Wed. Jan 22nd, 2025

കൊച്ചി: പതിനഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചിയില്‍ ജൂത ആചാരപ്രകാരമുള്ള വിവാഹം നടന്നു. ക്രൈംബ്രാഞ്ച് മുന്‍ എസ്പി ബിനോയ് മലാഖൈ, മഞ്ജുഷ മിറിയം ഇമ്മാനുവേല്‍ എന്നിവരുടെ മകള്‍ റേച്ചല്‍ മലാഖൈയും യുഎസ് പൗരനും നാസ എന്‍ഞ്ചിനീയറുമായ റിച്ചഡ് സാക്കറി റോവുമാണ് ജൂത ആചാരപ്രകാരം വിവാഹിതരായത്. കൊച്ചിയിലെ കായലോരത്തെ റിസോര്‍ട്ടില്‍ വെച്ചാണ് വിവാഹം നടന്നത്. മാതാപിതാക്കളുടെ കൈപിടിച്ച് വേദിയില്‍ എത്തിയതിനു ശേഷം വധു വരനെ ഏഴ് തവണ വലയം വെക്കും. പിന്നീടാണ് പ്രധാന ചടങ്ങുകളിലേക്ക് കടക്കുന്നത്. കെത്തുബ എന്ന വിവാഹ ഉടമ്പടി വായിച്ചു കേള്‍പ്പിച്ചതിന് ശേഷം പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും ജീവിതപങ്കാളിയായി കഴിയാമെന്ന് റബായിക്ക് ഉറപ്പു നല്‍കും. ഇതിന് ശേഷമാണ് ഇരുവരും വിവാഹ മോതിരം അണിയിക്കുന്നത്. കേരളത്തില്‍ ജൂതപ്പള്ളിക്കു പുറത്ത് നടക്കുന്ന ആദ്യ വിവാഹമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. ഇസ്രോയേലില്‍ നിന്നാണ് വിവാഹച്ചടങ്ങുകള്‍ നടത്തുന്നതിനായുള്ള റബ്ബായി എത്തിയത്. സ്ഥിരതാമസക്കാരയ 25 ജൂത കുടുംബങ്ങളാണ് കേരളത്തിലുള്ളത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം