരിക്കുന്നത്. വിഭവ വിതരണത്തിലെ പ്രകൃതിപരമായ ഈ അസമത്വത്തെ മറികടക്കാനുള്ള ശ്രമമാണ് മനുഷ്യന്റെ അതിജീവനം സാധ്യമാക്കുന്നത്. വിഭവങ്ങൾക്ക് വേണ്ടിയുള്ള മനുഷ്യന്റെ അന്വേഷണങ്ങളാണ് ലോകത്തെ ചലിപ്പിക്കുന്നത് തന്നെ. വിഭവങ്ങൾ ഇല്ലാത്ത നാടുകളിൽ നിന്ന് വിഭവങ്ങൾ സമൃദ്ധമായ നാടുകളിലേക്കുള്ള മനുഷ്യന്റെ സഞ്ചാരത്തിനും പലായനത്തിനും ഭൂമിയിൽ മനുഷ്യന്റെ ഉത്ഭവം വരെയുള്ള ചരിത്രമുണ്ട്.

ഇന്ത്യയടക്കമുള്ള ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിലെ വിഭവങ്ങൾ കൊളോണിയലിസത്തിലൂടെ അന്യാധീനപ്പെടുത്തിയാണ് യൂറോപ്യൻ നാടുകൾ സമ്പന്നമായത്. ഇന്ധനമെന്ന വിഭവം ഗൾഫുനാടുകളിൽ സൃഷ്ടിച്ച വ്യാവസായിക വളർച്ചയും തൊഴിലവസരങ്ങളുമാണ് മലയാളികൾ കുടിയേറ്റം നടത്താൻ കാരണമായത്. മലയാളികളുടെ അതിജീവനത്തിന്റെ ഭാഗമായിരുന്നു ഗൾഫ് കുടിയേറ്റം. അത് മലയാളിയുടെ അഭിമാനമാണ്. മറ്റു സംസ്ഥാനങ്ങൾ ദാരിദ്ര്യത്തിൽ ആണ്ടുപോകുമ്പോഴും വിദ്യാഭ്യാസപരവും സാമൂഹികപരമായും ഉയർന്ന ബോധം ഉണ്ടായതുകൊണ്ടാണല്ലോ മലയാളിക്ക് വിദേശ കുടിയേറ്റം എന്ന അതിജീവന തന്ത്രം സാധ്യമായത്.

കേരളത്തിന്റെ വർത്തമാനം

വിദേശത്തു പോയി തൊഴിലെടുക്കുന്ന മലയാളികൾ ഓരോ വർഷവും കേരളത്തിലേക്ക് അയക്കുന്ന തുക കേരളത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ (NDP) പതിനാല് ശതമാനത്തോളം വരും. രണ്ട് ദശലക്ഷത്തിനു മേലെ മലയാളികൾ വിദേശരാജ്യങ്ങളിൽ പ്രവാസികളായി കഴിയുന്നുണ്ട്, ഭൂരിഭാഗവും ഗൾഫ് രാഷ്ട്രങ്ങളിൽ. പക്ഷേ കുടിയേറ്റം ഒരു യാദൃച്ഛിക പ്രതിഭാസമാണ്, കോവിഡിൽ കണ്ടതുപോലെ ഏതു നേരവും അതിന് തകർച്ച വരാം. പ്രത്യേകിച്ച്, സാങ്കേതികവിദ്യ കൂടുതൽ വളർച്ച പ്രാപിക്കുന്ന ഇക്കാലത്ത് മനുഷ്യാധ്വാനത്തിന്റെ ആവശ്യം കുറഞ്ഞു വരുന്നു. ഈയടുത്ത കാലങ്ങളിലായി കേരളത്തിൽ നിന്നുള്ള ഗൾഫ് കുടിയേറ്റത്തിൽ ഈ മാറ്റങ്ങൾ കണ്ടു വരുന്നുണ്ട്.

ഇരുപത്തൊന്നാം നൂറ്റാണ്ട് വിവര സാങ്കേതിക വിദ്യയുടെ കാലഘട്ടമാണ്, ഡിജിറ്റൽ യുഗമാണ്. മനുഷ്യ അധ്വാനത്തിന് പകരം നിർമ്മിത ബുദ്ധിയുടെ പങ്കാളിത്തത്തോടെ ലോകം മാറ്റങ്ങൾ സൃഷ്ടിക്കുന്നു. വിയർപ്പിൽ പണിയെടുക്കുന്നവരുടെ ആവശ്യം കുറഞ്ഞു വരുന്നു. വിദ്യാസമ്പന്നരായ സാങ്കേതിക ജ്ഞാനികളെയാണ് ആവശ്യം. ഇതാണ് കേരളത്തിൽ നിന്നുള്ള ഗൾഫ് പ്രവാസികളുടെ എണ്ണത്തിൽ ഇടിവു വരാനുണ്ടായ ഒരു കാരണം. ഇവിടെയാണ് കേരളം സമഗ്രമായ മാറ്റത്തെ പറ്റി ചിന്തിക്കേണ്ടത്. ഒരു പാരഡൈം ഷിഫ്റ്റ് ആവശ്യമാണ്. അതിലേക്ക് കടക്കുന്നതിനു മുമ്പ് ചില കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്;

1. കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കുടിയേറ്റം നടത്തിയ ഒന്നാമത്തെ തലമുറയുടെ കാലം കഴിഞ്ഞ്, ഇപ്പോൾ രണ്ടാം തലമുറയാണ് ഗൾഫിൽ നിന്ന് കേരളത്തിേലേക്ക് സമ്പാദ്യം അയക്കുന്നത്.

2. സാങ്കേതിക വിദ്യയുടെ വളർച്ചയും പുതിയ മാറ്റങ്ങളും കാരണം ഒന്നാം തലമുറ നേടിയ അവസരങ്ങൾ എല്ലാം ഇന്ന് രണ്ടാം തലമുറക്ക് ലഭ്യമല്ല.

3. രണ്ടാം തലമുറയിൽ അഭ്യസ്തവിദ്യരായവർ ഗൾഫ് നാടുകളിൽ തങ്ങൾക്ക് ചേർന്ന ജോലികൾ നേടിയെടുക്കുമ്പോഴും അങ്ങനെയല്ലാത്ത ഭൂരിഭാഗം പ്രവാസികളും തങ്ങളുടെ ജോലിയിൽ സ്ഥിരത അവകാശപ്പെടാൻ കഴിയാത്തവരാണ്. അവരുടെ മടക്കം കേരളത്തിന് ബാധ്യതയാവും.

4. വളർന്നു വരുന്ന മൂന്നാം തലമുറ പൂർണ്ണമായും വിദ്യാസമ്പന്നരാണ്. ഒരു ഡിഗ്രിയോ ഡിപ്ലോമയോ ഇല്ലാത്തവർ കുറവാണ്. അവർ ഒന്നാം തലമുറയെയും രണ്ടാം തലമുറയെയും പോലെ ഗൾഫ് സ്വപ്നം കാണുന്നവരല്ല. തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത കൊണ്ട് ഉയർന്ന വരുമാനവും ജീവിത സുരക്ഷിതത്വമുള്ള തൊഴിലും ആഗ്രഹിക്കുന്നവരാണ്.

5. ഈ മൂന്നാം തലമുറയാണ് കേരളത്തിന്റെ സമീപഭാവി നിശ്ചയിക്കുന്നത്. അതുകൊണ്ട് ഇവരെ മുന്നിൽ നിർത്തിയാണ്, മാറിയ കാലത്തിനു വേണ്ടി കേരളത്തിന്റെ ഭരണകൂടം, ഗൾഫ് കുടിയേറ്റം എന്ന ഭൂതകാല ചാപ്റ്റർ മടക്കി വെച്ച് ദീർഘമായ പുനർചിന്തനത്തിനു തയ്യാറാവേണ്ടത്.

ഒരു പാരഡൈം ഷിഫ്റ്റ്; കേരളം തയ്യാറെടുക്കേണ്ടതെങ്ങനെ?

പുതിയ തലമുറയിൽ കാണുന്ന വഴിതിരിവ് അവർ ഗൾഫ് നാടുകൾക്ക് പകരം പാശ്ചാത്യ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നു എന്നതാണ്. പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടി അവിടെത്തന്നെ ജോലി നേടി അവിടുത്തെ പൗരത്വം സ്വീകരിച്ച് കുടുംബമായി കഴിയാൻ താത്പര്യപ്പെടുന്ന പ്രവണത കാണാം. ഇത് കേരളത്തിലെ മാത്രം പ്രതിഭാസമല്ല, ഇന്ത്യയിൽനിന്ന്‌ വിദേശത്തേക്ക്‌ ഉന്നതവിദ്യാഭ്യാസത്തിനായി ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പോകുന്നത്‌ ആന്ധ്രാപ്രദേശ്‌, പഞ്ചാബ്‌, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ്.

കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച കണക്കു പ്രകാരം 2022 നവംബര്‍ വരെ കഴിഞ്ഞ വര്‍ഷം 6,46,206 വിദ്യാര്‍ത്ഥികള്‍ ഇന്ത്യയില്‍ നിന്ന് ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോയിട്ടുണ്ട്. ഇതില്‍ 12 ശതമാനം ആന്ധ്രാപ്രദേശില്‍ നിന്നും 12 ശതമാനം പഞ്ചാബില്‍ നിന്നും 11 ശതമാനം മഹാരാഷ്‌ട്രയില്‍ നിന്നുമാണ് എന്ന്‌ ഓക്‌സ്ഫോര്‍ഡ് ഇന്റര്‍നാഷണല്‍ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നു. നാലു ശതമാനം വിദ്യാര്‍ത്ഥികളാണ് കേരളത്തില്‍ നിന്നും വിദേശത്തേക്ക് പഠനത്തിനായി പോയത്.

ഇന്ത്യ പോലുള്ള വികസ്വര രാജ്യത്ത് നിന്ന് പാശ്ചാത്യ വികസിത രാജ്യങ്ങളിലേക്ക് ജീവിതം പറിച്ചുനടാൻ യുവാക്കൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് പ്രോഗ്രസ്സീവായ മാറ്റമായാണ് കാണേണ്ടത്. മതവെറിയും അന്യന്റെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോട്ടവുമുള്ള അന്തരീക്ഷത്തിൽ നിന്ന് മാറി ലിബറൽ ചുറ്റുപാടുള്ള നാട്ടിൽ ജീവിക്കാൻ ആഗ്രഹിക്കുന്നതിനെ കുറ്റം പറയാൻ പറ്റില്ലല്ലോ. അത്തരം ചിന്തകൾ യുവാക്കൾക്ക് ഉണ്ടാവുന്നത് തന്നെ ഒരു മുന്നേറ്റമാണ്. കേരളത്തിലെയും ആന്ധ്രയിലെയും പഞ്ചാബിലെയും മഹാരാഷ്ട്രയിലെയും യുവാക്കൾക്ക് അഭിനന്ദനങ്ങൾ.

പക്ഷേ, ഒരു സംസ്ഥാനമെന്ന നിലക്ക് കേരളത്തിന് ഈ പ്രവണതയെ വ്യത്യസ്ത തലത്ത് നിന്ന് നോക്കിക്കാണാൻ കഴിയണം. നമ്മുടെ നാടും പാശ്ചാത്യ നാടുകൾ പോലെ വളർന്നാൽ, അവിടുത്തെ സൗകര്യങ്ങൾ എല്ലാം ഇവിടെ ഒരുക്കാൻ നമ്മൾ തയ്യാറായാൽ, അവിടെയുള്ള സാമൂഹിക അന്തരീക്ഷം ഇവിടെയും ഉണ്ടായാൽ ഇവിടെ നിന്ന് യുവാക്കൾക്ക് നാടുവിടേണ്ടി വരുമോ?

വികസനത്തിന്റെയും പുരോഗതിയുടെയും കാര്യത്തിൽ ഇന്ന് ലോകത്തിന് മാതൃകയാക്കാവുന്നത് (ചരിത്രപരമായി മറ്റു വിമർശനങ്ങൾ എല്ലാം അംഗീകരിക്കുമ്പോൾ തന്നെ) പാശ്ചാത്യ രാജ്യങ്ങളാണ്. അതുകൊണ്ട്, പാശ്ചാത്യ രാജ്യങ്ങളുടെ രീതികളിലേക്ക് നമ്മളും മാറുന്നത് പുരോഗതിയുടെ അടയാളം തന്നെയല്ലേ?

