Wed. Dec 18th, 2024

ഭാഗം ഒന്ന്: ന്യൂജെൻ യുക്തിവാദികളും വ്യവസായങ്ങളും

സോഷ്യൽ മീഡിയയുടെ യുഗമാണിത്. സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട് രണ്ട് കൂട്ടരെ പരിശോധിക്കാം. ഒന്ന്, കേശവൻ മാമൻ. കേശവൻ മാമനെ പരിചയമില്ലാത്തവർ കുറവായിരിക്കും. കേശവൻ മാമൻ ഒരു പ്രതീകമാണ്. കണ്ടതും കേട്ടതും സത്യമെന്നു വിശ്വസിച്ച് സോഷ്യൽ മീഡിയയിൽ തട്ടിവിടുന്ന, വാട്ട്സാപ്പ് യൂണിവേഴ്സിറ്റിയിൽ വിജ്ഞാനകോശമായി വിലസി നടക്കുന്ന എല്ലാ അമ്മാവന്മാരുടെയും പ്രതീകം. പ്രായം അമ്പതു കഴിഞ്ഞ് കാര്യമായ മസ്തിഷ്ക വ്യായാമം താത്പര്യപ്പെടാത്തവരിലും, കോമൺസെൻസിനപ്പുറം ചിന്തിക്കാൻ തയ്യാറല്ലാത്ത മിക്ക സോഷ്യൽ മീഡിയ ഉപഭോക്താവിലും കേശവൻ മാമൻ സിൻഡ്രോം കാണാം.

രണ്ടാമത്തെ കൂട്ടർ, ന്യൂജെൻ യുക്തിവാദികളാണ്. പലപ്പോഴും വലതുപക്ഷ നാസ്തികരെന്നു വിളിപ്പേരുള്ള നിരുപാധിക ക്യാപിറ്റലിസ്റ്റ് പിന്തുണക്കാർ. 2014 നു ശേഷം ഇന്ത്യ വികസിക്കാൻ തുടങ്ങി എന്ന് വിശ്വസിക്കുന്നവരാണ് ഇവരിൽ അധികവും. കമ്മ്യൂണിസത്തോട് അല്ലെങ്കിൽ സോഷ്യലിസ്റ്റ് ആശയങ്ങളോട് നിരുപാധിക ശത്രുതയും വെറുപ്പും വെച്ചു പുലർത്തലും ചരിത്രനിരപേക്ഷമായി മാത്രം കാര്യങ്ങളെ കാണാൻ ശ്രമിക്കുന്നതും ഇവരുടെ പ്രത്യേകതയാണ്. പൊതുവേ മധ്യവർഗ താത്പര്യവും അതിനു മേലെയും മാത്രം സ്വീകാര്യമായവർ. സമരങ്ങളോടും പ്രതിഷേധ പരിപാടികളോടും വിമുഖത. വർത്തമാനകാല സമൂഹ രൂപീകരണത്തിൽ ഭൂതകാലത്തിന്റെ പങ്ക് ചിന്തിക്കാൻ താത്പര്യമില്ല. തന്റെ ജീവിത പ്രിവിലേജുകൾ മാത്രം വെച്ച് സമൂഹത്തിലെ മറ്റെല്ലാത്തിനെയും അളക്കുന്ന വ്യക്തി കേന്ദ്രീകൃത ചിന്താരീതി. ഫേസ്ബുക്കിലും യൂട്യൂബിലും സജീവമായി ഇടപെടുന്നു.

പ്രത്യക്ഷത്തിൽ പരസ്പര ബന്ധമില്ലാത്ത രണ്ടു വിഭാഗമാണ് മേൽ വിവരിച്ച കേശവൻ മാമനും ന്യൂജെൻ യുക്തിവാദികളും. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച് എഴുതുന്ന ഈ ലേഖനത്തിൽ ഇവരുടെ റോൾ എന്തെന്നായിരിക്കാം ചോദ്യം. കേരളം നശിച്ച് നാറാണക്കല്ലെടുക്കുന്നു എന്ന സൈറൺ നിരന്തരം സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ മുഴക്കിക്കൊണ്ടിരിക്കുന്നവരാണ് മേൽപറഞ്ഞവർ. ഇതിൽ കേശവൻ മാമന്മാരെ ഒഴിവാക്കാം. സകല അന്ധവിശ്വാസങ്ങൾ മുതൽ കോമൺ സെൻസിന് വഴങ്ങുന്ന എന്തും (കോമൺ സെൻസിനപ്പുറം ചിന്താശേഷി ആവശ്യമുള്ള കാര്യങ്ങൾ വഴങ്ങില്ല) അവർ സോഷ്യൽ മീഡിയയിൽ തട്ടിക്കൊണ്ടിരിക്കും. അതൊരു റാണ്ടം പ്രതിഭാസമാണ്. പ്രത്യേകമായ ആശയ സംവേദനം സാധ്യമായ ആദർശ -ചിന്താ ധാരയല്ല. എന്നാൽ ന്യൂജെൻ യുക്തിവാദികൾ അങ്ങനെയല്ല.

