Mon. Dec 23rd, 2024

ഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കി സുപ്രീംകോടതി. ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്. പരാതിക്കാര്‍ക്ക് ഇനി എന്തെങ്കിലും വിഷയം ചൂണ്ടിക്കാട്ടണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം ഏഴ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണ്‍ സിങിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയിരുന്നത്. പരാതിയില്‍ ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കാത്ത സാഹചര്യത്തിലായിരുന്നു താരങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കവെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതടക്കമുള്ള പുരോഗതി ഡല്‍ഹി പോലീസ് കോടതിയെ അറിയിച്ചു. പരാതിയില്‍ കേസ് എടുത്തതോടെ ഹര്‍ജിക്കാരുടെ ഉന്നയിച്ച ആവശ്യം നടപ്പായെന്ന് കോടതി ചൂണ്ടിക്കാട്ടി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം