Sat. May 4th, 2024

എ ഐ ക്യാമറ വിവാദത്തില്‍ കെല്‍ട്രോണിനോട് വിശദീകരണം തേടാനൊരുങ്ങി ഗതാഗത വകുപ്പ്. കരാറിനെക്കുറിച്ചും ക്യാമറയുടെ ഗുണനിലവാരത്തെപ്പറ്റിയുമാണ് വകുപ്പ് വിശദീകരണം തേടുന്നത്. വ്യവസായ വകുപ്പ് നേരത്തെ കെല്‍ട്രോണിനോട് വിശദീകരണം തേടിയിരുന്നു. മുന്‍ ഗതാഗത കമ്മീഷണറായിരുന്ന ആര്‍ ശ്രീലേഖ ഒപ്പിട്ട ഒരു കരാര്‍ പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണം തേടാനുള്ള തീരുമാനം.

എ ഐ ക്യാമറ പദ്ധതി സര്‍ക്കാറിന് മേല്‍ അധിക സാമ്പത്തിക  ബാധ്യതയുണ്ടാക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ ക്യാമറ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുന്ന തരത്തിലായിരുന്നു കരാര്‍ നിശ്ചയിച്ചിരുന്നത്. പദ്ധതി നടപ്പാക്കിയശേഷം പിഴയിനത്തില്‍ കെല്‍ട്രോണിന് ചിലവായ തുക ഈടാക്കാം. ചിലവായ തുക ഈടാക്കിയതിന് ശേഷം ക്യാമറയുടെ പ്രവര്‍ത്തനം സര്‍ക്കാറിന് കൈമാറും. ഈ രീതിയില്‍ വിഭാവനം ചെയ്ത പദ്ധതിയിലാണ് ഒപ്പിടുന്ന സാഹചര്യത്തില്‍ മാറ്റങ്ങളുണ്ടാകുന്നത്. ഇതോടെ പദ്ധതിയുടെ ചിലവ് മൂന്ന് മാസങ്ങള്‍ കൂടുമ്പോള്‍ കെല്‍ട്രോണിന് നല്‍കുന്ന രീതിയിലേക്ക് കരാര്‍ മാറി. തുടര്‍ന്ന് മൂന്ന് മാസം കൂടുമ്പോള്‍ സര്‍ക്കാര്‍ കെല്‍ട്രോണിന് 13 കോടി രൂപ നല്‍കണമെന്ന സ്ഥിതിയായി.

അതിനിടെ, കൂടിയ വിലയ്ക്കാണ് ക്യാമറ വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഉപകരാര്‍ ഏറ്റെടുത്തത് മുന്‍പരിചയമില്ലാത്ത കമ്പനികളാണെന്ന ആരോപണവും കെല്‍ട്രോണിനെതിരെ ഉയര്‍ന്നിട്ടുണ്ട്. കരാര്‍ നല്‍കിയത് കെല്‍ട്രോണിന്റെ നേതൃത്വത്തിലാണോ അല്ലെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പുതുക്കിയതാണോ എന്നതിലും വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.