ന്യൂജെൻ യുക്തിവാദികളെയാണ് ഈ ലേഖനം അഡ്രസ് ചെയ്യുന്നത്. സോഷ്യലിസ്റ്റ് – കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് അന്ധമായ വിരോധം പുലർത്തുന്നതിനാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന കേരളം നാശത്തിന്റെ വക്കിലാണെന്നാണ് ന്യൂജെൻ യുക്തിവാദികൾ വാദിക്കുന്നത്. ഇത്രകാലം ഇവിടെ കമ്മ്യൂണിസ്റ്റ് സാന്നിദ്ധ്യമുണ്ടായതിനാലാണ് കേരളത്തിന് വ്യാവസായിക മേഖലകളിൽ മുന്നേറാൻ കഴിയാത്തത് എന്നാണ് പ്രധാന വിമർശനം.

കമ്മ്യൂണിസമെന്നാൽ മറ്റു ചർച്ചകളൊക്കെ മാറ്റി നിർത്തിയാൽ അതിന്റെ കാതലായ ഘടകം സ്വകാര്യ സ്വത്തിന്റെ നിർമ്മൂലനമാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒരിക്കലും സ്വകാര്യ സ്വത്താവകാശത്തെ എതിർത്തിട്ടില്ല. മാത്രമല്ല, 1957 ൽ ഭരണത്തിൽ വന്ന ഇഎംഎസ് ഭൂപരിഷ്കരണ നിയമം പാസ്സാക്കി ഭൂമിയില്ലാത്തവർക്കും സ്വകാര്യ ഭൂമി നൽകാനാണ് ശ്രമിച്ചത്. അതായത് സിപിഎം എന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പേരിൽ മാത്രമാണ് കമ്മ്യൂണിസമുള്ളത്, നയം അതല്ല.

അപ്പോൾ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടു വെക്കുന്ന ആശയമോ? അത് സോഷ്യലിസമായിരുന്നു. സോഷ്യലിസമെന്നത് ഒറ്റ നിർവചനത്തിൽ ഒതുങ്ങുന്ന ആശയല്ല. ലോകത്ത് പലതരം സോഷ്യലിസ്റ്റുചിന്തകൾ കഴിഞ്ഞു പോയിട്ടുണ്ട്.

ഈജിപ്തിൽ ഗമാൽ അബ്ദുന്നാസർ തുടക്കം കുറിച്ച അറബ് സോഷ്യലിസം, ഗദ്ദാഫി തൻ്റെ ഗ്രീൻ ബുക്ക് പുസ്തകത്തിലൂടെ കൊണ്ടുവരാൻ ശ്രമിച്ച ആഫ്രിക്കൻ സോഷ്യലിസം, ഇന്ത്യയിൽ ഉടലെടുത്ത ലോഹ്യ മുതൽ എംഎൻ റോയി വരെയുള്ളവർ ആവിഷ്കരിച്ച മറ്റു സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങൾ, യൂറോപ്പിൽ ചാൾസ് ഫൗരിയറും റോബർട്ട് ഓവനും കൊണ്ടുവരാൻ ശ്രമിച്ച സോഷ്യലിസ്റ്റ് ചിന്തകൾ, അതു കൂടാതെ വേറെയും ധാരാളം ഉട്ടോപ്യൻ സോഷ്യലിസ്റ്റ് ധാരകൾ.

എല്ലാ മനുഷ്യരും തുല്യതയോടെയും, ചൂഷണരഹിതമായും സമാധാനത്തോടെയും ജീവിച്ച് പോകുന്ന ഭൂമിയിലെ സ്വർഗരാജ്യമാണ് എല്ലാ സോഷ്യലിസ്റ്റ് ചിന്തകരും തങ്ങളുടെ ലക്ഷ്യമായി കണ്ടത്. എന്നാൽ ഇതൊന്നും ഒരു കാലത്തും പ്രയോഗത്തിൽ വന്നിട്ടില്ല, ഇനി വരാൻ പോകുന്നുമില്ല, കാരണം മനുഷ്യൻ അടിസ്ഥാനപരമായി സ്വാർത്ഥതയുള്ള ജീവിയാണ്. തന്റെ അതിജീവനമാണ് ഓരോരുത്തർക്കും പ്രധാനം. അതു കഴിഞ്ഞിട്ട് മാത്രമേ ബാക്കിയുള്ളവരെ പറ്റി ചിന്തിക്കണോ വേണ്ടയോ എന്ന ഓപ്ഷൻ മുന്നിൽ വരുന്നത്. ഓപ്ഷനാണ്, നിർബന്ധമല്ല.

പ്രത്യേകമായ നിർവചനക്കൂട്ടിൽ ഒതുങ്ങാത്ത സോഷ്യലിസത്തിന് ഇരുപതാം നൂറ്റാണ്ടിൽ പൊതുവെ സ്വീകാര്യമായ നയമായിരുന്നു ഉത്പാദന വിതരണ മേഖലയിലും പൊതുവിഭവങ്ങളിലും സർക്കാറിന് കാര്യമായ പങ്കാളിത്തം അനുവദിക്കുക എന്നത്. അസമത്വങ്ങളും വിവേചനങ്ങളും കൊടുമ്പിരിക്കൊള്ളുന്ന സമൂഹത്തിൽ ഭരണകൂടം വിഭവങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ ചൂഷണം ക്രമാതീതമായി വർദ്ധിക്കുമെന്നും വിഭവങ്ങൾ സർക്കാറിന്റെ ഉടമസ്ഥതയിലായാൽ സർക്കാറിന് വരുമാനമുണ്ടാക്കാമെന്നും അതിലൂടെ ജനങ്ങളുടെ ക്ഷേമം നടത്താം എന്നുമാണ് ഈ സോഷ്യലിസ്റ്റ് നയം ലക്ഷ്യമാക്കിയിരുന്നത്.

