ഡല്‍ഹി: രാഷ്ട്രപതിക്ക് വേണ്ടത്ര ബഹുമാനം നല്‍കുന്നില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതിക്കു പകരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ഖാര്‍ഗെയുടെ പ്രതികരണം. രാഷ്ട്രപതിയെ നോക്കുകുത്തിയാക്കുന്ന സമീപനമാണ് ബിജെപി സര്‍ക്കാരിന്റേതെന്ന് ഖാര്‍ഗെ കുറ്റപ്പെടുത്തി. ദളിത് വിഭാഗത്തില്‍പ്പെട്ട രാഷ്ട്രപതിയെ തിരഞ്ഞെടുപ്പ് നേട്ടത്തിനായി മാത്രമാണ് ബിജെപി ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ”പുതിയ പാര്‍ലമെന്റ് മന്ദിരം യഥാര്‍ഥത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് ഉദ്ഘാടനം ചെയ്യേണ്ടത്. സഭകളുടെ നാഥന്‍ രാഷ്ട്രപതിയാണ്. അവരാണ് പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത്. ദളിത് വിഭാഗത്തില്‍ നിന്നുള്ള രാഷ്ട്രപതിയെ തിരഞ്ഞെടുപ്പ് നേട്ടത്തിനായി മാത്രം ബിജെപി ഉപയോഗിക്കുകയാണ്.’ – മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിന് അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ക്ഷണിച്ചിരുന്നില്ലെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതിയെയും ക്ഷണിച്ചിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യും.