ഡബ്ല്യുഎഫ്‌ഐ ഉൾപ്പെടെ 16 ഫെഡറേഷനുകളും ശരിയായ ആന്തരിക പ്രശ്ന പരിഹാര കമ്മറ്റിയുമായി ബന്ധപ്പെട്ട നിയമം പാലിക്കുന്നില്ലെന്ന് കണ്ടെത്തി
സി ഡ്നി ഒളിമ്പിക്സില്‍ (2000) കര്‍ണ്ണം മല്ലേശ്വരിയുടെ ചരിത്രപരമായ വെങ്കലമെഡല്‍ നേട്ടത്തിനു ശേഷം കായിക ലോകത്ത് വനിതകള്‍ എഴുതിച്ചേര്‍ത്ത ചരിത്രങ്ങള്‍ അനേകമാണ്. ഭാരോദ്വഹനം, ഗുസ്തി, ബോക്സിംഗ്, ബാറ്റ്മിന്‍റണ്‍ തുടങ്ങിയ ഇനങ്ങളിലെല്ലാം അത്യുജ്ജലമായ പ്രകടനങ്ങളാണ് ഇന്ത്യന്‍ വനിതാ താരങ്ങള്‍ കാഴ്ച വെച്ചിട്ടുള്ളത്. കായിക ലോകത്ത് വനിതകള്‍ വലിയ നേട്ടങ്ങള്‍ കൊയ്യുമ്പോഴും ഇന്ത്യയിലെ സര്‍ക്കാരും സ്പോര്‍ട്സ് ഫെഡറേഷനും വനിതാ കായിക താരങ്ങളുടെ സമത്വത്തിനും അന്തസ്സിനും സുരക്ഷയ്ക്കും ആവശ്യമായ എന്തു നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്? എന്തുകൊണ്ടാണ് വനിതാ കായിക താരങ്ങള്‍ക്ക് കിട്ടേണ്ട നീതി വൈകുന്നത്? വനിതാ കായികലോകം ഇപ്പോഴും പുരുഷാധിപത്യത്തിന്‍റെ പിടിയിലാണോ?
ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (WFI) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിന്‍റെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ വിനേഷ് ഫോഗട്ട് , സാക്ഷി മാലിക്ക് , ബജ്രംഗ് പൂനിയ തുടങ്ങിയ പ്രശസ്ത ഗുസ്തി താരങ്ങള്‍ ജന്തര്‍മന്തറില്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയിട്ട് ഏറെ നാളുകളായി. ഫെഡറേഷനെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളാണ് രാജ്യത്തെ ഗുസ്തി താരങ്ങള്‍ ഉന്നയിക്കുന്നത്. ഫെഡറേഷന് പ്രിയപ്പെട്ടവരായ ചില പരിശീലകര്‍ വനിതാ താരങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയാണെന്നും, ബ്രിജ് ഭൂഷൺ ശരണ്‍ സിംഗ് ഇത്തരത്തില്‍ ഒട്ടേറെ വനിതാ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും വിനേഷ് ഫോഗട്ടിനെ പോലെയുള്ള താരങ്ങള്‍ പറയുന്നു.
ബ്രിജ് ഭൂഷനെതിരെ എഫ്ഐആര്‍ രേഖപ്പെടുത്താന്‍ പോലും ഗുസ്തി താരങ്ങളുടെ ഏറെ നാളത്തെ കുത്തിയിരിപ്പ് സമരവും കോടതിയുടെ ഇടപെടലും ദല്‍ഹി പോലീസിന് ആവശ്യമായി വന്നു. എങ്കിലും അവര്‍ ഉന്നയിക്കുന്ന ഗൗരവമേറിയ പല പ്രശ്നങ്ങളെയും അധികാരികള്‍ നിസംഗതയോടെ തള്ളിക്കളയുന്ന മനോഭാവമാണ് സ്വീകരിച്ചത്. പി ടി ഉഷയെ പോലെ രാജ്യം മുഴുവനുമറിയുന്നൊരു കായിക താരം ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെ ‘അച്ചടക്കമില്ലായ്മ’യായും ‘രാജ്യത്തിന്‍റെ പ്രതിച്ഛായ കളങ്കപ്പെടുത്തലാ’യും പറഞ്ഞ സംഭവം തന്നെ താരങ്ങള്‍ നേരിടുന്ന അവഗണനകള്‍ക്ക് ഉദാഹരണങ്ങളാണ്.