എന്നാൽ, ഇന്ന് ലോകത്തെ രാഷ്ട്രീയ വ്യവസ്ഥിതിയിൽ സോഷ്യലിസം എന്ന വാക്ക് അപ്രസക്തമാണ്. വ്യക്തികൾക്ക് വാണിജ്യ സ്വാതന്ത്ര്യം നൽകുന്ന ക്യാപിറ്റലിസത്തിലേക്ക് ലോകം മാറിയിരിക്കുന്നു. ഒരുകാലത്ത് പൂർണ്ണ സോഷ്യലിസ്റ്റ് രാജ്യമായിരുന്ന ചൈന ഇന്ന് ക്യാപിറ്റലിസ്റ്റ് നയം പിന്തുടരുന്നു. ക്യാപ്പിറ്റലിസമാണ് സമ്പന്നതയും തൊഴിലവസരങ്ങളും ജീവിത സൗകര്യങ്ങളും ലോകത്തെങ്ങും കൊണ്ടു വരുന്നത് എന്ന കാര്യത്തിൽ ഈ ലേഖകനും അഭിപ്രായ വ്യത്യാസമില്ല.

പറഞ്ഞു വരുന്നത് സോഷ്യലിസം മുന്നോട്ടു വെക്കുന്ന ലക്ഷ്യങ്ങൾ അപ്രസക്തമെന്നല്ല. ജനങ്ങളുടെ ക്ഷേമവും ഐശ്വര്യവും ഉറപ്പു വരുത്തേണ്ടത് ഒരു സർക്കാറിന്റെ ബാധ്യത തന്നെയാണ്. പക്ഷേ അത് നടപ്പിലാക്കേണ്ടത് പൊതു വിഭവങ്ങൾ സർക്കാർ കൈപ്പിടിയിലൊതുക്കി സ്വകാര്യ സംരംഭങ്ങൾക്ക് വിലക്ക് വെച്ചല്ല.

ഒരു നാട്ടിൽ സ്വകാര്യ സംരംഭങ്ങൾ വളരുമ്പോൾ മാത്രമേ ആ നാട്ടിലെ എക്കണോമിക്ക് ചലനമുണ്ടാകൂ. എക്കണോമി ചലിക്കുമ്പോൾ മാത്രമേ സർക്കാറിനു ഖജനാവിൽ വരുമാനമുണ്ടാകൂ. വരുമാനമുള്ള സർക്കാറിനേ ക്ഷേമ പ്രവർത്തനം നടത്താനാകൂ. അതുകൊണ്ടാണ് ഇരുപത്തൊന്നാം നൂണ്ടിലേക്ക് കടക്കുമ്പോഴേക്കും ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ സ്വകാര്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ക്യാപിറ്റലിസ്റ്റ് നയങ്ങളിലേക്ക് മാറിയത്.

ലോകത്തെ എല്ലാ കാര്യങ്ങൾക്കും രണ്ടു വശങ്ങൾ ഉള്ളതുപോലെ ക്യാപിറ്റലിസത്തിനും മറ്റൊരു വശമുണ്ട്. ക്യാപിറ്റലിസത്തെ ലളിതമായി വ്യക്തികളുടെ വാണിജ്യ സ്വാതന്ത്ര്യം എന്നു വിശേഷിപ്പിക്കാം. ഒരു സ്റ്റേറ്റിൽ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിനു പരിധികളും നിയന്ത്രണങ്ങളുമുണ്ട്. അത് പല ഘടകങ്ങളെയും ആശ്രയിച്ചുമിരിക്കും. അതുപോലെ വ്യക്തികളുടെ വാണിജ്യ സ്വാതന്ത്ര്യത്തിനും പരിധികളും നിയന്ത്രണങ്ങളും ഉണ്ടായിരിക്കണം. നിയന്ത്രണങ്ങളില്ലാത്ത വാണിജ്യ സ്വാതന്ത്ര്യം അഥവാ അനിയന്ത്രിത ക്യാപിറ്റലിസം പുലിപ്പുറത്തുള്ള സഞ്ചാരമാണ്. അത് സ്റ്റേറ്റിന്റെ സുഖകരമായ നടത്തിപ്പിന് ദോഷമാണ്. സ്റ്റേറ്റിനു ദോഷമായതു ജനങ്ങൾക്കും ദോഷമായിരിക്കും.

അതായത്, നിയന്ത്രണങ്ങൾക്കും പരിധികൾക്കുമുള്ളിൽ പ്രവർത്തിക്കുന്ന ക്യാപിറ്റലിസമാണ് ഒരു രാജ്യത്തിനഭികാമ്യം. സാങ്കേതിക പ്രയോഗത്തിൽ അതിന് മിക്സ്ഡ് എക്കണോമി എന്നൊക്കെ പറയും. ഇന്ന് ലോകത്ത് സ്വീകാര്യമായി കൊണ്ടിരിക്കുന്ന വെൽഫയർ സ്റ്റേറ്റ് ആശയവും സോഷ്യൽ ഡെമോക്രസിയും മിക്സഡ് എക്കണോമിയാണ് ആശ്രയിക്കുന്നത്. സോഷ്യൽ ഡെമോക്രാറ്റിക് രാജ്യങ്ങളായ ഡെന്മാർക്കും സ്വീഡനുമൊക്കെയാണ് ഇന്ന് ലോകത്ത് കൂടുതൽ സാമൂഹിക സുരക്ഷിതത്വവും ജനങ്ങൾക്ക് മികച്ച സർക്കാർ സേവനവും നൽകുന്ന രാജ്യങ്ങൾ.

സോഷ്യലിസത്തിന്റെ വിവിധ പരിണാമവും പ്രയോഗങ്ങളും സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്, ക്യാപിറ്റലിസം നിയന്ത്രണത്തിൽ വരേണ്ട ആവശ്യകത മനസിലാക്കുന്നതിന് വേണ്ടിയും. കേരളത്തെപ്പറ്റി പറയുമ്പോൾ ഇതൊക്കെ പറയേണ്ടതുണ്ടോ? ഉണ്ട്, കേരളം കമ്യൂണിസ്റ്റു നരകമാണെന്നും ക്യാപിറ്റലിസം സ്വർഗമാണെന്നും ചരിത്രബോധമില്ലാതെ വിളമ്പുന്ന ന്യൂജെൻ യുക്തിവാദികളും കേശവൻ മാമന്മാരും ഇതൊക്കെ ആദ്യം മനസ്സിലാക്കേണ്ടതുണ്ട്.

സ്വകാര്യ സ്വത്താവകാശത്തെ എതിർക്കാത്ത കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ കമ്മ്യൂണിസത്തിന്റെ നടത്തിപ്പുകാരല്ല സോഷ്യലിസ്റ്റു ചിന്താഗതിക്കാരാണെന്ന് ആദ്യം പറഞ്ഞല്ലോ. എല്ലാ സോഷ്യലിസ്റ്റുകളെയും പോലെ സമത്വസുന്ദരമായ ചൂഷണമുക്ത വ്യവസ്ഥിതിക്കായി പ്രസംഗിക്കുകയും എഴുതുകയും ചെയ്തവരാണ്. പക്ഷേ സ്വകാര്യ സംരംഭങ്ങൾ ഇല്ലാതാകണം എന്ന് അവർ വാദിച്ചിട്ടില്ല. ഇന്ത്യ എന്ന രാജ്യത്തിനകത്ത് അങ്ങനെയൊരു ലക്ഷ്യം സാധ്യവുമല്ല. മാത്രമല്ല, സ്വകാര്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

EMS Namboodiripad

ഇഎംഎസിന്റെ നേതൃതത്തിൽ 1957 ലാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരുന്നത്. എല്ലാവർക്കും സ്വകാര്യ സ്വത്ത് ലഭ്യമാക്കുന്ന ഭൂപരിഷ്കരണം നയം കൊണ്ടുവരാൻ ശ്രമിച്ച ഇഎംഎസ് പിന്നീടു ചെയ്തത് 1958 മെയ് 3 ന് ബിർലാ ഗ്രൂപ്പുമായി കരാറിലേർപ്പെട്ട് മാവൂരിൽ ഗ്വാളിയോർ റയോൺസ് എന്ന ഫാക്ടറി നിർമിക്കാൻ അനുമതി നൽകുകയായിരുന്നു. 316 ഏക്കർ ഭൂമിയും നിലമ്പൂർ കാട്ടിലെ മുഴുവൻ മുളയും വാഗ്ദാനം ചെയ്താണ് ഇഎംഎസ്, ബിർല മുതലാളിയെ കേരളത്തിലേക്ക് ആനയിച്ചത്. ഒരു മുഖ്യമന്ത്രി വ്യവസായിയെ ക്ഷണിച്ചു കൊണ്ടുവരുന്ന രീതിക്ക് തുടക്കമിട്ടത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്.

Technopark Trivandrum

ഇന്ത്യയിൽ ഏറ്റവും വലുതും ഏറ്റവും ആദ്യത്തേതുമായ ഐടി പാർക്ക് തിരുവനന്തപുരത്തെ ടെക്നോപാർക്കാണെന്ന കാര്യം പലർക്കും അറിയാത്തതാണ്. 70,000 ൽ അധികം പേർക്ക് തൊഴിൽ നൽകുന്ന ടെക്നോ പാർക്ക്, ഇന്ത്യയുടെ LPG ആക്ട് വരുന്നതിനും മുന്നേ 1990 ജൂലൈയിൽ കേരളത്തിൽ സ്ഥാപിക്കുന്നത് അന്നത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരാണ്. 1989 ൽ അമേരിക്കയിൽ ആപ്പിൾ കമ്പനി സന്ദർശിച്ച ശേഷമാണ് നായനാർക്ക് ഇങ്ങനെയൊരു ആശയം ഉദിച്ചത്. ഭരണാധികാരികളുടെ വിദേശ സന്ദർശങ്ങൾക്ക് ഇങ്ങനെയൊരു വശമുണ്ടെന്ന് പലപ്പോഴും കേശവൻ മാമന്മാർക്ക് അറിയില്ല.

