Sat. Dec 14th, 2024

എറണാകുളം: പിറവത്ത് പശു വളർത്തലിനെ ചൊല്ലി അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടർന്ന് പശുവിനെ വെട്ടിക്കൊന്നു. 5 പശുക്കൾക്ക് ഗുരുതരമായി വെട്ടേൽക്കുകയും ചെയ്തു. അക്രമം നടത്തിയ എടക്കാട്ടുവയൽ സ്വദേശി പി രാജുവിനെ മുളന്തുരുത്തി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അയൽ വീട്ടിൽ പശുക്കളെ വളർത്തുന്നത് കൊണ്ട് തൻ്റെ ജലസ്രോതസ്സിൽ പ്രശ്നങ്ങളുണ്ടാകുന്നുവെന്നും കിണറ്റിലെ വെള്ളം മലിനമാകുന്നുവെന്നും കാണിച്ച് രാജു മുളന്തുരുത്തി പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. പിന്നീട് ജില്ലാ കളക്ടർക്കും പരാതി നൽകി. 

എന്നാൽ പഞ്ചായത്ത് വന്ന് പരിശോധന നടത്തിയപ്പോൾ നിയമപരമായ എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഉടമസ്ഥൻ പശുവിനെ വളർത്തുന്നതെന്ന് കണ്ടെത്തി റിപ്പോർട്ട് നൽകി. തുടർന്ന് പ്രശ്നങ്ങൾ അവസാനിക്കുകയും ചെയ്തു. എന്നാൽ ഇന്ന് രാവിലെ സംഭവവുമായി ബന്ധപ്പെട്ട് വീണ്ടും തർക്കമുണ്ടായി. ഇരുവരും തമ്മിൽ കയ്യാങ്കളിയായി. തുടര്‍ന്ന് രാജു വെട്ടുകത്തിയുമായി എത്തി പശുക്കളെ വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്.