നമ്മുടെ യുവാക്കൾ പാശ്ചാത്യ നാടുകളിലേക്ക് പറിച്ചുനടുന്നതിന്റെ സാമ്പത്തികമാനം കുറഞ്ഞ വരുമാനമുള്ള നാട്ടിൽ നിന്ന് ഉയർന്ന വരുമാനമുള്ള നാടുകളിലേക്ക് കുടിയേറുക എന്നതാണ്. നമ്മുടെ നാടും ഉയർന്ന വരുമാനമുള്ള നാടായി മാറുന്നത് നല്ലത് തന്നെയല്ലേ?

സാമ്പത്തിക വിദഗ്ദ്ധർ ലോകരാജ്യങ്ങളെ വ്യക്തികളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നാലായി തിരിച്ചിട്ടുണ്ട് .  6000 മുതൽ 25000 വരെ മാസവരുമാനമുള്ള രാജ്യങ്ങളുടെ പട്ടികയായ ലോവർ മിഡിൽ ഇൻകം കൂട്ടത്തിലാണ് 12000 രൂപ മാസവരുമാനമുള്ള ഇന്ത്യയുടെ സ്ഥാനം. കേരളം ഇന്ത്യയുടെ ശരാശരിയേക്കാൾ മുന്നിലാണ്, 20,000 രൂപ. താരതമ്യത്തിന് വേണ്ടി പറഞ്ഞാൽ ഉത്തർപ്രദേശിൻ്റേത് 6000 വും ബീഹാറിൻ്റേത് 4000 വുമാണ്.

നല്ല ജീവിതം ജീവിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിന് നല്ല വരുമാനം വേണം. നല്ല വരുമാനമുള്ള നാട് വികസിത നാടായിരിക്കും. വികസിത നാടിന് ഉയർന്ന ആഭ്യന്തര ഉത്പാദനം (GDP) ആവശ്യമാണ്. നിലവിൽ കേരളത്തിന്റെ GDP വളർച്ചാനിരക്ക് 12 ശതമാനമാണ്. ഇത് മോശമല്ലാത്ത വളർച്ചയാണ്. ഇത് വീഴ്ചയില്ലാതെ തുടർന്നാൽ കേരളത്തിന് അടുത്ത 25 വർഷം കൊണ്ട് ലോകത്തെ അപ്പർ മിഡിൽ വരുമാനമുള്ള വികസിത രാജ്യങ്ങളുടെ നിലയിലേക്കെത്താം. ചൈന, മലേഷ്യ, തുർക്കി ക്യൂബ തുടങ്ങിയ രാജ്യങ്ങളാണ് ഇതിൽപ്പെടുന്നത്. നിലവിൽ 70,000 രൂപയാണ് ഈ രാജ്യങ്ങളിലെ ശരാശരി മാസരുമാനം.

കേരളത്തിന്റെ GDP വളർച്ചാനിരക്ക് കുറയാതെ തുടരണമെങ്കിൽ സർക്കാർ ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ചേ തീരൂ. ഫാർമസ്വ്യൂട്ടിക്കൽ, ഐടി, ഐടി വ്യവസായ പാർക്കുകൾ, ട്രേഡിംഗ്, ടൂറിസം, എഡ്യൂക്കേഷൻ തുടങ്ങിയ മേഖലകളിൽ സംരംഭങ്ങൾക്ക് കേരളത്തിൽ വലിയ രീതിയിൽ പോത്സാഹനം നൽകണം, അനാവശ്യമായ എല്ലാ നിയമച്ചരടുകളെയും ശാസ്ത്രീയ വീക്ഷണത്തോടെ എടുത്തുകളയണം. വിദ്യാസമ്പന്നരായ യുവാക്കൾ ആഗ്രഹിക്കുന്നത് ഉയർന്ന വരുമാനം ലഭിക്കുന്ന അത്തരം മേഖലകളിൽ പ്രവർത്തിക്കാനാണ്. തൊഴിലാളികൾക്ക് കുറഞ്ഞ വേതനം നൽകി മുന്നോട്ടു പോകുന്ന ഫാക്ടറി വ്യവസായങ്ങൾ, ഒന്നാമത്തെ ലേഖനത്തിൽ ചർച്ച ചെയ്തതുപോലെ കേരളത്തിൽ നിലനിൽക്കില്ല.

തൊഴിലിനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം സർക്കാർ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം ഉന്നത വിദ്യാഭ്യാസത്തിൻ്റേതാണ്. പ്ലസ്ടു കഴിഞ്ഞാൽ ഡൽഹിയിലോ ഹൈദരാബാദിലോ മുംബൈയിലോ, ജർമനിയിലോ ലണ്ടനിലോ ഖത്തറിലോ കാനഡയിലോ വിദ്യാഭ്യാസത്തിനായി കേരളത്തിലെ വിദ്യാർത്ഥികൾ കുടിയേറ്റം നടത്തുന്നതിനു പിന്നിൽ വിനോദ താത്പര്യവും യാത്രാ ലക്ഷ്യങ്ങളും പോലെ കാരണങ്ങൾ ഉണ്ടെങ്കിലും കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഒരു പ്രധാന കാരണമാണ്.

വിദേശ വിദ്യാർത്ഥികളെയടക്കം ആകർഷിക്കുന്ന വിധത്തിൽ കേരളത്തിലെ ഉന്നത വിദ്യാഭാസ സ്ഥാപനങ്ങൾ ഉയരേണ്ടതുണ്ട്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള ദേശീയ തലത്തിലെ മികച്ച സ്ഥാപനങ്ങളുടെ ഓഫ് ക്യാമ്പസുകൾ കേരളത്തിൽ കൊണ്ടുവരാൻ സർക്കാർ ശ്രമിക്കണം. ഐഐടികളും എൻഐടികളും ആവശ്യപ്പെടണം. നമ്മുടെ മക്കൾ മറ്റു നാടുകളിൽ പോയി പൊടിക്കുന്ന കാശ് നമ്മുടെ നാട്ടിലെ എക്കണോമിയിൽത്തന്നെ ചെലവഴിക്കട്ടെ.

വിദേശ യൂണിവേഴ്സിറ്റികളുടെ ബ്രാഞ്ചുകൾക്ക് കേരളത്തിൽ അനുമതി നൽകണം. അതോടൊപ്പം തൊഴിലധിഷ്ടിത വിദ്യാഭ്യാസ നയത്തിന് പ്രാധാന്യം നൽകണം. സംരംഭങ്ങൾ വളർത്തി തൊഴിൽ സൃഷ്ടിക്കുമ്പോൾ ആ തൊഴിലിന് അനുയോജ്യമായ വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിന് പ്രാപ്തമായ രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നവീകരിക്കണം. അത്യാധുനിക സാങ്കേതിക വിദ്യകൾ പരാമവധി പ്രയോജനപ്പെടുത്തണം.

വികസനവും പൊതുകടവും

നിലവിൽ കേരള സർക്കാർ കൊണ്ടുവരാൻ ശ്രമിക്കുന്ന കേരളത്തിന്റെ വികസനത്തിൽ ഗണ്യമായ പങ്കുവഹിക്കാൻ സാധ്യതയുള്ള രണ്ട് പദ്ധതികളാണ് കെ-ഫോണും കെ-റെയിലും. ഡിജിറ്റൽ യുഗത്തിലെ അടിസ്ഥാന ആവശ്യമാണ് ഇന്റർനെറ്റ് എന്ന കാര്യത്തിൽ സംശയമില്ല. ഓരോ പൗരനും ഡിജിറ്റൽ സാക്ഷരത ആർജിക്കേണ്ട കാലമാണ്. കെ-ഫോൺ പദ്ധതിയിൽ ഓരോ വീട്ടിലും വൈഫൈ വഴി ഇന്റർനെറ്റ് ലഭ്യമായാൽ അനുബന്ധമായി പല പുരോഗതിയും നാട്ടിൽ സംഭവിക്കും.

വർക്ക് ഫ്രം ഹോമിന് പ്രാധാന്യം വർദ്ധിക്കുന്ന കാലമാണ്. പകൽ ജോലി ചെയ്യുന്നവർ തന്നെ രാത്രികാലങ്ങളിൽ വീട്ടിലിരുന്ന് ഇന്റർനെറ്റ് വഴി ലഭ്യമായ ജോലികളിൽ ഏർപ്പെടാറുണ്ട്. പല വിദേശ കമ്പനികളും ഇത്തരം അവസരങ്ങൾ നൽകി വരുന്നു. ഇന്റർനെറ്റ് ക്രിയാത്മകമായി ഉപയോഗിച്ച് വരുമാനം ഉണ്ടാക്കുന്നവരാണ് പുതുതലമുറയിലെ കുട്ടികൾ.

