Wed. Nov 6th, 2024
ജനങ്ങളെ കുടിയിറക്കി വേണോ ഗിഫ്റ്റ് പദ്ധതി ?
അയ്യമ്പുഴ:
കൊച്ചി ബാംഗ്ലൂർ വ്യാവസായിക ഇടനാഴിയുടെ ഭാഗമായി കേന്ദ്ര സർക്കാരുമായി ചേർന്നുള്ള ഗിഫ്റ്റ് സിറ്റി പദ്ധതി  2020 ഓഗസ്റ്റിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. പദ്ധതിയ്ക്കായി 220 ഹെക്ടര്‍ (543 ഏക്കർ) സ്ഥലം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 540 കോടിരൂപ അനുവദിച്ചതായും 2021 ഫെബ്രുവരിയില്‍ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കാനുമായിരുന്നു തീരുമാനം. അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാഥമിക ഘട്ടത്തില്‍ 1600 കോടിയുടെ നിക്ഷേപവും 10 വര്‍ഷത്തിനകം പൊതുസ്വകാര്യ പങ്കാളിത്തത്തോടെ 18000 കോടി രൂപയുടെ നിക്ഷേപവുമാണ് പദ്ധതി മുന്നിൽക്കണ്ടത്. പദ്ധതിയിലൂടെ രണ്ടു ലക്ഷം പേര്‍ക്ക് നേരിട്ടും 3.6 ലക്ഷം പരോക്ഷമായും തൊ‍ഴിലവസരങ്ങള്‍ ലഭ്യമാകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പദ്ധതിയ്ക്കായി ദേശീയ വ്യവസായ ഇടനാഴി വികസന ട്രസ്റ്റിന്റെ അനുമതിയും സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതിയും ഉൾപ്പടെ ലഭിക്കുകയുണ്ടായി. 

എറണാകുളം ജില്ലയുടെ വടക്കു കിഴക്കൻ അതിർത്തിയിൽ ഇടമലയാർ വന മേഖലയോട് ചേർന്ന് കിടക്കുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് അയ്യമ്പുഴ പഞ്ചായത്ത്. പ്രദേശത്തെ ആളുകൾ പൂർണ്ണമായും കാർഷിക മേഖലയെ ആശ്രയിച്ചു കഴിയുന്നവരാണ്. ഈ ആളുകളിലേക്കാണ് പ്രഖ്യാപനത്തെത്തുടർന്ന് 2021 ജനുവരി 19-ന് റവന്യൂ വകുപ്പിന്റെ അറിയിപ്പ് പുറപ്പെടുവിക്കുന്നത്. അയ്യമ്പുഴ പഞ്ചായത്തിലെ 6,8,9 വാർഡുകളിൽപ്പെടുന്ന 59 സർവ്വേ നമ്പറുകളിലായുള്ള 220 ഹെക്ടർ ഭൂമി സർക്കാർ പദ്ധതിയ്ക്കായി ഏറ്റെടുക്കുമെന്നും പദ്ധതിയുടെ സാമൂഹിക ആഘാത പഠനം രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് നടത്തുമെന്നുമായിരുന്നു ആ അറിയിപ്പ്.

അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് കാര്യാലയം Ayyampuzha, Ernakulam (c) Woke Malayalam
അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് കാര്യാലയം Ayyampuzha, Ernakulam (c) Woke Malayalam