സ്വകാര്യ സംരംഭങ്ങളെ സ്വാഗതം ചെയ്യുന്ന ക്യാപിറ്റലിസ്റ്റ് അനുഭാവമുള്ളവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ എന്നതിന്റെ രണ്ട് ഉദാഹരണങ്ങളാണ് മേൽപറഞ്ഞവ. ക്യാപിറ്റലിസത്തെ അംഗീകരിക്കുന്നതോടൊപ്പം സമൂഹത്തിൽ മുതലാളിമാരുടെ ചൂഷണം ഉണ്ടാകരുതെന്നും തൊഴിലാളിക്ക് പരിരക്ഷ വേണമെന്നും മുതലാളിമാർ സ്റ്റേറ്റിന്റെ നിയന്ത്രണത്തിൽ വരണമെന്നുമാണ് കമ്മ്യൂണിസ്റ്റുകൾ ആവശ്യപ്പെടുന്നത്. ഫലത്തിൽ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരായ കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ സോഷ്യൽ ഡെമോക്രാറ്റുകളാണ്.

സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ്, ക്യാപിറ്റലിസ്റ്റ് തുടങ്ങിയ ജാർഗണുകളുടെ വരട്ടു സംവാദങ്ങൾക്ക് ഇരുപതാം നൂറ്റാണ്ടോടെ പഴക്കം സംഭവിച്ചതാണ്. ഇന്ന് അത്തരം ചാരുകസേര സംവാദങ്ങൾക്ക് പ്രസക്തിയില്ല. സോഷ്യലിസത്തിന്റെയും ക്യാപിറ്റലിസത്തിന്റെയും ഗുണവശങ്ങൾ പ്രായോഗികമായി സ്വീകരിക്കുന്ന സോഷ്യൽ ഡെമോക്രസി മാതൃകകളാണ് ലോകം പരീക്ഷിക്കുന്നത്.

കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ ക്യാപിറ്റലിസ്റ്റ് വിരോധികളല്ലെങ്കിൽ എന്തുകൊണ്ടാണ് കേരളത്തിൽ ധാരാളം ഫാക്ടറികളും വ്യവസായങ്ങളും വരാത്തത് എന്നായിരിക്കും ന്യൂ ജെൻ യുക്തിവാദികളുടെ ചോദ്യം. ഈ ലേഖനം എഴുതാനുണ്ടായ ഉദ്ദേശ്യവും ആ ചോദ്യത്തിനുള്ള മറുപടിയാണ്.

കേരളത്തിന്റെ വ്യവസായ വിമുഖതയ്ക്കു പിന്നിൽ

ഒരു നാടിൻ്റെ എക്കണോമി വളരണമെങ്കിൽ നാട്ടുകാരുടെ കയ്യിൽ വാങ്ങൽ ശേഷി വർദ്ധിക്കണം, അതായത് ആൾക്കാരുടെ കയ്യിൽ പണം വേണം. പണമുണ്ടാകണമെങ്കിൽ തൊഴിൽ വേണം. തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണമെങ്കിൽ നാട്ടിലെ ഉത്പാദന വിതരണ രംഗം മെച്ചപ്പെടണം. ആദ്യകാലത്ത് കൃഷിയായിരുന്നു ലോകത്ത് എല്ലായിടത്തും ജനങ്ങളുടെ പ്രധാന ഉത്പാദന മേഖലയും തൊഴിൽരംഗവും.

സാങ്കേതിക വിദ്യ വളർന്നു വന്നപ്പോൾ പതിയെ കൃഷിയിൽ നിന്ന് വ്യവസായ മേഖലയിലേക്ക് ജനങ്ങൾ തിരിഞ്ഞു. കൃഷി ചെയ്ത് ലഭിക്കുന്നതിന്റെ ഇരട്ടി പണം വ്യാവസായിക തൊഴിലിൽ നിന്ന് ലഭിക്കുമെങ്കിൽ വ്യവസായ മേഖലയാണ് മെച്ചം. അങ്ങനെയാണ് വികസിക്കുന്ന രാജ്യങ്ങളിലെല്ലാം മൊത്ത ഉത്പാദനത്തിന്റെ (GDP) വലിയൊരു പങ്ക് കൃഷിയിൽ നിന്ന് മാറി വ്യവസായ മേഖലയിൽ നിന്നായത്. ഇന്നത് സേവന മേഖലയിലേക്ക് മാറിയിരിക്കുന്നു.