അധികാരികളുടെ ബോധപൂര്‍വ്വമായ അവഗണന
ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങ് വിശദീകരിക്കുന്ന സംഭവം ഇങ്ങനെയാണ് ‘ ഒരിക്കല്‍ വിനേഷ് ഫോഗട്ട് തന്‍റെ പിതാവുമായി ഫോണില്‍ സംസാരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അന്ന് ഫോഗട്ടിന് ഫോണില്ലാതിരുന്നതിനാല്‍ എന്റെ ഫോണില്‍ നിന്ന് പിതാവിനെ വിളിക്കാന്‍ സഹായിച്ചു. തുടര്‍ന്ന് അവളെ പിതാവിന്‍റെ സ്ഥാനത്ത് നിന്ന് ആ സ്നേഹത്തോടെ കെട്ടിപ്പിടിച്ചു. അവള്‍ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ താന്‍ അവളുടെ പിതാവിനെപ്പോലെയാണെന്ന കാര്യം അവളെ ധരിപ്പിച്ചു ‘ എന്നുമാണ്. അതെ തുടര്‍ന്ന് ഇതാണ് താന്‍ ചെയ്ത തെറ്റെങ്കില്‍ തന്നെ തൂക്കിക്കൊന്നോളൂ എന്നും ഡബ്ലിയുഎഫ്ഐയുടെ മേധാവി പറഞ്ഞു.
ബ്രിജ് ഭൂഷൻ്റെ ഈ സമീപനം കേവലം 2013 ലെ ജോലിസ്ഥലത്തെ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമ (PoSH) നിയമത്തെക്കുറിച്ചുള്ള അജ്ഞത മാത്രമല്ല. ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ നിശ്ചയിച്ചിട്ടുള്ള ശാരീരിക അതിര്‍വരമ്പുകളുടെകൂടി ബോധപൂര്‍വ്വമായ ലംഘനമാണ്. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമ (PoSH) നിയമത്തിലെ സെക്ഷന്‍ 2 (എന്‍) പ്രകാരം ലൈംഗിക പീഡനത്തില്‍ ശാരീരിക സമ്പര്‍ക്കങ്ങള്‍, ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍, പോണോഗ്രാഫി പ്രദര്‍ശിപ്പിക്കല്‍, വാക്കുകളിലൂടെയോ ആംഗ്യങ്ങളിലൂടെയോയുള്ള ലൈംഗിക ചേഷ്ടകള്‍ എന്നിങ്ങനെയുള്ളവയെയെല്ലാം ലൈംഗിക ഉദ്ദേശത്തോടെയുള്ള പെരുമാറ്റങ്ങളായി കണക്കാക്കപ്പെടുന്നു. കൂടാതെ, വിശാഖ ആൻഡ് അദേഴ്സ് vs സ്റ്റേറ്റ് ഓഫ് രാജസ്ഥാന്‍ കേസില്‍, സ്ത്രീകൾക്കെതിരായ ലൈംഗിക പീഡനം സുരക്ഷിതമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാനുള്ള സ്ത്രീകളുടെ മൗലികാവകാശത്തിന്‍റെ ലംഘനമാണെന്ന് സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ട്. “അത്തരം പെരുമാറ്റങ്ങള്‍ അപമാനകരവും ആരോഗ്യ-സുരക്ഷാ പ്രശ്‌നങ്ങളും ഉണ്ടാക്കിയേക്കാം.അതിനാല്‍ അങ്ങനെയുള്ള പരാതികള്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ച് നഷ്ടപരിഹാരം ഉൾപ്പെടെയുള്ള നിയമാനുകൂല്യങ്ങള്‍ നൽകണമെന്നും സുപ്രീം കോടതി വിശദീകരിക്കുന്നു.
ബ്രിജ് ഭൂഷൻ നൽകുന്ന അപകടകരമായ ന്യായീകരണം ജനങ്ങൾക്ക് സ്വീകാര്യമാണെങ്കിൽ, പുരുഷൻമാർ അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്ന ഏതൊരു സ്ഥാപനത്തിലും പ്രായം കുറഞ്ഞ, കൂടുതൽ ദുർബലരായ സ്ത്രീകളുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. അതിനാൽ, ഈ സംഭവം കായിക വനിതകൾക്ക് മാത്രമല്ല, ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ബാധകമാണ്. ‘പിതൃ തുല്യമായി അല്ലെങ്കില്‍ സഹോദര തുല്യമായി എന്നീവിധമുള്ള പരാമര്‍ശങ്ങള്‍’ യഥാര്‍ത്ഥത്തില്‍ ആശ്രയിക്കുന്നത് നിലവിലെ പുരുഷാധിപത്യ സമൂഹത്തിന്‍റെ സ്ത്രീ ശരീരത്തെക്കുറിച്ചുള്ള ആഖ്യാനങ്ങളെയാണ്. ഇത് പൂര്‍ണ്ണമായും നിരാകരിക്കേണ്ടതുണ്ട്. ജോലിസ്ഥലത്തെ സഹപ്രവർത്തകരും മേലുദ്യോഗസ്ഥരും സ്ത്രീകള്‍ അവര്‍ക്കു ചുറ്റും സ്വയം നിര്‍മ്മിക്കുന്ന ശാരീരിക അതിര്‍വരമ്പുകളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. അവരോടുള്ള ഏതുതരത്തിലുള്ള പെരുമാറ്റങ്ങളിലും അവരുടെ ശാരീരിക സമഗ്രതയെയും സമ്മതത്തെയും കുറിച്ചുള്ള അവരുടെ സ്വന്തം ആശയങ്ങളെയും മാനിക്കേണ്ടതുണ്ട്. വീട്ടിലോ , കോര്‍പ്പറേറ്റ് മേഖലയിലോ ഏത് സാമൂഹിക സാഹചര്യത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകളായാലും വിദ്യാർത്ഥികളോ, ഗവേഷകരോ, കായിക താരങ്ങളായാലും അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്ന പുരുഷന്മാരുടെ സ്വേച്ഛാധിപത്യപരമായ പുരുഷാധിപത്യ വികാരങ്ങളെ പിടിച്ചുകെട്ടാന്‍ നിയമത്തിന്‍റെ കാലുകള്‍ക്ക് ഉറപ്പുണ്ടാകണം.
സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമ (PoSH) നിയമത്തിന്‍റെ നാലാം വകുപ്പ് പ്രകാരം, കായിക പരിശീലനകേന്ദ്രവും കായിക വേദികളും ഉൾപ്പെടെയുള്ള എല്ലാ ജോലിസ്ഥലങ്ങളിലും – ആന്തരിക പ്രശ്നപരിഹാര കമ്മിറ്റി (ഐസിസി) ഉണ്ടാക്കുന്നതിന് പത്തോ അതിലധികമോ ആളുകളെ നിയമിക്കണമെന്നത് നിർബന്ധമാണ്. ഈ കമ്മറ്റികളിൽ സ്ത്രീകളുടെ മതിയായ പ്രാതിനിധ്യം നിയമം വിഭാവനം ചെയ്യുന്നുണ്ട്: കമ്മറ്റിയില്‍ ഒരു വനിതാ പ്രിസൈഡിംഗ് ഓഫീസര്‍ വേണം, പകുതി അംഗങ്ങൾ വനിതകളായിരിക്കണം , കൂടാതെ സ്ത്രീകളുടെ പ്രശ്‌നങ്ങളിൽ ഇടപെട്ട് വൈദഗ്ദ്ധ്യം തെളിയിച്ച സ്ഥാപനത്തിനു പുറത്തുനിന്നുള്ള ഒരംഗം കൂടി ആവശ്യമാണ്. ലൈംഗികാതിക്രമം സംബന്ധിച്ച പരാതികൾ സ്വീകരിക്കാനും അന്വേഷിക്കാനും ശുപാർശകൾ നൽകാനും ഇത്തരത്തിൽ യഥാവിധി രൂപീകരിക്കപ്പെട്ട കമ്മറ്റികള്‍ക്ക് അധികാരമുണ്ട്. 