കാർഷിക മേഖലയെ മാത്രം ആശ്രയിച്ച കഴിയുന്ന പ്രദേശവാസികളെ ഏറെ വിഷമിപ്പിക്കുന്ന പ്രഖ്യാപനമായിരുന്നു ഈ പദ്ധതി. 550 ഏക്കറോളം ഭൂമി ഏറ്റെടുപ്പ് വേണ്ട ഈ നിർദിഷ്ട പദ്ധതി പ്രദേശത്ത് ചെറുകിട കർഷകരും, കർഷക തൊഴിലാളികളും റബർ തോട്ടങ്ങളിലെ ടാപ്പിംഗ് തൊഴിലാളികളുമാണ് കൂടുതലായും താമസിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം അവരുടെ ഏക ഉപജീവനമാർഗം ഈ പ്രദേശത്തിൽ അധിഷ്ടിതമാണ്. അതിനാൽ മറ്റൊരിടത്തേക്ക് മാറേണ്ടി വരിക എന്നത് അവരെ സംബന്ധിച്ചിടത്തോളം ഇതുവരെ കെട്ടിപ്പടുത്ത ജീവിതം തകിടം മറിക്കുന്നതിനു തുല്യമാണ്. കാർഷിക മേഖലയുടെ വികസനമാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്നുള്ള പ്രഖ്യാപനങ്ങളെ ഖണ്ഡിക്കുന്ന രീതിയിലാണ് യഥാർത്ഥത്തിൽ സർക്കാർ പ്രവർത്തണമെന്നതിനുള്ള തെളിവായാണ് അയ്യമ്പുഴ നിവാസികൾ ഗിഫ്റ്റ് പദ്ധതിയെ കാണുന്നത്. 

പദ്ധതിയുടെ ആദ്യ പ്രഖ്യാപനത്തെത്തുടർന്ന് ജനപ്രതിനിധികളെയും അധികാരികളെയും മാറി മാറി സമീപിച്ചിട്ടും അവർക്കാർക്കും ഈ പദ്ധതിയെക്കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല എന്നത് ഒരു വിചിത്രമായ കാര്യമാണെന്നാണ് പ്രദേശവാസിയും പദ്ധതിയ്ക്കെതിരെ പ്രതിഷേധം നടത്തുന്ന ജനകീയ മുന്നേറ്റ സമിതി കൺവീനറുമായ ജോസ് ചുള്ളിക്കാരൻ പറയുന്നത്. “2020 സെപ്തംബർ മൂന്നിനാണ് ഇവിടുത്തെ ജനങ്ങൾക്ക് ഗിഫ്റ്റ് സിറ്റി എന്നൊരു പദ്ധതി ഓണ സമ്മാനമായി  കൊടുത്തിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞത്. ഓർഡർ വന്ന് ഇവിടുത്തെ നാട്ടുകാരെല്ലാം വളരെ പരിഭ്രാന്തരായി, അവരൊക്കെ കരം തീർത്ത രസീതൊക്കെ നോക്കാൻ തുടങ്ങി. അവരവരുടെ  സ്ഥലം ഇതിനകത്ത് ഉൾപ്പെട്ടിട്ടുണ്ടോ എന്നൊക്കെ അറിയാൻ. ഞങ്ങൾ ഞങ്ങളുടെ വാർഡ് മെമ്പറോട് ചോദിച്ചു, പഞ്ചായത്ത് പ്രസിഡന്റിനോട് ചോദിച്ചു. ഇവർക്കാർക്കും ഇതിനെപ്പറ്റി ഒരറിവും ഇല്ല. സ്ഥലം എംഎൽഎയോട്, സ്ഥലം എംപിയോടെല്ലാം ചോദിച്ചിട്ട് ആർക്കും ഇതിനെപ്പറ്റി ഒരറിവും ഇല്ല.”