അതിവേഗ റെയിൽപാത അഥവാ കെ-റെയിൽ കേരളത്തിലെ വിവാദ പദ്ധതിയായി നിലനിൽക്കുകയാണ്. വേഗതയേറിയ സഞ്ചാരം വികസിത രാജ്യങ്ങളുടെ ദൈന്യംദിന വ്യവഹാരങ്ങളുടെ നട്ടെല്ലാണ്. അതിനാൽ, കേരളത്തിന്റെ ഭാവിയിൽ കെ റെയിൽ വലിയൊരു മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.

പക്ഷേ, വിമർശകർ പാരിസ്ഥിതിക പ്രശ്നങ്ങളോടൊപ്പം ചൂണ്ടിക്കാണിക്കുന്നത് പൊതു കടത്തെപ്പറ്റിയുള്ള ആശങ്കയാണ്. നിലവിൽ കേരളം പൊതുകടത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ ഒമ്പതാം സ്ഥാനാത്താണ്, ഒന്നാം സ്ഥാനം ഉത്തർപ്രദേശിന്. കെ റെയിലിന് വേണ്ടി കടമെടുത്താൽ കേരളം പാപ്പരാവുമെന്നാണ് വാദം. ഈ വാദം ഉന്നയിക്കുന്നതിൽ മുന്നിൽ, ഒന്നാമത്തെ ലേഖനത്തിൽ ചർച്ച ചെയ്ത കേശവൻ മാമന്മാർ തന്നെയാണ്.

10% ത്തിൽ കൂടുതൽ GDP വളർച്ചയുള്ള സംസ്ഥാനമെന്ന നിലക്ക്, ഈ വളർച്ച തുടരുകയാണെങ്കിൽ, നിലവിലെ പൊതുകടമോ കെ റെയിലിന് വേണ്ടി ജപ്പാനിൽ നിന്ന് സ്വീകരിക്കുന്ന കടമോ കേരളത്തിന് പ്രശ്നമാവില്ല എന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്. മാത്രമല്ല, GDP വളർച്ചാ നിരക്കിൽ കുറവ് വരുത്താതെ, അടുത്ത 20-25 വർഷം കൊണ്ട് അപ്പർ മിഡിൽ ഇൻകം രാജ്യങ്ങളുടെ നിലയിലെത്താൻ ലക്ഷ്യംവെച്ച് കേരളം മുന്നോട്ടു പോവുകയാണെങ്കിൽ കെ- റെയിൽ അടുത്ത 20 വർഷങ്ങളോടെ ഓരോ സാധാരണക്കാരനും പ്രാപ്യമായ യാത്രാ സംവിധാനമായി മാറുകയും ചെയ്യും.

യുക്തിരഹിതമായ പൊതുകടവാദവും, ടിക്കറ്റ് നിരക്ക് വേവലാതിയും ഉയർത്തി കേശവൻ മാമന്മാർ ഇന്ന് കെ-റെയിലിന് തടസ്സം നിന്നാൽ, 20 വർഷങ്ങൾക്ക് ശേഷമുള്ള തലമുറയുടെ എല്ലാ പഴിയും കേൾക്കേണ്ടി വരും. ദീർഘവീക്ഷണമില്ലാത്ത തങ്ങളുടെ പൂർവികരെപ്പറ്റി അവർ ഖേദിക്കും.

ഉപസംഹാരം

കേരളത്തിന്റെ ജനസംഖ്യാവളർച്ച നിലവിൽ മന്ദഗതിയിലാണ്. ജനസംഖ്യാ വളർച്ച കുറഞ്ഞു വരുന്ന പല വികസിത പാശ്ചാത്യ രാജ്യങ്ങൾക്കും വിദ്യാസമ്പന്നരായ വർക്ക് ഫോഴ്സ് ആവശ്യമാണ്. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ നിന്നുള്ള യുവാക്കളെ ഉദാരമായ വിദേശനയങ്ങളോടെ സ്വീകരിച്ച് വിദ്യാഭ്യാസം നൽകി തൊഴിൽ അവസരം നൽകാൻ അവർ തയ്യാറാണ്. ഇന്ത്യയിലെ യുവാക്കളാകട്ടെ പുറത്തുകടക്കാനുള്ള അവസരങ്ങൾക്കായി കാത്തു നിൽക്കുന്നവരുമാണ്.