2023 ജനുവരി 23 ന് കായിക മന്ത്രാലയം രൂപീകരിച്ച മേരി കോമിന്‍റെ നേതൃത്വത്തിലുള്ള മേൽനോട്ട സമിതി അതിന്‍റെ റിപ്പോർട്ടിൽ ഡബ്ല്യുഎഫ്‌ഐക്ക് ആന്തരിക പ്രശ്നപരിഹാര കമ്മറ്റിയില്ലെന്നു കണ്ടെത്തിയിരുന്നു. അതിനാല്‍ വനിതാ ഗുസ്തി താരങ്ങള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ ഒരിടമില്ലായിരുന്നു, ഉണ്ടായിരുന്നെങ്കില്‍ അതവർക്ക് അവരെ സംബന്ധിക്കുന്ന ഒരു പരാതി നല്‍കാനുള്ള എളുപ്പവും വിശ്വസനീയവുമായ മാർഗ്ഗമാകുമായിരുന്നു. ഇന്ത്യയിലെ ഭൂരിഭാഗം കായിക ഇനങ്ങളുടെയും ദേശീയ ഭരണ സമിതികള്‍ തങ്ങളുടെ ഭരണ സമിതിയില്‍ നിയമാനുസൃതമായും നിര്‍ബന്ധമായും രൂപീകരിക്കേണ്ട ആന്തരിക പ്രശ്ന പരിഹാര കമ്മറ്റി രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ടു. ഇന്ത്യൻ എക്‌സ്‌പ്രസിന്‍റെ അന്വേഷണമനുസരിച്ച്, 30 ദേശീയ സ്‌പോർട്‌സ് ഫെഡറേഷനുകളിൽ ഡബ്ല്യുഎഫ്‌ഐ ഉൾപ്പെടെ 16 ഫെഡറേഷനുകളും ശരിയായ ആന്തരിക പ്രശ്ന പരിഹാര കമ്മറ്റിയുമായി ബന്ധപ്പെട്ട നിയമം പാലിക്കുന്നില്ലെന്ന് കണ്ടെത്തി.
പരാതികളെ നിശ്ശബ്ദമാക്കുകയും അവയ്ക്ക് തുരങ്കം വെക്കുകയും ചെയ്യുന്ന നിലവിലുള്ള സംസ്‌കാരത്തിൽ നിന്ന് ലൈംഗികാതിക്രമങ്ങൾക്കെതിരെ പരാതിപ്പെടാൻ സ്ത്രീകളെ സജീവമായി പ്രോത്സാഹിപ്പിക്കുന്നതിലേക്ക് മനോഭാവവും ധാരണകളും മാറുന്നതിന് ജോലിസ്ഥലത്ത് പരാതികൾ പരിഹരിക്കേണ്ടത് പ്രധാനമാണ്. യുകെയില്‍ കമ്മറ്റി തലത്തില്‍ നേരത്തെ തന്നെ പാസ്സാക്കിയ ലൈംഗിക പീഡനത്തെ സംബന്ധിക്കുന്ന 2022-23 ലെ പബ്ലിക് ബില്ലിന് യുകെ ഗവൺമെന്‍റ് പിന്തുണ അറിയിച്ചിട്ടുണ്ട്. യുകെയിൽ ലൈംഗികാതിക്രമം ഇതിനകം നിയമവിരുദ്ധമാണെങ്കിലും, പൊതു ഇടങ്ങളിലുള്ള ലൈംഗികതിക്രമങ്ങളെ പ്രത്യേക കുറ്റമായി പരിഗണിക്കാമെന്നാണ് ഗവൺമെന്‍റിന്‍റെ തീരുമാനം.
പലപ്പോഴും ഇത്തരം പ്രശനങ്ങള്‍ക്കെതിരെ പരാതിപ്പെടുന്ന സ്ത്രീകള്‍ക്ക്, അതിനെ തുടര്‍ന്ന് അപമാനം, കുറ്റപ്പെടുത്തൽ, വ്യക്തിപരമായ ആക്രമണങ്ങൾ, ഭീഷണികൾ, ജോലിസ്ഥലത്തെ സമ്മർദ്ദം എന്നിങ്ങനെയുള്ള വെല്ലുവിളികളിലൂടെ കടന്നു പോകേണ്ടി വരാറുണ്ട്. ഇരകളായ സ്ത്രീകൾക്ക് എതിരെ പ്രതികരിക്കുന്ന സംസ്കാരമുളള ഒരു സമൂഹത്തിൽ പരാതി പറയാൻ കഴിയുക എന്നത് കഠിനമായൊരു ദൗത്യമാണ്. സ്ത്രീകള്‍ക്ക് ഇത്തരം പരാതികള്‍ ഉന്നയിക്കാന്‍ മതിയായ നിയമ സംവിധാനങ്ങളില്ലാത്തതും ജോലി സ്ഥലത്തെ പരസ്പര പെരുമാറ്റത്തെക്കുറിച്ച് യാതൊരു ബോധവുമില്ലാത്ത സമൂഹത്തില്‍ നിന്നുകൊണ്ട് ശക്തമായി പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ ഏറെ അഭിനന്ദിക്കേണ്ടതു തന്നെയാണ്.
ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങ് ഈ കാര്യത്തില്‍ ഒരു പിന്തിരിപ്പന്‍ നയമാണ് സ്വീകരിക്കുന്നത്. പ്രതിഷേധിക്കുന്ന വനിതാ ഗുസ്തി താരങ്ങള്‍ തന്നെ എന്തിന് അവരുടെ വിവാഹത്തിന് ക്ഷണിച്ചുവെന്നും, എന്തിനാണ് അവർ തന്‍റെ അനുഗ്രഹങ്ങൾ വാങ്ങി തന്നോടൊപ്പം നിന്ന് ചിത്രങ്ങൾ എടുത്തതെന്നും ഡബ്ലിയുഎഫ്ഐ മേധാവി ചോദിക്കുന്നു. പരാതിപ്പെട്ട സമയം , പരാതിപ്പെട്ടവര്‍ എന്തിന് കുറ്റാരോപിതനോട് ഇടപഴകുന്നത് തുടര്‍ന്നു, പരാതിയില്‍ കഴമ്പില്ല എന്നിങ്ങനെയുള്ള കുറ്റാരോപിതന്‍റെ സമീപനത്തില്‍ ഉള്ളടങ്ങിയിരിക്കുന്നത് , അധികാര സ്ഥാനത്തിരിക്കുന്ന പുരുഷാധിപത്യം പേറുന്ന ആണിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്നൊഴിഞ്ഞുമാറുന്ന പതിവ് ശീലവും പരാതിയുടെ ഉത്തരവാദിത്തം മുഴുവന്‍ സ്ത്രീകളുടെ തലയില്‍ കെട്ടിവെയ്ക്കാനുള്ള ലക്ഷ്യവുമാണ്.
പുരുഷാധിപത്യത്തിന്‍റെ ഇന്ത്യന്‍ മുഖങ്ങള്‍
ഇന്ത്യയില്‍, സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളെ പൊതുവേ അഭിസംബോധന ചെയ്യുന്നത് ഐപിസി സെക്ഷന്‍ 354 അനുസരിച്ചാണ്. ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന ‘എളിമയുടെ പ്രകോപനം’ എന്നത് ശാരീരിക ബലപ്രയോഗമില്ലാത്ത സാഹചര്യങ്ങളിലാണ് ഉപയോഗിക്കാറുള്ളത്. സ്ത്രീകളിലെ ‘എളിമ’ എന്നത് കാലഹരണപ്പെട്ട പുരുഷാധിപത്യ ആശയമാണ്, ഇത് പുരുഷന്‍റെ ശാരീരിക സ്പർശനത്തിന് സ്ത്രീയുടെ ആന്തരികമായ ആത്മബോധത്തെ അശുദ്ധമാക്കാനുള്ള ശക്തിയുണ്ടെന്ന സങ്കല്‍പ്പത്തെ ശക്തിപ്പെടുത്തുന്നു. ഇപ്പോഴും വിക്ടോറിയന്‍ സംസ്കാരത്തിലും ധാര്‍മ്മികതയിലും ഊന്നി നില്‍ക്കുന്ന ഒരു നിയമ സംവിധാനത്തില്‍ നിന്ന് സ്ത്രീകള്‍ക്ക് യഥാര്‍ത്ഥ നീതിയും ശാക്തീകരണവും നേടാന്‍ ഏറെ പ്രയാസമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ പ്രസംഗങ്ങളില്‍ സ്ത്രീശാക്തീകരണത്തെക്കുറിച്ച് വാചാലനാകാറുണ്ട്. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സ്ത്രീശാക്തീകരണമെന്നത് യഥാര്‍ത്ഥത്തില്‍ തന്‍റെ കുടുംബത്തിന്‍റെ ഉന്നമനത്തിനോ രാജ്യാഭിമാനത്തിനോ വേണ്ടി എന്തെങ്കിലും ചെയ്യുക എന്നതിലേക്ക് മാത്രം ചുരുങ്ങുകയാണ്. എന്നാല്‍ ഒരു സ്ത്രീക്ക് സ്വന്തം ജീവിതത്തിനു വേണ്ടിയോ സ്വാതന്ത്ര്യത്തിനോ വേണ്ടിയോ ചെയുന്ന കാര്യങ്ങളെ ആ പരിധിയില്‍ സമൂഹം ഉള്‍പ്പെടുത്തുന്നില്ല. ഇന്ത്യന്‍ പുരോഗതികളെ സംബന്ധിക്കുന്ന കഥകള്‍ ഭൂരിഭാഗവും സംസാരിക്കുന്നത് സ്ത്രീ പ്രാതിനിധ്യത്തിന്‍റെ ആവശ്യകതയാണ്. പക്ഷെ അപ്പോഴും നിലവിലെ സ്ത്രീകളുടെ ജോലി സാഹചര്യങ്ങളെക്കുറിച്ച് ആരും തന്നെ സംസാരിക്കുന്നില്ല. ശാക്തീകരണത്തിന്‍റെയും സമത്വത്തിന്‍റെയും ഈ പൂർത്തീകരിക്കാത്ത സ്വപ്നം സാക്ഷാത്കരിക്കാൻ സ്ത്രീകൾ ശബ്ദമുയർത്തുമ്പോൾ, അവർ ‘ആലോസരങ്ങളോ’, ‘സ്വാർത്ഥരോ’ ‘അച്ചടക്കമില്ലാത്തവരോ’ ആയി കണക്കാക്കപ്പെടുന്നു.