കുറേ കാലങ്ങൾക്കു മുമ്പ് കേരളത്തിലെ ജനങ്ങളും കൃഷിയെ ആശ്രയിച്ചു തന്നെയാണ് ജീവിച്ചിരുന്നത്. ഒട്ടും ലാഭകരമല്ലാത്ത കൃഷി ദാരിദ്ര്യത്തിന് മാറ്റം വരുത്തിയില്ല. എന്നാൽ വേറെ കാര്യമായ തൊഴിലുകളില്ലതാനും. തൊഴിലുകളുണ്ടാവണമെങ്കിൽ നാട്ടിൽ നിക്ഷേപങ്ങൾ ഉണ്ടാവണം, നിക്ഷേപം നടത്താൻ ആൾക്കാരുടെ കയ്യിൽ പണം വേണം. കയ്യിൽ പണമില്ലാത്തതു കൊണ്ട് നിക്ഷേപവുമില്ല, നിക്ഷേപമില്ലാത്തതു കൊണ്ട് തൊഴിലുമില്ല, ദാരിദ്ര്യത്തിന് ഒരു മാറ്റവുമില്ല. ഈ അവസരത്തിലാണ് മലയാളികൾ ഗൾഫിലേക്കും മറ്റ് വിദേശ നാടുകളിലേക്കും തൊഴിലന്വേഷിച്ച് പോകുന്നതും നാട്ടിലേക്ക് പണം അയയ്ക്കുന്നതും.

നാട്ടുകാരുടെ കയ്യിൽ നിക്ഷേപം നടത്താൻ പണമില്ലെങ്കിൽ സർക്കാറിന് കയ്യിൽ പണമുള്ള വ്യവസായ നിക്ഷേപകരെ പുറത്ത് നിന്ന് കൊണ്ടു വന്ന് കേരളത്തിൽ നിക്ഷേപം നടത്തിച്ച് വ്യവസായ ശാലകൾ പണിത് നാട്ടുകാർക്ക് തൊഴിലുണ്ടാക്കി നൽകാമായിരുന്നില്ലേ? എന്തുകൊണ്ട് ഇത്തരത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ കേരളം പരാജയപ്പെട്ടു? ചോദ്യങ്ങൾ ബാക്കിയാണ്.
ഉത്തരം, കേരളം കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിച്ചതു കൊണ്ടെന്നാണ് ന്യൂജൻ യുക്തിവാദികൾ പറയുന്നത്. 1957 ൽ അധികാരത്തിൽ വന്ന ഇ എം എസ് 1958 ൽ ബിർലയെ കൊണ്ടുവന്ന് ഇവിടെ വ്യവസായം പണിത കഥ മുകളിൽ പറഞ്ഞു. ആ കഥയോ അതിന്റെ ശേഷം നടന്ന കാര്യങ്ങളോ ചരിത്രനിരപേക്ഷമായി വിധി പറയുന്ന ന്യൂജെൻ യുക്തിവാദികൾ അന്വേഷിക്കില്ല.

ബിർലയുടെ കഥയിലേക്ക് വരുന്നതിന് മുമ്പ് വ്യവസായങ്ങൾ കൊണ്ടുവരുന്നതിൽ കേരളം പരാജയപ്പെടാനുണ്ടായ കാരണങ്ങൾ മൂന്ന് കാര്യങ്ങളിൽ ആറ്റിക്കുറുക്കി പറയാം.

ഒന്ന്, കേരളത്തിലെ ജനങ്ങൾ ഉയർന്ന സാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ളവരും ഉയർന്ന ജീവിത നിലവാരം ആഗ്രഹിക്കുന്നവരും ജീവിത ലക്ഷ്യങ്ങൾ ഉള്ളവരുമാണ്. രണ്ട്, മലകളും പുഴകളും വനങ്ങളും കൊണ്ട് സമൃദ്ധമായ കേരളത്തിന്റെ ഇടുങ്ങിയ ഭൂമിശാസ്ത്ര കിടപ്പ്. മൂന്ന്, ജനവാസമേഖല പരിമിതമായതിനാൽ ഉയർന്ന ജനസാന്ദ്രത.

നവോത്ഥാനവും ഭൂപരിഷ്കരണവും വിദ്യാഭ്യാസ മുന്നേറ്റവും നടന്ന കേരളത്തിലെ ജനങ്ങൾ നല്ല ജീവിതം ജീവിക്കാൻ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. അങ്ങനെയുള്ളവർ തുച്ഛമായ കൂലിക്ക് തൊഴിൽ ചെയ്യാൻ തയ്യാറാവില്ല. നല്ല പാർപ്പിടവും നല്ല വിദ്യാഭ്യാസവും നല്ല വേഷവും നല്ല ഭക്ഷണവും ഉണ്ടാവണമെങ്കിൽ കയ്യിൽ നല്ല കാശ് വേണ്ടിവരും. അതിന് പണിയെടുത്താൽ നല്ല കൂലി കിട്ടണം. എന്നാൽ മുതലാളിമാർക്ക് തുച്ഛമായ വേതനത്തിന് അടിമപ്പണി ചെയ്യുന്ന തൊഴിലാളികളെയാണ് വേണ്ടത്. അത് ലഭിച്ചില്ലെങ്കിൽ മുതലാളിമാർ ഇങ്ങോട്ട് വരില്ല, അത് ലഭിക്കുന്നിടങ്ങളിലേക്ക് പോകും. ഇനി വന്നാൽ തന്നെ അടിമപ്പണിയെടുക്കാൻ അവകാശ ബോധമുള്ള തൊഴിലാളികൾ തയ്യാറാവില്ല. അവർ സംഘടിച്ച് ഗ്രൂപ്പ് ചേർന്ന് മുതലാളിക്കെതിരെ സമരം ചെയ്യും. ഒന്നുകിൽ മുതലാളി വഴങ്ങും, അല്ലെങ്കിൽ ഫാക്ടറി പൂട്ടി തനിക്ക് പറ്റിയ ഇടങ്ങളിലേക്ക് മുതലാളി കുറ്റി പറിച്ച് നടും.

മലകളും പുഴകളും പ്രകൃതി സൗന്ദര്യങ്ങളും നിറഞ്ഞ കേരളത്തിന്റെ ഭൂപ്രകൃതി സ്വാഭാവികമായും വ്യവസായ സൗഹാർദ്ദപരമല്ല. പരിസ്ഥിതിയെപ്പറ്റിയും അവയെ സംരക്ഷിക്കേണ്ട ബാധ്യതയെപ്പറ്റിയും ബോധവാന്മാരായ മനുഷ്യരുള്ള നാട്ടിൽ പരിസ്ഥിതി – വന നിയമങ്ങളുടെ എണ്ണം കൂടും. അത് ലംഘിക്കപ്പെട്ടാൽ സാഹിത്യകാരന്മാരും സാംസ്കാരിക പ്രവർത്തകരും തീ തുപ്പുന്ന പുകക്കുഴലുകൾക്കെതിരെയും ഇടിച്ചു വീഴ്ത്തുന്ന കുന്നുകൾക്കു വേണ്ടിയും കവിത എഴുതി പ്രതിഷേധം നടത്തും. ജനങ്ങളും ഒപ്പം ചേരും. സ്വാഭാവികമായും ഫാക്ടറി നടത്തുന്ന മുതലാളി ഇറങ്ങിപ്പോകും. ഇതൊക്കെയാണ് കേരളത്തിൽ വ്യവസായങ്ങൾ തലപൊക്കാതിരിക്കാനുള്ള കാരണങ്ങൾ. അല്ലാതെ വാട്ട്സാപ്പിലും മറ്റും കേശവൻമാമനും ന്യൂജെൻ യുക്തിവാദികളും അടിച്ചിറക്കുന്നതു പോലെ കമ്മ്യൂണിസ്റ്റുകാർ ഭരിച്ചതു കൊണ്ടല്ല.

ഇനി, ഇഎംഎസ് ബിർലയെ കൊണ്ടുവന്ന കഥ പറയാം. ബിർലയുടെ ഗ്വാളിയോർ റയോൺസ്‌ എന്ന ഗ്രാസിം കമ്പനി 1963 ൽ ഗംഭീരമായ തുടക്കം കുറിച്ചു. മാവൂർ പ്രദേശം വികസിച്ചു തുടങ്ങി, നല്ല റോഡുകളും പോലീസ് സ്റ്റേഷനും ഹോസ്പിറ്റലുകളുമുണ്ടായി. പക്ഷേ കുറച്ചു വർഷങ്ങൾക്കു ശേഷം മാവൂരും പരിസരവും കറുത്ത പുക കൊണ്ട് നിറഞ്ഞു. ചാലിയാർ പുഴ വിഷമയമായി. മത്സ്യ ബന്ധനം പോലും നിലച്ചു. ജനങ്ങൾ അതുവരെയില്ലാത്ത പുതിയ തരം രോഗങ്ങൾ കൊണ്ട് പൊറുതിമുട്ടി. പലരും ക്യാൻസർ വന്ന് മരിച്ചു. സമരങ്ങളായി, പ്രതിഷേധമായി, 1983 ൽ കമ്പനി പൂട്ടി. ഇടക്ക് വീണ്ടും തുറന്നെങ്കിലും 2001 ൽ അവസാനമായി ഷട്ടറിട്ടു. ഇതാണ് ഐക്യകേരളത്തിലെ ആദ്യത്തെ കമ്പനിയുടെ ചരിത്രം. സ്വന്തം പഞ്ചായത്തിൽ വായുവും വെള്ളവും മലിനീകരിക്കാൻ സർക്കാർ സമ്മതിച്ചാലും കേരളത്തിലെ ജനങ്ങൾ സമ്മതിക്കില്ലെന്ന് ചുരുക്കം.

പറഞ്ഞു വരുന്നത് ഫാക്ടറികളും വ്യവസായങ്ങളും മനുഷ്യർക്കും പരിസ്ഥിതിക്കും ദോഷമാണെന്ന വ്യവസായ വിരുദ്ധ ആക്ഷേപമല്ല, മറിച്ച് അവ മനുഷ്യനെയും നിയമങ്ങളെയും പരിഗണിച്ച് കൊണ്ട് നിലനിൽക്കാൻ ശ്രമിക്കണമെന്നാണ്. ലോകത്തെ വികസിത രാജ്യങ്ങളിലെല്ലാം വ്യവസായശാലകൾ നിയമങ്ങൾ അനുസരിച്ച് നിലനിൽക്കുമ്പോൾ ഇന്ത്യയിൽ വ്യവസായങ്ങൾക്ക് വേണ്ടി മനുഷ്യനും നിയമങ്ങളും വഴി മാറേണ്ടി വരുന്നു. 85,000 കോടി ചെലവാക്കി നന്നാക്കിയിട്ടും ഇന്നും പരിശുദ്ധ ഗംഗാനദി വ്യവസായ മാലിന്യങ്ങളിൽ നിന്ന് മുക്തി നേടിയിട്ടില്ല.

ഗൾഫ് കുടിയേറ്റവും കേരളത്തിന്റെ വളർച്ചയും

കേരളത്തിൽ വ്യവസായങ്ങൾ വളരാതിരിക്കാനുള്ള കാരണങ്ങളാണ് മുകളിൽ ചർച്ച ചെയ്തത്. ഉയർന്ന കൂലിയും ഉയർന്ന ജീവിത നിലവാരവും നല്ല പാരിസ്ഥിതിക ചുറ്റുപാടും ആഗ്രഹിച്ചു നടക്കുന്ന മലയാളിക്ക് വ്യവസായം തുണയായില്ല. പക്ഷേ ആഗ്രഹങ്ങൾ ബാക്കിയാക്കി തൊഴിലില്ലാതെ ദാരിദ്ര്യവും പേറി വല്ല ഭാഗ്യം വരുന്നതും കാത്തിരിക്കാനായിരുന്നില്ല മലയാളിയുടെ വിധി. ലോകത്തിൻ്റെ ഏതെങ്കിലും ഭാഗത്ത് അവസരങ്ങൾ സ്പന്ദിക്കുന്നത് അറിയാനുള്ള വിദ്യാഭ്യാസവും ലോകബോധവും മലയാളിക്കുണ്ടായിരുന്നു. ഗൾഫിൽ ഇന്ധന നിധിയുടെ ഖനനം ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിച്ചപ്പോൾ മലയാളി അതിജീവനത്തിനായി അങ്ങോട്ടേക്ക് പറന്നു. അവിടെ മുതലാണ് മലയാളിയുടെ സ്വപ്നങ്ങൾക്ക് ചിറകു മുളച്ച് തുടങ്ങിയത്.

(തുടരും)

ലത്തീഫ് അബ്ബാസ്, മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ ഫ്രീലാൻസ് ജേർണലിസ്റ്റായി പ്രവർത്തിച്ചിരുന്നു. നിലവിൽ ഡൽഹി സർവ്വകലാശാലയിലെ ചരിത്ര വിഭാഗത്തിൽ ഗവേഷകനാണ്.

FAQs

എന്താണ് മാർക്സിസം?

കാൾ മാക്സിന്റെയും ഏംഗൽസിന്റെയും രചനകളിൽ നിന്നും ഉരുത്തിരിഞ്ഞ തത്ത്വശാസ്ത്രവും അതിനനുഗുണമായ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ സിദ്ധാന്തങ്ങളുമാണ് മാർക്സിസം എന്നറിയപ്പെടുന്നത്. മാർക്സിന്റെയും ഏംഗൽസിൻ്റെയും സംഭാവനകൾക്കുപുറമേ, ഒന്നാം തൊഴിലാളി ഇന്റർനാഷണൽ, ,കമ്യൂണിസ്റ് ലീഗ്, വിവിധ കമ്യൂണിസ്റ്റ് പാർട്ടികൾ, മറ്റ് മാർക്സിയൻ ചിന്തകൻമാർ ഒക്കെ ഈ ചിന്താശാഖയെ വികസിപ്പിച്ചിട്ടുണ്ട്.

എന്താണ് സോഷ്യലിസം?

ഉത്പന്നങ്ങളുടെ നിർമ്മാണത്തിൻറെയും വിതരണത്തിന്റെയും സകല ഉപാധികളും പൊതു ഉടമസ്ഥതയിൽ കൊണ്ടുവരുന്നരീതിയിൽ സമൂഹത്തെ സംഘടിപ്പിക്കുന്നത് ഉദ്ദേശിച്ചിട്ടുള്ള സിദ്ധാന്തങ്ങളുടെ ഒരു ബൃഹത് സഞ്ചയത്തെയാണ് സോഷ്യലിസം എന്ന പദംകൊണ്ട് പരാമർ‌ശിക്കുന്നത്. സാമ്പത്തിക സമത്വമാണ് സോഷ്യലിസത്തിന്റെ മുഖമുദ്ര.

എന്താണ് കാപിറ്റലിസം?

ഉത്പാദനോപാധികളുടെ സ്വകാര്യ ഉടമസ്ഥത നിലനിൽക്കുന്നതും അവ ലാഭാധിഷ്ഠിതമായി ഉപയോഗിക്കുന്നതുമായ സമ്പദ്‌വ്യവസ്ഥയെ ആണ് മുതലാളിത്തം എന്ന് വിളിക്കുന്നത്.

Quotes

“ന്യായബോധമുള്ള ഓരോ മനുഷ്യനും മിതവാദിയായ സോഷ്യലിസ്റ്റ് ആയിരിക്കണം.” -തോമസ് മാൻ

By ലത്തീഫ് അബ്ബാസ്

മലയാളം ഇംഗ്ലീഷ് ഭാഷകളിൽ അനുകാലിക വിഷയങ്ങളിൽ എഴുതുന്നു. ചരിത്രം, രാഷ്ട്രീയം, ശാസ്ത്രം, വളർച്ച തുടങ്ങിയ വ്യവഹാരങ്ങൾ ഇഷ്ടം. എല്ലാത്തിനുമുപരി ലോകത്തെ സാകൂതം വീക്ഷിച്ചു കൊണ്ടിരിക്കുന്ന അനേകം ജീവികളിൽ ഒരുവൻ