ഉപജീവനമാർഗവും കിടപ്പാടവും നഷ്ടപ്പെടുന്നതിനെതിരെയും പരിസ്ത്ഥിതിലോല പ്രദേശമായ അയ്യമ്പുഴ പഞ്ചായത്തിൽ വലിയ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതുവഴി പരിസ്ഥിതിക്ക്  ഉണ്ടാകാവുന്ന ആഘാതങ്ങളും മുൻനിർത്തി പ്രദേശവാസികൾ ജനകീയ സമരവുമായി രംഗത്തു വന്നു. പ്രദേശവാസികളോട് യാതൊരുവിധ ചർച്ചകളും നടത്താതെ  പോലീസ് അകമ്പടിയോടെ പദ്ധതി പ്രദേശം കല്ലിട്ട് തിരിക്കുവാനുള്ള സർക്കാർ ശ്രമം ജനകീയ മുന്നേറ്റ സമിതിയുടെ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നതോടെയാണ് ചർച്ചകൾക്ക് വഴി തെളിഞ്ഞത്. അയ്യമ്പുഴ  പഞ്ചായത്തിൽത്തന്നെ സർക്കാർ വക തരിശു ഭൂമിയായി കിടക്കുന്ന 423 ഏക്കർ പ്രദേശം പദ്ധതിക്കായി ഏറ്റെടുത്ത്‌കൊണ്ട് ജനവാസ മേഖലയിൽ നിന്ന് പദ്ധതി മാറ്റണമെന്നായിരുന്നു സമിതിയുടെ പ്രധാന ആവശ്യം. പ്രതിഷേധങ്ങളെത്തുടർന്നുള്ള ചർച്ചകൾക്കൊടുവിൽ തുടക്കത്തിൽ 220 ഹെക്ടർ ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനത്തിൽ നിന്ന് 150 ഹെക്ടർ ഭൂമി എന്നും മുന്നൂറോളം വീടുകൾ ഉൾപ്പെട്ടിരുന്നത് ഇപ്പോൾ മുപ്പത്തിരണ്ട് വീടുകൾ എന്ന നിലയിലേക്ക് ചുരുക്കിയിരിക്കുകയുമാണ്. 

പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയിലെ പച്ചക്കറിത്തോട്ടത്തിനു സമീപം കർഷകനായ സിന്റോ Ayyampuzha, Ernakulam (c) Woke Malayalam
പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയിലെ പച്ചക്കറിത്തോട്ടത്തിനു സമീപം കർഷകനായ സിന്റോ Ayyampuzha, Ernakulam (c) Woke Malayalam

പ്രദേശവാസിയും ജനകീയ മുന്നേറ്റ സമിതിയുടെ മറ്റൊരു കൺവീനറുമായ ബിജോയ് ചെറിയാൻ പറയുന്നു.  “അയ്യമ്പുഴയിൽ ഇപ്പോൾ ഏറ്റെടുക്കാൻ പോകുന്ന ഈ ഭൂമി എന്ന് പറഞ്ഞാൽ ഇവിടുത്തെ തന്നെ ഏറ്റവും ഫലഭൂയിഷ്ടമായ ഭൂമിയാണ്. കൃഷി മാത്രമേ ഈ ഭൂമിയിലുള്ളു. കൃഷിക്കാർ, അവർ താമസിക്കുന്ന വീടുകൾ, കൃഷിയിടങ്ങൾ ഇതല്ലാതെ അല്പംപോലും തരിശ് ഭൂമിയില്ലാത്ത സ്ഥലങ്ങളാണ് ഇപ്പോൾ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ സർക്കാരിന്റെ തന്നെ പുറമ്പോക്കായിട്ടുള്ള തരിശ്‌ ഭൂമി റോഡിന്റെ അപ്പുറത്തു തന്നെ കിടപ്പുണ്ട്. ആ ഭൂമി ഏറ്റെടുക്കാതെയാണ് കൃഷിയിടങ്ങൾ മാത്രമായിട്ടുള്ള ഭൂമി ഏറ്റെടുത്ത് ലക്ഷക്കണക്കിന് മരങ്ങൾ വെട്ടിക്കളഞ്ഞിട്ട് ഇവിടെ ഗിഫ്റ്റ് സിറ്റി എന്ന ഒരു പദ്ധതി കൊണ്ടുവരാനായിട്ട് ശ്രമിക്കുന്നത്. ഇതൊക്കെ പ്രകൃതിയെ എങ്ങനെ ബാധിക്കും, ഇപ്പോൾ ഇവിടെ ജീവിക്കുന്ന മനുഷ്യരെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് ഒരു പഠനവും നടത്തിയിട്ടില്ല. ഇപ്പോൾ സാമൂഹിക ആഘാത പഠനം തന്നെ നിയമത്തിന്റെ പൂർത്തീകരണത്തിനുവേണ്ടി മാത്രം നടത്തിയെന്നേ ഉള്ളു.” 