മുന്‍കാലത്തെ അപേക്ഷിച്ച് ഇന്ന് സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ചെറിയ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവയെല്ലാം തന്നെ സ്ത്രീ കൂട്ടായ്മകളുടെ പ്രതിഷേധങ്ങളുടെയും ചെറുത്തുനില്‍പ്പിന്‍റെയും ഫലമായി ഉയര്‍ന്നു വന്നതാണ്. അത് വോട്ടവകാശമോ, സ്വത്തവകാശമോ, പ്രത്യുത്പാദനാവകാശമോ, തുല്യവേതനമോ അങ്ങനെ എന്തുമാകട്ടെ. അവയെല്ലാം തന്നെ സ്ത്രീകളുടെ സംഘടിത പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന ഫലമായുണ്ടായ ചരിത്രപരമായ സാമൂഹിക മുന്നേറ്റങ്ങളാണ്. 2012-13 ല്‍ നിർഭയ പ്രസ്ഥാനത്തിലെ സ്ത്രീകളും ആക്ടിവിസ്റ്റുകളും യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും നടത്തിയ നിരവധി പ്രതിഷേധങ്ങളിലൂടെയാണ് ഇന്നത്തെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ നിയമമെന്നത് ആവർത്തിച്ച് പറയേണ്ടത് പ്രധാനമാണ്. കൂടാതെ ഇത്തരം മുന്നേറ്റങ്ങളിലൂടെ പുരുഷാധിപത്യ ലോകത്തെ വ്യവസ്ഥാപിതമായ അധികാര ഘടനകളെയും, അക്രമങ്ങളെയും, അധികാരത്തിന്‍റെ ഉപകരണമായി ലൈംഗികാതിക്രമത്തെ ഉപയോഗിക്കുന്ന പോലെയുള്ള സാമൂഹിക വ്യവഹാരങ്ങളെയും ചോദ്യം ചെയ്യാനും മാറ്റി മറിക്കാനും ഈ പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചു. അതുപോലെ ‘ഭയരഹിത സ്വാതന്ത്ര്യം’, ‘ലൈംഗിക സമ്മതം’ എന്നിങ്ങനെയുള്ള ആശയങ്ങളെ പൊതു ജനങ്ങളിലേക്കെത്തിക്കുകയും അതുവഴി വര്‍മ്മ കമ്മിറ്റി റിപ്പോര്‍ട്ടിനും ഒടുവില്‍ നിലവിലുള്ള നിയമത്തിനും രൂപം നല്‍കി.
ജന്തര്‍മന്തറിലെ വനിതാ ഗുസ്തി താരങ്ങളുടെ പ്രതിഷേധം ഇന്ത്യയിലെ മുഴുവന്‍ സ്ത്രീകള്‍ക്കും ആവേശം പകരുന്നതാണ്. അതോടൊപ്പം ദല്‍ഹി പോലീസിനും കായിക മന്ത്രാലയത്തിനും കായിക ഫെഡറേഷനുകള്‍ക്കും ഇതൊരു പാഠമാണ്. ഒരുപാട് തെറ്റുകള്‍ തിരുത്താനുള്ള അവസരവും.