ബെംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തിലേക്ക് കടക്കവെ ബെംഗളൂരുവില്‍ മെഗാ റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെംഗളൂരുവിന്റെ തെക്കേ ഭാഗത്തുള്ള 17 പ്രധാനമണ്ഡലങ്ങള്‍ വഴിയാണ് മോദിയുടെ റോഡ് ഷോ. കഴിഞ്ഞ തവണ ബിജെപി മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലങ്ങളിലൂടെയാണ് റോഡ് ഷോ നടത്തുന്നത്. ഉച്ചയോടെ 26 കിലോമീറ്റര്‍ നീണ്ട റോഡ് ഷോ ഇന്ന് അവസാനിക്കും. നാളെ പത്ത് കിലോമീറ്റര്‍ ദൂരമുള്ള പരിപാടിയിണ് സംഘടിപ്പിച്ചിരിക്കുന്നത്. അതേസമയം, റോഡ് ഷോയുടെ ഭാഗമായി നഗരത്തിന്റെ പല മേഖലകളിലും കനത്ത ഗതാഗത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രവൃത്തിദിവസമായതിനാല്‍ രാവിലെ ജോലിക്ക് പോകുന്നവരടക്കമുള്ളവര്‍ മെട്രോ പോലുള്ള ഗതാഗതമാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്ന് ട്രാഫിക് പൊലീസ് നിര്‍ദേശിച്ചു. ഭരണവിരുദ്ധവികാരം നിലനില്‍ക്കെ മോദിയെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി അവസാനഘട്ടത്തിലും ശ്രമിക്കുന്നത്.
അതേസമയം, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഇന്ന് കര്‍ണാടകത്തിലെ വിവിധ ജില്ലകളില്‍ പ്രചാരണത്തിനെത്തും. നാലാം ദിവസമാണ് രാഹുല്‍ കര്‍ണാടകത്തില്‍ പ്രചാരണത്തിനിറങ്ങുന്നത്. രാവിലെയും ഉച്ചയ്ക്കുമായി ബെലഗാവിയില്‍ രണ്ട് പ്രചാരണപരിപാടികളില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധി, വൈകിട്ട് ആറ് മണിക്ക് സോണിയാ ഗാന്ധിക്കൊപ്പം ഹുബ്ബള്ളിയിലെ പ്രചാരണ പരിപാടിയിലും പങ്കെടുക്കും. സീറ്റ് കിട്ടാതെ ബിജെപിയില്‍ നിന്ന് പിണങ്ങിയിറങ്ങിപ്പോയ ജഗദീഷ് ഷെട്ടര്‍ അടക്കമുള്ള നേതാക്കള്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും.