കേരളം ഇന്ത്യയെ പോലെ ലോവർ മിഡിൽ വരുമാനമുള്ള നാടായി തുടരുകയാണെങ്കിൽ കേരളത്തിൽ നിന്നും യുവാക്കൾ വിദേശ രാജ്യങ്ങൾ തേടി പുറപ്പടും. അവിടെ സ്ഥിരതാമസമാക്കും. നിലവിൽ ജനസംഖ്യാ വളർച്ചയിൽ മന്ദഗതിയിൽ നിൽക്കുന്ന കേരളത്തിൽ നിന്ന് യുവാക്കൾ പോയി തുടങ്ങിയാൽ യുവാക്കൾക്ക് ക്ഷാമമുള്ള, വൃദ്ധജനങ്ങൾ പെരുകുന്ന നാടായി നമ്മൾ മാറും. നിലവിൽ തന്നെ കേരളത്തിലെ ഒരു ടൗൺ പ്രേതാലയമായിരിക്കുന്നു എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.

കേരള സർക്കാർ അനിവാര്യമായും പുതുതലമുറയെ മുന്നിൽ കണ്ടു കൊണ്ടുള്ള നയ മാറ്റങ്ങൾക്ക്, മേലെ സൂചിപ്പിച്ച പാരഡൈം ഷിഫ്റ്റിന് തയ്യാറെടുക്കണം. അല്ലെങ്കിൽ കെ റെയിലിൽ സഞ്ചരിക്കാൻ അന്യസംസ്ഥാന തൊഴിലാളികൾ പോലും ഇവിടെ ബാക്കിയുണ്ടാവില്ല. വരുമാനമില്ലാത്ത നാട് ആർക്കും വേണ്ടല്ലോ.

(അവസാനിച്ചു.)

ലത്തീഫ് അബ്ബാസ്, മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ ഫ്രീലാൻസ് ജേർണലിസ്റ്റായി പ്രവർത്തിച്ചിരുന്നു. നിലവിൽ ഡൽഹി സർവ്വകലാശാലയിലെ ചരിത്ര വിഭാഗത്തിൽ ഗവേഷകനാണ്

FAQS

എന്താണ് ആഭ്യന്തര ഉത്പാദനം(GDP)?

ഒരു നിശ്ചിത പ്രദേശത്ത് നിർണ്ണിത കാലയളവിൽ ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം വസ്തുക്കളുടെയും, സേവനത്തിന്റെയും വിപണിമൂല്യമാണ് മൊത്ത ആഭ്യന്തര ഉത്പാദനം അഥവാ ജി ഡി പി. ഒരു രാജ്യത്തിന്റെ സാമ്പത്തിക ശേഷി അളക്കുന്നതിനുള്ള സൂചികയാണ് ജി ഡി പി.

എന്താണ് മാനവ വികസന സൂചിക?

ഒരു രാജ്യത്തിന്റെ സമഗ്രവികസനം സൂചിപ്പിക്കുന്ന അളവുകോലാണ് മാനവ വികസന സൂചിക.

Quotes

“ഇരുട്ടിനെ ഭയപ്പെടുന്ന ഒരു കുട്ടിയോട് നമുക്ക് എളുപ്പം ക്ഷമിക്കാൻ കഴിയും. എന്നാൽ ജീവിതത്തിലെ യഥാർത്ഥ ദുരന്തം മുതിർന്നവർ വെളിച്ചത്തെ ഭയപ്പെടുന്നതാണ്.”

പ്ലേറ്റോ.

By ലത്തീഫ് അബ്ബാസ്

മലയാളം ഇംഗ്ലീഷ് ഭാഷകളിൽ അനുകാലിക വിഷയങ്ങളിൽ എഴുതുന്നു. ചരിത്രം, രാഷ്ട്രീയം, ശാസ്ത്രം, വളർച്ച തുടങ്ങിയ വ്യവഹാരങ്ങൾ ഇഷ്ടം. എല്ലാത്തിനുമുപരി ലോകത്തെ സാകൂതം വീക്ഷിച്ചു കൊണ്ടിരിക്കുന്ന അനേകം ജീവികളിൽ ഒരുവൻ