ജനകീയ മുന്നേറ്റ സമിതിക്ക് പ്രധാനമായും നേരിടേണ്ടിവന്ന ഒരു പ്രശ്നം പദ്ധതിയ്ക്കനുകൂലമായി റബ്ബർ തോട്ടമുടമകളുടെ നിലപാടാണ്. ഭൂരിഭാഗം തോട്ടം ഉടമകളും പഞ്ചായത്തിന് പുറത്ത് താമസമാക്കിയവരായതിനാൽ അവരെ സംബന്ധിച്ചിടത്തോളം പദ്ധതി വരുന്നതുവഴി ഭൂമി വില്പനക്ക് മറ്റു മാർഗങ്ങൾ ആവശ്യമില്ല. പക്ഷെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കർഷകരേയും തൊഴിലാളികളേയും കോളനി നിവാസികളെയും ഇത് വലിയ പ്രതിസന്ധിയിലേക്ക് തന്നെ നയിക്കും. ലഭ്യമായ വിവരങ്ങൾ പ്രകാരം എറണാകുളം ജില്ലയിലെ താരതമ്യേന വില കുറവുള്ള പ്രദേശമായ അയ്യമ്പുഴയിൽ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് ചേക്കേറേണ്ടിവരുന്ന നാലും അഞ്ചും സെന്റ് സ്ഥലമുള്ളവർക്ക് മറ്റു പ്രദേശങ്ങളിൽ ഒരു വീട് വയ്ക്കാനുള്ള ഭൂമി എങ്കിലും തരപ്പെടുത്തുക എന്നത് ദുഷ്‌കരമാണ്.

“ഇവിടെ താമസിക്കുന്നവർക്ക് ഈ പദ്ധതിയോട് ഒട്ടും തന്നെ താല്പര്യമില്ല. ഈ സ്ഥലത്തിന്റെ ഭൂരിഭാഗവും ഇരിക്കുന്നത് മഞ്ഞപ്രയിലും തുറവൂരുമുള്ള ആളുകളുടെ കയ്യിലാണ്. അവർ ഇവിടെ താമസിക്കുന്നില്ല. അവർക്ക് ഈ ഭൂമി ഇനി വേണ്ട അതാണ് ഞങ്ങൾക്ക് വന്നിരിക്കുന്ന ഒരു അപകടം. ഞങ്ങളെ സംബന്ധിച്ചിടത്തോളം 5 സെന്റ് മുതൽ ഒരേക്കർ വരെ ഒക്കെ ഉള്ള ആളുകൾ മാത്രമാണ് ഇവിടെ താമസിക്കുന്നത്. പുറത്തു താമസിക്കുന്നവരാണ് ഭൂരിപക്ഷം. അവരാണ് ഈ പദ്ധതി ഇവിടെ കൊണ്ടുവരാനായിട്ട് മുന്നിട്ട് നടക്കുന്നത്.” ബിജോയ് ചെറിയാൻ കൂട്ടിച്ചേർത്തു.

വർഷങ്ങൾക്കുമുൻപ് ജനവാസം കുറവായിരുന്ന അയ്യമ്പുഴ മേഖലയിലേക്ക് ചേക്കേറി കൃഷി ആരംഭിച്ച് വിളവെടുത്ത് തുടങ്ങുന്ന സമയത്താണ് പലരും   കുടിയിറങ്ങേണ്ടി വന്നിരിക്കുന്നത്. പുതിയൊരു സ്ഥലത്ത് വീണ്ടും കൃഷി ഒന്നിൽ നിന്ന് ആരംഭിക്കേണ്ടി വരും എന്ന പ്രതിസന്ധിയാണ് കർഷകരെ അലട്ടുന്നത്. വർഷങ്ങൾകൊണ്ട് റബ്ബറും ജാതിയും തെങ്ങുമൊക്കെ വളർത്തി ആ വരുമാനത്തിൽ നിന്നൊക്കെയായി കെട്ടിപ്പടുത്ത വീടും ഉപേക്ഷിച്ചു പോവുക എന്നത് ദുഷ്കരമാണെന്ന് 32 വീടുകളിൽ ഉൾപ്പെടുന്ന വീട്ടുകാരനായ സിബിൻ പറയുന്നു. “പത്തു മുപ്പത് കൊല്ലമായിട്ട് ഇവിടെ വന്ന് താമസിച്ച്  ഇവിടെ കൃഷിയും കാര്യങ്ങളുമായിട്ട് തുടങ്ങിയതാണ്. അന്ന് ഇവിടെ ഉള്ള റോഡുകളിൽ ടാറിങ് പോലും ഉണ്ടായിരുന്നില്ല, മണ്ണിട്ട വഴികളും കാര്യങ്ങളും ഒക്കെ ആയിരുന്നു. പിന്നീടാണ് ഇവിടെ ടാറിങ്ങും, തെങ്ങ്, ജാതി കാര്യങ്ങളൊക്കെ നട്ടുവളർത്തി ഇന്ന് ഈ നിലയിലേക്ക് എത്തിയത്. ഇപ്പോൾ ഈ വീട് തന്നെ പുതുക്കി പണിതിട്ട് ഒരു 5-6 കൊല്ലമേ ആയിട്ടുള്ളു. ഗവണ്മെന്റ് തന്നെ പറയുന്നുണ്ട് കൃഷിയിടങ്ങൾ സംരക്ഷിക്കണമെന്ന്, പക്ഷെ ആ സർക്കാർ തന്നെ അത് നശിപ്പിച്ച കളയുന്ന സ്ഥിതി വിശേഷത്തിലേക്കാണ് ഇപ്പോ വന്നുകൊണ്ടിരിക്കുന്നത്.” 

പദ്ധതിക്കായി ഏറ്റെടുക്കുന്ന ജാതിത്തോട്ടത്തിനു സമീപം കർഷകനായ സിന്റോ വർഗ്ഗീസ് Ayyampuzha, Ernakulam (c) Woke Malayalam
പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയിലെ ജാതിത്തോട്ടത്തിനു സമീപം കർഷകനായ ഡെന്നിസ് Ayyampuzha, Ernakulam (c) Woke Malayalam

സർക്കാർ ചുമതലപ്പെടുത്തിയ പ്രകാരം രാജഗിരി സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് നടത്തിയ സാമൂഹിക ആഖാത പഠനം റിപ്പോർട്ട് പൂർണമായും പ്രദേശവാസികളുടെ ആശങ്കകളെ അംഗീകരിക്കുന്നുണ്ട്. എന്നിരുന്നാലും കുടിയിറക്കപ്പെടുന്നവർക്ക് നഷ്ടപരിഹാരവും തൊഴിലവസരവും നൽകി പദ്ധതിയുമായി സർക്കാരിന് മുന്നോട് പോകാമെന്ന നിർദേശമാണ് അവർ മുന്നോട്ടുവച്ചത്. 76 പേജുകളുള്ള റിപ്പോർട്ടിൽ പ്രദേശം പശ്ചിമ ഘട്ടത്തിന്റെ ഭാഗമാണെന്നും വലിയ അളവിൽ വൃക്ഷങ്ങളുടെ സ്രോതസ്സാണെന്നും വൃക്ഷങ്ങളെ സംരക്ഷിക്കുകയും നഷ്ടം നികത്തുന്ന തരത്തിൽ പുതിയവ വച്ച് പിടിപ്പിക്കണമെന്നും പറയുന്നുണ്ട്. എടുത്തു പറയേണ്ടതായി ഒരു കാര്യം  സർക്കാരിന് പദ്ധതി നിശ്ചയിച്ചിരിക്കുന്ന പ്രദേശം ഏറ്റെടുക്കുന്ന കാര്യത്തിൽ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ സമിതി മുന്നോട്ടുവയ്ക്കുന്ന സർക്കാർ ഭൂമി പരിഗണിക്കാമെന്നും അവർ ചൂണ്ടിക്കാണിക്കുന്നുണ്ട്.  

