കോട്ടയം കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ സുഹൃത്തിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അരുണ്‍ വിദ്യാധരനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിരുന്നു. സൗഹൃദം അവസാനിപ്പിച്ചതിന്റെ പേരില്‍ യുവതിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ അരുണ്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മരിച്ച ആതിരയുടെ സംസ്‌കാരം ഇന്ന് നടക്കും.
ആതിരയുടെ മുന്‍ സുഹൃത്തായ അരുണ്‍ വിദ്യാധരന്‍ ആതിരക്കെതിരെ ഫേസ്ബുക്കിലൂടെ വന്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരെ പൊലീസില്‍ ആതിര പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് ആതിരയുടെ ആത്മഹത്യ. വിനോദുമായുള്ള സൗഹൃദം ആതിര ഏറെ നാള്‍ മുമ്പ് ഉപേക്ഷിച്ചതാണ്. ആതിരയ്ക്ക് വിവാഹ ആലോചനകള്‍ നടന്നു കൊണ്ടിരിക്കെ കഴിഞ്ഞ ദിവസം ആതിരയുടെ ചിത്രങ്ങളും മറ്റും അരുണ്‍ വിദ്യാധരന്‍ ഫേസ്ബുക്ക് വാളില്‍ നിരന്തരമായി പങ്കുവെച്ചിരുന്നു.
അതേസമയം ആതിരയുടെ മരണത്തില്‍ പ്രതിക്കെതിരെ ഗുരുതര ആരോപണവുമായി സഹോദരീ ഭര്‍ത്താവും മണിപ്പൂര്‍ സബ് കളക്‌റുമായ ആശിഷ് ദാസ്. അരുണ്‍ വിദ്യാധരന്‍ സഹോദരിയെ നിരന്തരം ഭീഷണിപ്പെടുത്തി. ഒളിവില്‍ പോയതിന് ശേഷമാണ് പ്രതി സഹോദരിക്കെതിരെ പോസ്റ്റുകള്‍ ഇട്ട് തുടങ്ങിയതെന്ന് ആശിഷ് ദാസ് പറഞ്ഞു. ആതിരയുടെ മരണം കൊലപാതകത്തിന് തുല്യമായ മരണമാണെന്ന് ആശിഷ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കൊലയാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മറ്റൊരു പെണ്‍കുട്ടിക്കും ഈ ഗതി വരാതിരിക്കാന്‍ ശ്രമിക്കുമെന്നും ആശിഷ് ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു. അരുണിന്റെ സൈബര്‍ ആക്രമണത്തെ കുറിച്ച് ആതിര പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ആശിഷിനെയും ഫോണില്‍ വിളിച്ച് വിവരങ്ങള്‍ പറഞ്ഞിരുന്നു. കടുത്തുരുത്തി പൊലീസുമായി ആശിഷ് ബന്ധപ്പെട്ട് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസാരിക്കുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ആതിര ആത്മഹത്യ ചെയ്തത്.