നിലവിൽ സാമൂഹിക ആഘാത പഠനത്തിന് ശേഷം എക്സ്പേർട്ട് കമ്മിറ്റി പദ്ധതിക്കുള്ള അംഗീകാരം നൽകുകയും വരും ദിവസങ്ങളിൽ 11 ബി (ഭൂമി ഫ്രീസ് ചെയ്യുന്ന) നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കാൻ പോകുന്നതായുമാണ് വിവരം. അയ്യമ്പുഴ പഞ്ചായത്ത് ഭാവിയിൽ മുൻസിപ്പാലിറ്റി എന്ന നിലയിലേക്ക് മാറ്റപ്പെടാൻ ഈ പദ്ധതി കാരണമാകുമെന്നും ഇപ്പോൾ ഉണ്ടായേക്കാവുന്ന എതിർപ്പുകൾ മൂലം  ഈ പദ്ധതി ഉപേക്ഷിച്ചാൽ വലിയ നഷ്ടമാവുമെന്നുമാണ് പഞ്ചായത്ത് അധികാരികളുടെ നിലപാട്. പദ്ധതിയെപ്പറ്റി അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്  ജോമോൻ പിയു പറയുന്നു. “വലിയ താമസമില്ലാതെ തന്നെ ഈ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിന് വേണ്ടിയിട്ട് ഗവണ്മെന്റ് തയ്യാറാവും എന്നുള്ളതാണ് ഇതിന്റെ അവസാനം നമ്മൾ അറിഞ്ഞിട്ടുള്ള കാര്യം. 11 ബി നോട്ടിഫിക്കേഷൻ അധികം വൈകാതെ തന്നെ ഇറങ്ങും എന്നുള്ള കാര്യം കൃത്യമായി തന്നെ ഇതുമായി ബന്ധപ്പെട്ട ആളുകളെ അറിയിച്ചിട്ടുണ്ട്. സ്വാഭാവികമായിട്ടും ഒരു വികസനമാണ്. ഭാവിയിൽ അയ്യമ്പുഴ പഞ്ചായത്ത് ഒരു മുനിസിപ്പാലിറ്റി ആയിമാറാൻ സാഹചര്യമൊരുക്കുന്ന ഒരു പദ്ധതിയാണ് അവിടെ വരാൻ പോകുന്നത്. ഈ പദ്ധതിക്കുനേരെ ഇന്ന് മുഖം തിരിച്ചാൽ നാളെ ഉണ്ടാകാൻ പോകുന്ന വൻ വികസനത്തിന് അതൊരു കോട്ടമാകും എന്നത്  കണ്ടുകൊണ്ട് തന്നെയാണ് ഈ പദ്ധതിയെ പഞ്ചായത്ത് പൂർണ്ണമായിട്ടും അനുകൂലിക്കുന്നത്.”

പദ്ധതിയോട് ജനങ്ങൾക്ക് എതിർപ്പില്ലെന്നും ജനവാസ മേഖലയിൽ നിന്ന് ഇത് മാറ്റാൻ സർക്കാർ തീരുമാനിച്ചാൽ ജനങ്ങളുടെ ഭാഗത്തുനിന്ന് പൂർണ്ണ പിന്തുണ പദ്ധതിക്ക് ഉണ്ടാകുമെന്നുമാണ് ജനകീയ മുന്നേറ്റ സമിതി പറയുന്നത്. നിലവിൽ 32 വീടുകൾ ഉൾപ്പെടുത്തിയുള്ള സ്ഥലം ഏറ്റെടുപ്പിൽനിന്നു പിന്മാറി അധികാരികൾ ജനദ്രോഹപരമായ നടപടികൾ ഉപേക്ഷിക്കണമെന്നുമാണ് സമിതി ആവശ്യപ്പെടുന്നത്. “30 വീട്ടുകാർ ഇപ്പോൾ ഉൾപ്പെട്ടിട്ടുണ്ട്. അവരെ രക്ഷിക്കാൻ വേണ്ടിയിട്ട്, അവരുടെ വീട് കൂടി ഒഴിച്ചിടാൻ വേണ്ടിയിട്ട് ഞങ്ങൾ ഏതൊരറ്റം വരെയും പോകാൻ റെഡി ആണ്. അതിപ്പൊ നിയമപരമായായിക്കോട്ടെ, പ്രധിഷേധപരമായിക്കോട്ടെ ഏത് രീതിയിലും ഈ 30  വീട്ടുകാരെ ഞങ്ങൾ പ്രൊട്ടക്ട് ചെയ്യും.” ജോസ് ചുള്ളിക്കാരൻ കൂട്ടിച്ചേർത്തു.